അമ്മ പോകുമ്പോൾ

 അമ്മ പോകുമ്പോൾ

...................................
സങ്കടം മറ്റൊരു വൻകരയാണ്
അമ്മ പോകുമ്പോൾ
തിരയടിക്കുന്ന കടലിൽ.
എന്റെ പായ്ക്കപ്പലിനെ
എല്ലാ കാറ്റും അവിടെ എത്തിക്കുന്നു
ഉടലില്ലാല്ലാത്തവരാണ്
അവിടെ ജീവിക്കുന്നത്
എന്റെ യാനം അമ്മയിലെത്തുമ്പോൾ
എന്റെ ഉടൽ
മറ്റെവിടെയോ ആണ്
ഉടലുപേക്ഷിച്ചു പോയപ്പോൾ
അമ്മ ബാക്കിയാക്കിയ
ഒരിടമാണത്
അതെവിടെയാണെന്ന്
എന്നോടു ചോദിക്കരുതേ
ഞാനവിടെയാണെങ്കിലും
ഹിമപാതങ്ങളിൽ നിന്നും
വീണ്ടും
അമ്മയുടെ അവസാന സ്പർശത്തിന്റെ
തണുപ്പ്
എന്റെ ചുഴികളിൽ
താഴേക്കിറങ്ങുന്നു
അമ്മ
പുലരിത്തണുപ്പിൽ
മറന്നു വെച്ച ഒരു തേങ്ങൽ
മുറ്റത്ത് നിൽക്കുന്നു
കയ്യിൽ ചൂലുമായ്
എന്തോ ഓർത്ത്
എനിക്കൊപ്പം കഴിഞ്ഞ ദിനങ്ങളിൽ
ഉടുക്കാൻ പറ്റാത്ത
ഒരു മഞ്ഞുകാലം ഉടുത്ത്
വെള്ളയിൽ പച്ചപ്പുള്ളികളുള്ള
സാരിയുടുത്തു വരുമ്പോലെ
അടുത്തേക്കു വരുന്നു
നെറ്റിയിൽ വിരലുകൾ വെക്കുന്നു
എൻ കുഞ്ഞൊറ്റയായോ എന്നു
ചോദിക്കുന്നു
കടലിളകുന്നു
കരകാണാതെ കടലിളകുന്നു
ഇളകുന്നു
സങ്കടം
അമ്മ പോകുമ്പോൾ
അമ്മ എനിക്കു തന്ന വൻകരയാണ്
മറ്റൊന്നും തരാനില്ലാത്തതിനാൽ
മറ്റാർക്കും
ഒന്നും കൊടുക്കാനില്ലാത്തതിനാൽ .
- മുനീർ അഗ്രഗാമി

No comments:

Post a Comment