മരുഭൂമിയിലെ പക്ഷികൾ

 മരുഭൂമിയിലെ പക്ഷികൾ

.............................................
മരുഭൂമിയിലെ പക്ഷികൾ
നദികളുടെ നാട്ടിലേക്ക്
മരുഭൂമിയുടെ വിത്തുകൾ
കൊത്തിക്കൊണ്ടു വരുന്നു
നഗരത്തിലെ ഏറ്റവും ഉയർന്ന
കൽമരത്തിന്റെ കൊമ്പിൽ
ഏറ്റവും തണുത്ത ശിഖരത്തിലിരുന്ന്
ചില്ലുജാലകത്തിലൂടെ
എന്റെ നായ
അവ പറക്കുന്നത് കാണുന്നു
വെന്തു കിടക്കുന്ന നഗരത്തിന്റെ മണം
ഉയർന്നു പോകുന്ന വഴിയിൽ
അവ അൽപ നേരം വട്ടമിടുന്നു
വിമാനങ്ങൾ
അദൃശ്യമായ ചിലന്തിവലയുടെ
നാരുകളിലൂടെ
മരുഭൂമിയിലേക്ക് പറക്കുന്നു
എന്റെ നായ പക്ഷികളെ പിടിക്കാനോടുന്നു
വെയിലതിനെ റാഞ്ചുന്നു
മരുഭൂമിയിലെ പക്ഷികൾ
എന്റെ നദീതടത്തിൽ ഇരിക്കുന്നു
സമയ ബോധമില്ലാതെ
അവ ചിറകൊതിക്കിയിരിക്കുന്നതു കാണാൻ
എന്റെ ഒഴുക്കവിടെയില്ല
ഒഴുക്കെങ്ങോട്ടാണ് പറന്നു പോയത് ?
ദേശാടനപ്പക്ഷികളെ പോലെ
ഒഴുക്ക് തിരിച്ചു വരുമോ ?
മരുഭൂമിയിലെ പക്ഷികളുടെ
എണ്ണം കൂടുന്ന സമയത്തിന്റെ വിരലുകൾ
വിത്തുകൾ വിതച്ചു കൊണ്ടിരുന്നു
അസ്വസ്ഥമായ ഒരു പകൽ
കറുത്ത നലവിളി പുതച്ച്
പെട്ടെന്ന്
രാത്രിയായിത്തീർന്നു.
എന്റെ നായ തിരിച്ചു വന്നില്ല
കറണ്ടും വന്നില്ല
- മുനീർ അഗ്രഗാമി

No comments:

Post a Comment