ഏകാന്തത

  ഏകാന്തത

................................

ഏകാന്തതയുടെ മഞ്ഞക്കരുവും

വെള്ളക്കരുവും വേർതിരിച്ച്
രണ്ട് മണിക്കൂറുകളുടെ പാത്രത്തിൽ
മലർത്തി വെക്കുന്നു
ഒരു പൂച്ച അത് തട്ടിമറിക്കുന്നു
പാതിര ഒന്നു കുലുങ്ങുന്നു
എലികൾ പല വഴിക്ക്
പാഞ്ഞു ചെന്ന്
ജീവനെടുത്ത് കടലാസുകഷണങ്ങൾക്കിടയ്ക്ക്
തിരുകി വെക്കുന്നു
അമ്മ കടലാസുകൾക്കിടയിൽ നിന്നും
പണ്ട് എടുത്തു തന്ന രണ്ടു രൂപ കൊണ്ട്
ഫീസു കൊടുത്ത ആ നിമിഷം
അങ്ങോട്ട് ഓടി വരുന്നു
ഒന്നും തട്ടിമറച്ചിടാതെ.
ഇല്ല
വെള്ളക്കരുവും
മഞ്ഞക്കരുവും
ഇല്ല
അവ ചേർത്ത്
ഏകാന്തതയുണ്ടാക്കാൻ
ഒരിടം
എല്ലായിടത്തും അമ്മ
അമ്മ
അമ്മ!
അടുത്ത് അമ്മയുണ്ടാവുമ്പോൾ
ഞാനെങ്ങനെയാണ്
ഒറ്റയാവുക
എന്റെ ഏകാന്തതയുടെ പൊടിഞ്ഞു പോയ
പുറന്തോടുകളേ!
-മുനീർ അഗ്രഗാമി

No comments:

Post a Comment