ഒറ്റയ്ക്കാകുമ്പോൾ

ഒറ്റയ്ക്കാകുമ്പോൾ
...................................
വെറുതെ നിൽക്കുമ്പോളൊരു
പഴങ്കഥ വന്നു
കുത്തിയാലെന്തു ചെയ്യും?
അമ്മേയെന്നൊരു വിളി
കാറ്റു പോലെയന്നേരം
വന്നതിനെ കുറ്റിയിൽ
പിടിച്ചുകെട്ടുമോ ?
പുളളിപ്പയ്യേ,
കുട്ടനോടെന്തിനാ കുറുമ്പെന്നൊരു
വാത്സല്യമതിനെ തലോടുമോ ?
പുല്ലു കെട്ടുമായ്
മിനിച്ചേച്ചി വന്നതിൻ്റെ
കുറുമ്പൊക്കെയും തീർക്കുമോ ?
ഒറ്റയാവില്ല നീയെന്നു ചൊല്ലുവാൻ
വെള്ളക്കൊക്കുകൾ
അടുത്തു വന്നു നിൽക്കുമോ ?
ഒറ്റയ്ക്കാകുമ്പോളൊരു പഴങ്കഥ
പിന്നിൽ വന്നു നിന്നു
കുത്തിയാലെന്തു ചെയ്യും ?
മുന്നിലേക്കായാതെയേതോ
വിഭ്രമത്താൽ മെല്ലെ
പിന്നിലേക്കതിൽ വീണു ലയിക്കുമോ ?
- മുനീർ അഗ്രഗാമി

No comments:

Post a Comment