ജന്മദിനം

 ജന്മദിനം

.................
ഉച്ചയ്ക്ക് 2.15 ന്
എന്റെ ജന്മദിനത്തിലെ
അതിഥിയായി ഉറക്കം വന്നു.
സോഫാ സെറ്റിയിൽ ഇരുന്നു
ഊണുകഴിഞ്ഞ് ഇരിക്കുക്കുന്നവരോട്
പലതും സംസാരിച്ച്
രണ്ടുപേരെ
ഉച്ചവെയിലിലേക്ക് ഇറക്കിവിട്ടു.
നാലുപേർക്കൊപ്പം
മുകളിലെ മുറി വരെ നടന്നു
കേരംബോർഡ് കളിക്കാനറിയാത്തതിനാൽ
തിരിച്ചു വന്ന്
എന്റടുത്തിരുന്നു
അത്രമേൽ പ്രിയപ്പെട്ടൊരാൾ വരാനുണ്ടെന്ന്
ഞാൻ പറഞ്ഞില്ലേ,
അതിയാളാണെന്ന്
എല്ലാവരോടും വിളിച്ചു പറയാൻ തോന്നി
പക്ഷേ പറഞ്ഞില്ല
ഒപ്പമിരുന്ന് പായസം കുടിച്ചു.
കുറച്ചു കൂടി കുടിച്ചു
കുറച്ചു കൂടി
കുറച്ചു കൂടി കുടിച്ചു
കൺപീലികളിൽ ഉമ്മ തന്നു
ഇത്രമേൽ സ്നേഹത്തോടെ
എന്നെ ഉമ്മ വെയ്ക്കാൻ മറ്റാരുമില്ലല്ലോ
എന്നോർത്തു
കണ്ണു നിറയുമ്പോലെ തോന്നി
അമ്മയെ ഓർത്തു
അച്ഛനെ ഓർത്തു
ഇങ്ങനെസെന്റിയാവല്ലേ എന്നു പറഞ്ഞ്
അതല്പം മാറിയിരുന്നു
ഞാൻ കരഞ്ഞു
അപ്പോൾ അടുത്തുവന്ന്
കണ്ണു തുടച്ചു തന്നു.
മരണം കെട്ടിയ ഊഞ്ഞാലിലിരുന്ന്
അച്ഛനുമമ്മയും ജന്മദിനാശംസകൾ പറഞ്ഞ്
തമ്മിൽ നോക്കി
പുഞ്ചിരിക്കുന്നതു കണ്ടു
എനിക്ക് വീണ്ടും കരച്ചിൽ വന്നു
കണ്ണു തുറക്കാൻ സമ്മതിക്കാതെ
അതെന്റെ കണ്ണിൽ ചുണ്ടു ചേർത്തു പിടിച്ചു
അമ്മ നെറ്റിയിൽ തൊട്ടു
നീ പായസം കടയിൽ നിന്നും
വാങ്ങേണ്ടി വന്നല്ലോ എന്ന്
സങ്കടപ്പെട്ടു.
കയ്യിൽ ഒരു പൊതിയുമായ് നിന്ന്
അച്ഛൻ എന്നെത്തന്നെ നോക്കുന്നുണ്ടായിരുന്നു
എന്നെപ്പോലെത്തന്നെ
ഇത്തിരി തടി കൂടി എന്നു പറഞ്ഞ്
മറഞ്ഞു പോയി
അച്ഛന്റെ അസാന്നിദ്ധ്യത്തിൽ
ചുറ്റുമുള്ളതെല്ലാം മങ്ങി
ഗതി കിട്ടാതെ നിൽക്കുമ്പോൾ
നിനക്ക് ഞാനുണ്ടെന്ന് പറഞ്ഞ്
അതെന്നെ ചേർത്തു പിടിച്ച്
സോഫയിലിരുന്നു
എത്ര നേരമെന്നറിയില്ല
സമയം നോക്കാൻ
ഞങ്ങൾ രണ്ടു പേർക്കും
തോന്നിയില്ല
- മുനീർ അഗ്രഗാമി

No comments:

Post a Comment