ണ - മുനീർ ‍ അഗ്രഗാമി

 

===
മുനീർ അഗ്രഗാമി
--------------------
ണ രണ്ടു കാലുള്ള ആനയാണ്
പ്രണയത്തിൻറെ നടുക്കത്
നഗ്നമായി നിൽക്കുന്നു
മരണത്തിൻറെ ഒടുക്കം
ഒരു കണ്ണീർത്തുള്ളിക്കൊപ്പവും
അതിൻറെ കൊമ്പുകളെവിടെയെന്ന് സംശയം തോന്നാം
പ്രണയത്തിൽ നിൽക്കുമ്പോൾ
ഏതു കൊമ്പനാണ്
കൊമ്പുകൾ പുറത്തെടുത്തിട്ടുള്ളത് ?
മരണത്തിൽ കിടക്കുമ്പോൾ
ഏതു വീരനാണ് കൊമ്പുകൾ പുറത്തുകാണിക്കാനാവുക?
ഓരോരോ വാക്കിലും
അതിനോരോ ഭാവമാണ്
നാണയത്തിൽ അത് നിവർന്നു നിൽക്കുന്നു
പണയത്തിൽ തലകുനിച്ചും
ന യെ പോലെ മലർന്നു കിടന്നാലോ
സ യെപോലെ തിരിഞ്ഞു കിടന്നാലോ
അതിനു മറ്റൊരു സാധ്യതയില്ല
അതുകൊണ്ട് താൻ താമസിക്കുന്ന വാക്കിൽ
അർത്ഥമോർത്ത് ണ നിസ്സഹായനായി നിൽക്കുന്നു
കണ്ണീരിൽ അത് നില തെറ്റാതിരിക്കാൻ
തന്റെ തന്നെ ആനപ്പുറത്ത് കയറുന്നു
നുണയിൽ അത് തന്നെത്തന്നെ നുണയുന്നു
നോക്കൂ
തന്റെ തുമ്പികൈയ്യിൽ
എത്ര സൂക്ഷ്മതയോടെയാണ്
വാക്കിൻറെ സത്തയെ അത്
ചുരുട്ടിപ്പിടിച്ചിരിക്കുന്നത് !
ണയുടെ കാലിനിടയിലൂടെ
ഞാൻ ഭാഷയിലേക്ക് നൂണു കടക്കുന്നു;
ഭാഷ എന്നിലേക്കും
**********
മാതൃഭൂമി ആഴ്ചപ്പതിപ്പ്

No comments:

Post a Comment