ഋതുവാകൽ
....................
ഇലപൊഴിക്കുന്നത്
മരങ്ങൾ
മാത്രമല്ല
മനുഷ്യരും നദികളും
ദേശങ്ങളും
അങ്ങനെ ചെയ്യാറുണ്ട്
ചിലപ്പോൾ
തണുത്ത് മരവിച്ച്
നിൽക്കുന്നതിന്റെ
തൊട്ടുമുമ്പ്
ചിലപ്പോൾ
വേനൽ വരുമെന്ന്
അറിയിപ്പ് കിട്ടിയ പോലെ
പൊടുന്നനെ
ചിലപ്പോൾ
അത്രയും പ്രിയപ്പെട്ടൊരാൾ
ചൂടാകുമ്പോൾ
ഇലകൾ കത്തിപ്പോകുമെന്ന്
ഭയന്ന്
ചിലപ്പോൾ
വന്നവരൊക്കെ
പിരിഞ്ഞു പോകുന്ന സന്ധ്യയിൽ
അവരെ നോക്കി നോക്കി നിന്ന് .
ഇലപൊഴിഞ്ഞ നദിയിൽ
മണൽ ശിഖരങ്ങളിലൊന്നിൽ
ഒരു കിളിയെ പോലെ
ഞാനിരുന്നു
ഇലകൾ പോലെ
തൂവലുകൾ
കൊഴിഞ്ഞു കൊഴിഞ്ഞു പോയി
മരവും
നദിയും
ഞാനും
ഒരേ പോലെ
നഗ്നരാകുവാൻ ശ്രമിക്കെ
സമ്മതിക്കാതെ
മഞ്ഞു പെയ്തു
നിറയെ വെളുത്ത
ഇലകളുള്ള മഹാവൃക്ഷമാണ്
മഞ്ഞുകാലം.
മരം കുത്തനെ നിൽക്കുന്ന
അതിന്റെ കൊമ്പ്.
നദി വിലങ്ങനെ നീളുന്ന
ഒരു ശിഖ.
ഞാൻ ഇളകുന്ന
കുഞ്ഞു കവരം
തളിരിലകൾ വിരിഞ്ഞു കൊണ്ടിരുന്നു
ഇലകളില്ലാതെ
ഒറ്റയാണെങ്കിൽ
ഞങ്ങളോടു ചേരുക
ഒരുമിച്ച്
ഋതുവാവാനുള്ള
അവസരമാണ്.
പാഴാക്കാതെ !
-മുനീർ അഗ്രഗാമി
No comments:
Post a Comment