തെരുവുകൾ വെടിയേറ്റു പിടഞ്ഞു

തെരുവുകൾ
വെടിയേറ്റു പിടഞ്ഞു
*************************
തെരുവുകൾ
വെടിയേറ്റു പിടഞ്ഞു
രാജ്യത്തിൻ്റെ രക്തം
വാർന്നൊഴുകി
അരുത് കാട്ടാളാ!
എന്ന പഴയ അപേക്ഷ
ഓരോ മനുഷ്യനും
പറഞ്ഞു പോയി
കലാപത്തിൽ
സന്തോഷവും സമാധാനവും
എരിഞ്ഞു
സഹോദരൻ്റെ കണ്ണു പോയി
അയാൾക്ക്
എന്നെയും എൻ്റെ പെണ്ണിനെയും
തിരിച്ചറിയാതായി
അവൻ ആഞ്ഞുവീശിയ വാളിനാൽ
അമ്മയുടെ മുലയറ്റു
അവനെയുമെന്നെയും
ആദ്യ മൂട്ടിയ വിരലറ്റു
ആൾ ദൈവങ്ങൾ
എല്ലാം കണ്ടു നിന്നു
നശിപ്പിക്കുന്നതു തടയാനോ
കരിഞ്ഞു പോയ ഉറുമ്പിനെ
ജീവിപ്പിക്കാനോ
പുതിയതൊന്നും
ഉണ്ടാക്കാനോ അവർക്കായില്ല
കൊട്ടാരമായ ആശ്രമത്തിൽ നിന്നും
ബുദ്ധനെ പോലെ അവരിറങ്ങി വന്നില്ല
രാജ്യമുപേക്ഷിച്ച് രാമനെ പോലെ
കാട്ടിലേക്ക് അവർ പോയില്ല
നഗരങ്ങൾ ഭസ്മമാകാതിരിക്കാൻ
നിറപ്പകിട്ടിൻ്റെ ഉടയാടകളിൽ നിന്ന്
ഗാന്ധിയെ പോലെ
ലളിതമായ ഒരു മനുഷ്യനായിപ്പോലും
ഇറങ്ങി വരാൻ അവർക്കായില്ല
അവർ എവിടെയുമുണ്ട്
സിംഹാസനങ്ങളിൽ
രാഷ്ടീയക്കസേരകളിൽ
ആശ്രമങ്ങളിൽ
ആനന്ദവിഹാരങ്ങളിൽ
ജയിലിൽ, ജനപദങ്ങളിൽ ...
രാജ്യം കത്തിയെരിയുമ്പോഴും
അവർ വീണ വായിച്ചു കൊണ്ടിരിന്നു
ഉടലു കത്തിയെരിയുമ്പോഴും
അനുയായികൾ
അതു കേട്ട് തലയാട്ടിക്കൊണ്ടിരുന്നു.
- മുനീർ അഗ്രഗാമി

No comments:

Post a Comment