ആകെ തണുപ്പിക്കുന്ന

അജ്ഞാതമായ
ഏതോ ദു:ഖങ്ങളാൽ
ചുട്ടുപൊള്ളുന്ന പ്രാണനെ
ആകെ തണുപ്പിക്കുന്ന
ചില ചുംബനങ്ങളുണ്ട്
വിടരുന്ന പൂവ്
കാറ്റിനതു കൊടുക്കുന്നു
അസ്തമയ സൂര്യൻ
കടലിൻ്റെ കവിളിലതു വെയ്ക്കുന്നു
രാത്രിയുടെ ഇരുട്ടു വിരലകളിൽ
താരകങ്ങൾ അവയെഴുതുന്നു
കാല്പനികമായ ഒരു തുള്ളിയായി
അവ പ്രാണനിൽ
ഇറ്റുന്നു
ഒറ്റത്തുള്ളി
ഒരു സമുദമായി പരക്കുന്നു
നമ്മുടെ ചുണ്ടുകൾക്കത്
തരാനാകില്ല ;
പ്രണയത്താൽ
ഇതളായും ജലമായും
മഴയായും മഞ്ഞായും
മാറാനാവാതെ .
- മുനീർ അഗ്രഗാമി

No comments:

Post a Comment