ദൂരത്തെ കുറിച്ച്

  ദൂരത്തെ കുറിച്ച്

.............................................

ദൂരത്തെ കുറിച്ച്

എനിക്ക് സംസാരിക്കാൻ തോന്നുന്നു
നീ അതിന്റെ ഒരറ്റം പിടിച്ച്
എന്നെ ഇളക്കുമ്പോൾ
ആകാശത്തിന്റെ ചില്ലയിൽ
കുടുങ്ങിയ പട്ടത്തിന്റെ ഗതി
ശരിയാക്കുമ്പോലെ.
ദൂരം ഒരു വാഴയില
അതിന്റെ വക്കിലൂടെ
നടന്നുപോകുന്നു ഞാനും നീയും
രണ്ടു ദിക്കിലേക്ക് നോക്കി നിൽക്കുന്ന
വക്കുകളുടെ കൺതടത്തിൽ
നാം വിശ്രമിക്കുന്നു
ദൂരം കാത്തിരിപ്പു കൊണ്ട് അളന്ന്
തീരുന്നില്ലല്ലോ എന്ന്
പരിഭവം
ഒരേ പാട്ട് ഒരേ സമയം കേട്ട്
ദൂരം കുറയ്ക്കാൻ ശ്രമിച്ചിട്ടും
പാട്ടിന്റെ വരികൾ
അകന്നകന്നു പോകുന്നു
ദൂരത്തെ കുറിച്ചുള്ള
ഓരോ സംസാരവും
അടുപ്പത്തെ കുറിച്ചുള്ളതാണ്
നീയതു കേൾക്കുമ്പോൾ
എത്ര നടന്നകന്നു എന്നല്ല
എത്ര നടന്നടുത്തു എന്നാണ്
ദൂരം കാതിൽ മന്ത്രിക്കുക.
ഉപേക്ഷിക്കേണ്ടി വന്ന
ആലിംഗനങ്ങൾ
ദാഹങ്ങളുടെ പറവകൾ തന്നെ
ഏറ്റവും ദൂരം പറക്കുന്ന പക്ഷികൾ
അവയല്ലാതെ മറ്റൊന്നുമല്ല
ദേശാടനത്തിന്റെ
മണൽപ്പരപ്പിൽ നിന്നും
ആപക്ഷി
നാം സഞ്ചരിക്കുന്ന ഇല
കൊത്തിപ്പറക്കുന്നു
- മുനീർ അഗ്രഗാമി

No comments:

Post a Comment