വാക്കുകളുടെ കടൽ

വാക്കുകളുടെ കടൽ
...................................
വാക്കുകളുടെ കടൽ
തിരകളുടെ തഴുകൽ
ആഴത്തിൻ്റെ നൃത്തം

തീരത്തിരുന്നു,
നിറഞ്ഞ നീല
സായന്തനസ്വർണ്ണം
നിലാവെള്ളി
രാക്കറുപ്പ്
ആനന്ദത്തിൻ്റെ
മഴവില്ല്
നിറങ്ങൾ
വരച്ചു കൊണ്ടിരുന്നു.
തീരത്തിരുന്നു കൊണ്ട്
കേൾവിക്കാരനായി
വെളിച്ചത്തിൽ കാഴ്ചയായും
ഇരുട്ടിൽ സംഗീതമായും
വാക്കുകൾ മാറിക്കഴിഞ്ഞു
ആഴമറിയുന്നവർക്ക്
കടൽ മറ്റൊരു ലോകമാണ്;
ദ്വീപുകളിലെത്തുന്നവർക്കും
എനിക്ക് കടലിൻ്റെ ആഴമറിയില്ല
വാക്കുകളുടെ നഗ്നതയിൽ
നിലാവ് പച്ചകുത്തുന്ന
മീനുകളുടെ
പേരറിയാം.
അവയ്ക്കൊപ്പം നീന്തി നടന്നു
കുളിരറിഞ്ഞു
അതു കൊണ്ട്,
പറയുക,
സംസാരിക്കുക
തിരയടിക്കട്ടെ
കാറ്റും കോളുമേറട്ടെ
പുതു കടലുകൾ പിറക്കട്ടെ!
വായനയുടേയും
കേൾവിയുടേയും
കടലുകൾ പിറക്കട്ടെ!
- മുനീർ അഗ്രഗാമി

No comments:

Post a Comment