അളവ്-മുനീർ അഗ്രഗാമി

 അളവ്

............
ഒരു രാത്രി കൊണ്ട്
മറ്റൊരു രാത്രിയെ അളക്കാനാവുമോ ?
ഉണ്ടെങ്കിൽ ഞാൻ ഒന്നിൽ നിന്ന്
രണ്ടിലേക്ക് ജയിക്കുന്ന പ്രക്രിയയാണ് പകൽ
ഇല്ലെങ്കിൽ കാട്ടുപോത്തിന്റെ
രണ്ടു കൊമ്പുകളിൽ
വന്നിരിക്കുന്ന കിളികളുടെ തൂവൽ
ഞൊറിഞ്ഞു കൊടുക്കുന്ന
ആയയാണ് ഇരുട്ട്
ചുവന്ന ചിറകടികൾക്കിടയിൽ
നടക്കുന്ന വെളുത്ത ജീവിയാണ് സൂര്യൻ
എന്നും വന്നു പോകുന്നത്
ഒരേ ഇരുട്ടല്ലെന്ന്
എനിക്ക് തോന്നിത്തുടങ്ങിയ അന്ന്
നീ എന്നെ വിട്ടു പോയിരുന്നു
ഒരിരുട്ടിന് എന്നും വന്നാലെന്താ എന്ന്
നീ തളർന്നുറങ്ങിയ
ഓർമ്മയുടെ കിടക്ക
എന്നോട് ചോദിക്കുന്നു
ഓരോ രാത്രിക്കും
ഓരോ വിരലടയാളമാണ്
നീ തിരിച്ചു വന്ന അന്ന്
എനിക്കതു മനസ്സിലായി
നിനക്ക് അതെളുപ്പം തിരിച്ചറിയാനായി
എന്റെ ഉടലിൽ ഓരോ രാവും പതിച്ച
വിരൽ മുദ്രകൾ
നീ കണ്ടു
കല്ലറയിലിരുന്ന്
ഒരു രാത്രി കൊണ്ട് മറ്റൊരു രാത്രിയെ
മരിച്ചവർ അളക്കുന്നു
അവർക്കതു ചെയ്യാം
നമ്മുടെ അളവു പാത്രത്തിൽ
നൃത്തം ചെയ്യുന്ന ഒരു രാത്രിയെ അളന്ന്
പകലിനടിയിലേക്ക് ഒഴിക്കവേ
മറ്റൊരു രാത്രി യുദ്ധം ചെയ്ത് വരും
അളവുപാത്രം തകർത്ത്
അത് മുറ്റത്തു നിൽക്കും
അതിന്റെ പുറത്ത്
നിലാവ് ഇരിക്കുന്നുണ്ടാവും
കുളമ്പടികൾ എന്റെ നെഞ്ചിലും.
-മുനീർ അഗ്രഗാമി

No comments:

Post a Comment