ജൈവജാതകം

ജൈവജാതകം
..............................
തളിരിലകൾ
ആരോടും സംസാരിക്കാറില്ല
പച്ചിലകൾ
നിശ്ശബ്ദമായി ചിലപ്പോൾ
കാറ്റിനോടു മിണ്ടും

എന്നാൽ കരിയിലകൾ
ആരോടും സംസാരിക്കും,
വീഴുമ്പോൾ മണ്ണിനോട്
സലാം പറയും
ചവിട്ടുന്നവനെ ചീത്തപറയും
ഒരുമിച്ചിരുന്ന്
സങ്കടങ്ങൾ പങ്കുവെക്കും
കൈവിട്ട മരത്തെ ഓർത്ത്
കരയും
ജീവിതം പഠിപ്പിച്ച
ഭാഷയാണത്
അതിന് വ്യാകരണമില്ല
അനുഭവമേയുള്ളൂ
വറ്റിപ്പോയ ഞരമ്പുകളിൽ
കാലത്തിൻ്റെ രക്തം
കട്ടപിടിച്ചിട്ടുണ്ട്
ഒഴുക്കു നിലച്ച ഒരരുവിയുടെ
ആത്മകഥയാണ്
ഓരോ കരിയിലയും
മരം വരച്ച കുട്ടി
പച്ച
ഇളം പച്ച
നീല
മഞ്ഞ
എന്നിങ്ങനെ
നൃത്തം ചെയ്യന്ന നിറങ്ങളെടുത്ത്
ഇലകൾ വരച്ചു
കലരിയിലകൾ
അവൾ വരച്ചില്ല
അവൾക്ക് കരിയിലകളെ അറിയില്ല
അതിൻ്റെ ഭാഷ അറിയില്ല
തളിരില പോലെ ചിരിക്കുമ്പോൾ
അവളോട്
ചിത്രത്തിലെ മരം ചോദിച്ചു:
കുട്ടീ, നീയേതു വൃക്ഷത്തിലേതാണ് ?
- മുനീർ അഗ്രഗാമി

No comments:

Post a Comment