നീയും ദൈവവും

ഒരറ്റത്ത് ദൈവം.
ഒരറ്റത്ത് നീ
നടുക്ക് അനന്തമായ
മരുഭൂമി
നീയും ദൈവവും
മുഖാമുഖം നോക്കി നിൽക്കുന്ന
മരുഭൂമിയിലൂടെ
ഒരു മഴയായി
നടക്കണം
ദൈവത്തിലേക്ക്
വളരുന്ന പുല്ലുകളുടെ
ഇലഞരമ്പിലെ
ആർദ്രതയാവണം
നിന്നിലേക്ക് വിടുന്ന
പൂക്കളിൽ
തേനായിരിക്കണം
മേഘങ്ങളേ
അങ്ങോട്ടു കൊണ്ടു പോകൂ
കാറ്റുകളേ
അവിടെയെത്തിക്കൂ
തപിച്ചു പൊളളിയും
നീരാവിയായി അലഞ്ഞു.
ആകാശത്തും മണ്ണിലും
ചൂടിലും തണുപ്പിലും കിടന്നു
ഗുരു പറഞ്ഞു ,
അതിമോഹം വേണ്ട
മരുഭൂമിയുടെ വിശാലത
നിനക്കറിയില്ല
അത് നിന്നെ
കുടിച്ചു വറ്റിക്കും
ആഗ്രഹം കുറച്ചു
ഗുരുവിനൊപ്പം നടന്നു
മനസ്സു പറഞ്ഞു
എനിക്ക് പെരുമഴയാവേണ്ട
എങ്കിലും
ഒറ്റത്തുള്ളി മഴയാവണം
നിൻ്റെ നോട്ടവും
ദൈവത്തിൻ്റെ നോട്ടവും
കൂട്ടിമുട്ടുന്ന ബിന്ദുവിൽ
ഒരൊറ്റ ത്തുള്ളിയായി
ഇറ്റി വീഴണം
വറ്റിത്തീർന്നാലും
പുകഞ്ഞു തീർന്നാലും
ദൈവത്തിൻ്റെ മുന്നിലല്ലേ
നിൻ്റെ മുന്നിലല്ലേ !
ഈ പാവം
പച്ചപ്പുകൾക്ക്
അതറിയില്ലല്ലോ .
- മുനീർ അഗ്രഗാമി

No comments:

Post a Comment