പാറക്കല്ലു പറഞ്ഞു പാടൂ

 പാറക്കല്ലു പറഞ്ഞു

പാടൂ
'......,.,........
ഇന്ന് രാവിലെ
ഞാൻ വീണ്ടും കുട്ടിയായി
പണ്ടു പഠിച്ച ഒരു കവിത
മടിപിടിച്ചു കിടന്ന
എന്നെ വിളിച്ചുണർത്തി
കെപിടിച്ചു
സ്കൂളിലേക്ക് നടന്നു
പാടം കടന്നു
നീലാകാശത്തിന്റെ
പീലികൾ വീണ്ടും കണ്ടു
വഴി മറന്ന് വയലിൽ
പുതിയതായി പൊങ്ങിയ
ഫ്ലാറ്റിനു മുമ്പിൽ തരിച്ചു നിന്നു പോയി
വാ കുരുവീ വരു കുരുവീ
എന്നു വിളിച്ച
കുരുവികൾ വന്നു
വഴി പറഞ്ഞു തന്നു
ചെന്നു നോക്കുമ്പോൾ
പഴയ സ്കൂളില്ല
അരമതിലിന്റെ
എളിയിലിരുന്നത് ഓർത്തു
പൂട്ടിക്കിടക്കുന്ന കഞ്ഞിപ്പുര കണ്ടു
നെല്ലിമരവും
ചാമ്പ മരവും കണ്ടില്ല
നിറയെ കട്ട പാകിയ മുറ്റത്ത്
മറ്റൊരു ലോകത്തെന്ന പോലെ നിന്നു
മതിലിനരികിൽ കണ്ട
ഉരുണ്ട പാറക്കല്ല് മാത്രം ചിരിച്ചു
പരിചയത്തോടെ ചോദിച്ചു
ഓർമ്മയുണ്ടോ ?
അതിനെ തൊട്ടു നിന്നു
എന്റെ വിരൽപ്പാടതിന്റെ
ഹൃദയത്തിൽ കണ്ടു
ഞാനും പാട്ടും
അതിന്റെ മടിയിലിരുന്നു
ഒരിക്കൽ വിയർത്തു വീണ
ഡ്രില്ലിന്റെ പിരീട്
വെറുതെ നിവർത്തി നോക്കി
ഒരപ്പൂപ്പൻ താടി പറന്നു വന്നു
പറന്നു പോയ ഒരു കാലത്തിന്റെ തൂവലാണത്
ഞങ്ങൾ രണ്ടു പേരുമതു നോക്കി നിന്നു
പാറക്കല്ലു പറഞ്ഞു
പാടൂ ,
പാടൂ
പഴയ ഓർമ്മകൾ പാടൂ
അവരെന്നെ പൊട്ടിച്ച്
പുതിയ പ്ലസ് ടു ബ്ലോക്കിന്റെ
സിമന്റിനുള്ളിൽ ഒളിപ്പിക്കും മുമ്പ്.
- മുനീർ അഗ്രഗാമി

No comments:

Post a Comment