അമ്മ വീട്

അമ്മ വീട്
...................
പകലു നെയ്യുന്ന
മഴനൂലുകൾ പിടിച്ച്
ഒരു വൃദ്ധ
ഇപ്പോൾ വിരിഞ്ഞ പൂവിനോട്
ഓണത്തെ കുറിച്ചു
സംസാരിക്കുന്നു,
വീണുപോവാതെ.

കാലം ഒഴുകിപ്പോയ ചാലുകൾ
ചുളിവുകളായി
ഉടലാകെ ഉമ്മ വെയ്ക്കുന്നു
തളരാതെ അവ
തെളിയുന്നു .
അതിലൂടെ അറിയാതെ
ചിങ്ങമൊലിച്ചിറങ്ങുന്നു
ചുളിവുകളുടെ പ്രണയത്തിനും മുമ്പ്
ഇപ്പോൾ സംസാരിക്കുന്ന പൂവിൻ്റെ
മുതുമുത്തച്ഛൻ
ആദ്യാനുരാഗം പോലെ
ചിങ്ങപ്പുലരിയിൽ
കൈവിരലിലുമ്മവെച്ചത്
അവർ പൂവിനോട് പറയുന്നു
വാട്സപ്പിൽ ആശംസകളും
ഫോട്ടോകളുമായി
മക്കളും മരുമക്കളും
നിറഞ്ഞ് മൊബൈൽ ഫോൺ
സ്തംഭിച്ചു നിൽക്കുന്നു
പൂവിനടുത്തു നിന്ന്
മൊബൈലിനടുത്തേക്ക് അവർ പോയില്ല
കുട്ടികൾ കളിച്ചു
ബാക്കിയാക്കിയ ശൂന്യത പോലും
അടുത്തില്ല
പൂട്ടിയിട്ട വീട്ടിൽ ആ ശൂന്യത
തടവിലാണ്.
ഇപ്പോൾ
തടവു പോലുമത് തടവി നോക്കുന്നുണ്ടാവും
വൃദ്ധരൊരുപാടുണ്ട്
അപ്പുറത്തുമിപ്പുറത്തും
ഒരാൾ പഴയൊരു ലക്കോട്ടിനോട്
കരയുന്നു
ഒരാൾ ഒരു കുഞ്ഞിപ്പൂച്ചയോടു മിണ്ടുന്നു
ഒരാൾ കിടന്നു കരച്ചിലിനെ
സമാധാനിപ്പിക്കുന്നു
പലരും പലതിനോടും
ഉറ്റവരോടെന്ന പോൽ
മിണ്ടുന്നു
അവരാരോടുമൊന്നും പറയാതെ
വൃദ്ധ
പൂവിനോടു മാത്രം
പൂക്കളെ കുറിച്ചു പറഞ്ഞു
പൂക്കാലത്തെ കുറിച്ചു പറഞ്ഞു
കേട്ടു കേട്ടു പഴകിയ പ്രമേയമെങ്കിലും
പൂവു കേട്ടതു പോലെ
ആരുമിനോളമവരെ കേട്ടിട്ടില്ല
അതുകൊണ്ടാവാം
വൃദ്ധയിപ്പോൾ വൃദ്ധയല്ല
കുഞ്ഞു പൂവിൻ്റെ കുഞ്ഞു മുത്തശ്ശി മാത്രം
- മുനീർ അഗ്രഗാമി

No comments:

Post a Comment