എന്നെയൊന്ന് വന്നു നോക്കണേ

എന്നെയൊന്ന് വന്നു നോക്കണേ
....................
ഇന്റർലോക്ക് ചവിട്ടിത്താഴ്ത്തിയ
തുമ്പച്ചെടികളേ
മാനുഷരോടൊന്നുപോലെ ചിരിച്ച
മഹാവെൺമകളേ ,
മുക്കുറ്റികളേ
ഓർമ്മ മഞ്ഞകളേ,
പച്ചപ്പുല്ലുകളേ,
പച്ചജീവിതമേ
വർഷത്തിലൊരിക്കൽ
എന്റെ മുറ്റത്ത് വന്നിട്ട് പോകണേ

കർക്കിടക മഴ
തിരഞ്ഞിറങ്ങിയ കുഞ്ഞു വഴികളിലൂടെ
ഏതു പാതാളത്തിലാണെങ്കിലും
ഒന്നു വന്നിട്ടു പോകണേ!
എന്നെ കുഞ്ഞാക്കി മാറ്റുവാൻ
ഒന്നു ചിരിച്ചിവിടെ
നിന്നിട്ടു പോകണേ!
അന്നൊരവധിക്കാലത്ത്
പുലർകാല മഞ്ഞിൽ മൊട്ടിട്ട സൗഹൃദം
ഇന്നുമുണ്ടുള്ളിൽ
പൂക്കളമിടുന്നു
കൂടെയെന്ന് കുന്നുകയറി വന്നവരാരും
 കൂട്ടിനില്ലെങ്കിലും എന്നെയൊന്ന് വന്നു നോക്കണേ
അല്പനേരം നിന്നു നോക്കണേ !
ഫ്ലാറ്റിലേക്ക് കയറും വഴി
വറ്റിപ്പോയ കണ്ണുകൾ
ജലസമൃദ്ധമാകുമന്നേരം;
മഞ്ഞുതുള്ളികളാണവ
നിങ്ങളെ കണ്ട സന്തോഷത്താൽ
ഇലകളിലേക്ക് ഇറ്റി വീഴുവാൻ പെയ്തുപോയതാണവ .
- മുനീർ അഗ്രഗാമി

No comments:

Post a Comment