നദിയുടെ ജീവചരിത്രം

നദിയുടെ ജീവചരിത്രം
.......................................
ഉറങ്ങിക്കിടന്ന നദി
സ്കൂളിലേക്കെന്ന പോലെ
ഉണർന്ന്
ഇടവത്തി (നരികി)ലൂടെ
ഓടിപ്പോയി
മിഥുനത്തി (നിടയി)ലൂടെ
ഒഴുകിപ്പോയി

വിളിച്ചുണർത്തിയവരാരും
ഇപ്പോഴില്ല
ഒറ്റയ്ക്ക് ഒഴുകി
വളർന്നു വലുതായി
നദി നിറയുന്നതു നോക്കി
കർക്കടകം
നടന്നു.
കര കവിഞ്ഞു
നദീ തീരത്ത്
തുമ്പക്കാട്ടിൽ
ചിങ്ങം വന്നിരുന്നു
വിതുമ്പിയും വിങ്ങിയും
ഓണത്തിൻ്റെ നെഞ്ചിൽ
തല ചായ്ച്ചു
കന്നി വന്നു
കുടം നിറച്ച്
തിരിച്ചു പോയി
നദി ഓടിക്കൊണ്ടിരുന്നു
കിതച്ചും ചുമച്ചും
ഒഴുകിക്കൊണ്ടിരുന്നു
ഒരു കരയിൽനിന്ന മരങ്ങൾ
തളിരിലകളെ വിളിച്ച്
നദിയുടെ ഓട്ടം കാണിച്ചുകൊടുത്തു
മറുകരയിൽ നിന്ന്
നാട്ടുപൂക്കളെ വിളിച്ച്
ചെടികൾ പുഴ കാണിച്ചു കൊടുത്തു
കുംഭത്തിലേക്കാണാ നദി
പോകുന്നത്
നിറഞ്ഞിരുന്നാലും
പെളളി വറ്റുമത്.
പോകല്ലേ പോകല്ലേ
ജീവിതമേ എന്ന്
ജലമനസ്സ്
വിളിച്ചു
ജലകോശങ്ങൾ വിളിച്ചു
ഓർമ്മകൾ പോലെ
സമയയത്തിൻ്റെ
കൊഴിഞ്ഞ ഇലകളും ഇതളുകളും കൊണ്ട്
നദിയൊഴുകിക്കൊണ്ടിരുന്നു.
പഴയ പോലെ
അത്ര വേഗത്തിലല്ലാതെ .
- മുനീർ അഗ്രഗാമി

No comments:

Post a Comment