എൻ്റെ രാജ്യം സമുദ്രമാണ്

എൻ്റെ രാജ്യം സമുദ്രമാണ്
ധാരാളം മുദ്രകളുള്ളത്
തിരകളുള്ളത്
വമ്പൻ സ്രാവുകൾ മാത്രം
നീന്തിത്തിമർക്കുന്നത്
മുമ്പിവിടെ
പരൽ മീനുകളുണ്ടായിരുന്നു
വികസനം വലയുമായി വന്ന്
അവയെ പിടിച്ചു കൊണ്ടുപോയി
ഏതൊക്കെയോ കല്ലിടുക്കിലോ
ചെളിയിലോ ചിലത്
അവശേഷിക്കുന്നവയുണ്ടാകാം
അവയ്ക്ക് പഴമയുടെ മണമുള്ള
പേരുകളുണ്ടാവാം
വീശിയെറിയുന്ന വിമാനത്താവളമോ
കണ്ടെയിനർ ടെർമിനലുകളോ
അവയെ ഉടനെ പിടിച്ചു കൊണ്ടു പോകാം
സ്രാവുകൾ പല നിറങ്ങളിലുണ്ടായിരുന്നു
ഇപ്പോൾ നിറം മാറി
അവയിൽ ഭൂരിഭാഗവും
ഒരേ നിറത്തിൽ നീന്തുന്നു
ദേശസ്നേഹത്തിൻ്റെ ചുഴികളിൽ
അവ കളിക്കുന്നു
എൻ്റെ രാജ്യം സമുദ്രമാണ്
ആഴത്തിൽ കോർത്തെറിയുന്ന ചൂണ്ടലിൽ
കുടുങ്ങി കൊല്ലപ്പെട്ടവരുടെ
ഓർമ്മകൾ മുങ്ങിമരിച്ച ഇടം.
വമ്പൻ സ്രാവുകൾ
ഓർമയുടെ ജഡം തിന്നു തീർക്കുന്നത്
ഞാൻ കാണുന്നു
സ്വന്തം രാജ്യത്തിനുള്ളിൽ
ചിപ്പിക്കുള്ളിൽ ഞാൻ
അഭയാർത്ഥിയായി കഴിയുന്നു
മുത്തേ എന്ന് വിളിച്ച്
അതെന്നെ സംരക്ഷിക്കുന്നു
ഭൂപടത്തിൽ ഒരിടത്തും
ആരും കാണാത്ത രാജ്യങ്ങളുണ്ട്
മൂക്കറ്റം മുങ്ങിയവർ
തിരിച്ചുവരാനാവാതെ
മുഴുവൻ മുങ്ങിപ്പോയ മഹാസമുദ്രം
അതുകൊണ്ട്
ഇനി വരും കാലം
അതിരുകളുള്ള
ഒരു രാജ്യത്തിലേയും പൗരനാവില്ല ഞാൻ .
- മുനീർ അഗ്രഗാമി

No comments:

Post a Comment