മറവി
.......
മറവി രണ്ടു കൊക്കുകളാണ്
ഞാനോ
ഓർമ്മയുടെ തടാകത്തിലെ ആമയും.
പെയ്ത കാലങ്ങൾ വറ്റുന്ന നട്ടുച്ചയ്ക്ക്
രണ്ടു കൊക്കുകൾ തേടി വന്നു
നിറയെ ഓർമ്മകൾ പെയ്യുന്ന
മറ്റൊരു തടാകത്തിന്റെ
ചിത്രം കാണിച്ച്
എന്നെയും കൊണ്ടു പറന്നു.
അന്നാണ് നിന്റെ ജന്മദിനം
ഞാൻ മറന്നു പോയത്
ഇനിയും ജനിക്കാത്ത രണ്ടു പൂമ്പാറ്റകളാണ്
നാമെന്ന് വെറുതെ
ഓർത്തതിന്റെ പിറ്റേന്ന്
ഇനിയും മരിക്കാത്ത രണ്ടു പൂവുകളാണ്
നാമെന്ന്
മറക്കാതിക്കാൻ
പൂക്കാലം തേടിപ്പോവാനിരുന്ന ദിവസത്തിന്
തൊട്ടുമുമ്പ്
മറവിയുടെ ചിറകുകൾ ഉയർന്നു
ആകാശവും ഭൂമിയും
മറവിയുടേതെന്ന പോലെ
കിടന്നു
പഴങ്കഥയുടെ രണ്ടറ്റത്തും
കൊറ്റികൾ കടിച്ചു പിടിച്ചിരുന്നു
നടുക്ക് ഞാനും കടിച്ചു പിടിച്ചിരുന്നു
നിന്റെ ഓളങ്ങളിലേക്കുള്ള
പറക്കലാണ്
ഈ മറവി ചതിക്കുമോ
എന്നറിയാതെ.
വർത്തമാനകാലം
നീ എന്നെയോർത്തു പെയ്ത് നിറയുന്ന
തടാകമാണ്
ഞാൻ മറവി എടുത്തു പറക്കുന്ന
ആമയും
അതു കൊണ്ട്
ഞാനോ നീയോ ഇതുവരെ ജനിച്ചിട്ടില്ല
അതുകൊണ്ട്
ഓരോ കണ്ടുമുട്ടലും ഓരോ ജന്മദിനം.
-മുനീർ അഗ്രഗാമി
No comments:
Post a Comment