ഇപ്പാൾ കത്തിത്തീർന്ന
ഈ കാടിനെ കുറിച്ച്
വെന്തുപോയവരുടെ ഭാഷയിൽ
വായിക്കുക
ജലത്തിന്റെ ഭാഷയോ
പച്ചയുടെ ഭാഷയോ പഠിച്ചവന്
വനത്തിന്റെ മാതൃഭാഷയറിയില്ല
വനത്തിന്റെ മാതൃഭാഷയറിയുന്ന
ഒരില പോലും ബാക്കിയില്ല
മറന്ന ഒരു വനകഥയുടെ ചാരം
പാറുന്നുണ്ട്
അതു കൊണ്ട്
ആരോടു ചോദിച്ചു പഠിക്കും
ഭാഷകൾ?
വെന്തവർ അവരുടെ ഭാഷയിൽ
വേദനിക്കുക മാത്രമാണ് ചെയ്യുന്നത്
മറ്റൊരാളിലേക്ക്
അത് വിവർത്തനം ചെയ്യുക സാദ്ധ്യമല്ല
ഒരു മരത്തിന്റെ വിത്തിനു ചിലപ്പോൾ
സാധിച്ചേക്കും
മരിച്ച ഒരു ഭാഷയെ വീണ്ടുമെഴുതാൻ
നെൽവിത്ത്
മനുഷ്യന്റെ ജീവിതത്തിൽ
ആദിമമായ ഒരു ഭാഷ
എന്നു മെഴുതുമ്പോലെ.
ഒരു വിത്തു കൊണ്ടു വരൂ
ഇത്തിരി ജലവും.
- മുനീർ അഗ്രഗാമി
No comments:
Post a Comment