മാന്തണൽ

 മാന്തണൽ

..................
നിറയെ പൂത്തുനിൽക്കും
മാഞ്ചോട്ടിലെന്നാത്മാവിൻ
പൂവുകൾ നിന്നെയോർത്തു
തെല്ലിട വിടർന്നു പോയ് !
മുമ്പൊരു മാമ്പഴക്കാലം
ഒരുമിച്ചു രുചിച്ചു,
നാം വേനൽ കടന്നതും
മഴ നീന്തിക്കേറിയതും,
ഋതുപ്പകർച്ചകളും
ഗ്രാമവും നമുക്കൊപ്പം
കരിയിലകളായെ -
ങ്ങോ പറന്നു പോയതും
ചലച്ചിത്ര രംഗമായ്
മാറി മാറിക്കടന്നു
പടർന്നു പോയ് സ്വപ്നങ്ങൾ
മനസ്സിലും മണ്ണിലും
ദീനനായേകനായീ
വെയിലേറ്റു തളർന്നു
തണൽ തേടിപ്പോകവേ
തേനീച്ചകൾ പറഞ്ഞു ,
കുതറിയോടിയിട്ടും
നിന്നെ കാണുവാനായ്
കാത്തിരിക്കുന്ന മാവിൻ
മടിയിലിരുന്നാലും
എത്തവേ വാത്സല്യത്താൽ
ചേർത്തെന്നെ പിടിക്കുമീ
മാമ്പൂവിൻ മണമമ്മ
മാന്തണലമ്മൂമ്മയും.
നീയില്ലയെങ്കിലും ഞാൻ
നിറയെപ്പൂത്തുവല്ലോ
നിൻ വരവിനു കനി -
യാവോളം രുചിക്കുവാൻ.
-മുനീർ അഗ്രഗാമി

No comments:

Post a Comment