ഒരിതൾ വസന്തം

 ഒരിതൾ വസന്തം

............................................

ചില്ലിട്ട ഫോട്ടോയിൽ

അമ്മച്ചിയുടെ നല്ല കാലത്തിന്റെ
ഒരിതൾ വസന്തം
ഞാനതു പിടിച്ച്
നിൽക്കുന്നു
അസ്തമിച്ച ഒരു താരകത്തിന്റെ
വെളിച്ചമിതാ
എന്നിൽ നിറഞ്ഞ്
എന്നെ കവിഞ്ഞ് ഒഴുകുന്നു
തിരിച്ചു വരുമോ എന്നറിയാതെ
വരുമെങ്കിൽ തന്നെ
എപ്പോഴെന്നറിയാതെ
എവിടെയെന്നറിയാതെ
അതിന്റെ വെളിച്ചത്തിൽ
അതിനെ കാത്തു നിൽക്കുന്നത്
ആരെ കാത്തു നിൽക്കുമ്പോലെയാണ് ?
എനിക്കറിയാം
മൂന്നാണ്ടു മുമ്പ് മരിച്ച അപ്പനെ
കാത്തു നിൽക്കുമ്പോലെ
അല്ല ഏഴാണ്ട് മുമ്പ്
പള്ളിപ്പെരുന്നാള് കൂടാനാഗ്രഹിച്ച്
ഇഹലോകവാസം വെടിഞ്ഞ
അപ്പാപ്പനെ
പള്ളി മിറ്റത്ത് കാത്തുനിക്കുമ്പോലെ
കഴിഞ്ഞ കൊല്ലം മരിച്ച അമ്മച്ചി
അതിനു മുമ്പ് വല്യമ്മച്ചി
കുഞ്ഞിപ്പാപ്പൻ
എന്നിങ്ങനെ പലരേം പല വഴികളിൽ
പകലു തീരുന്നേരം
വെളിച്ചത്തിനെന്ന പോലെ കാത്തു നിന്ന പോലെ
കാത്തു നിൽക്കുന്നു
അസ്തമിക്കുമ്പോൾ
എനിക്കു തന്ന വെളിച്ചത്തെ എന്തു ചെയ്യണമെന്ന്
അപ്പാപ്പനെ പോലെ
അതു പറഞ്ഞില്ല
ജീവിച്ചിരുന്നു എന്നതിനു തെളിവായി
ഞാനതു കൊണ്ട്
ഒരു ലോകമുണ്ടാക്കട്ടെ
അതിൽ വന്നു പാർക്കുമോ
അസ്തമിച്ച നക്ഷത്രങ്ങളുടെ
എല്ലാ രശ്മികളും ?
എല്ലാം വന്നില്ലെങ്കിലും
ഒൻപതെണ്ണം വരും
മരച്ചവരുടെ ആകൃതിയിൽ
നടന്നു നടന്ന്
ഞാൻ പുൽത്തൊഴുത്തിൽ
നിൽക്കുന്നു
അമ്മച്ചിയുടെ പുള്ളിപ്പശു പെറ്റു
ആകാശത്ത്
മുന്നൂറ് നക്ഷത്രങ്ങൾ
അതിലൊന്ന് ഇപ്പോൾ അസ്തമിക്കും
പശുക്കിടാവേ
അതിന്റെ വെളിച്ചം പിടിക്ക്
എന്നെ പോലെ അതിൽ നിറയ്
അതു കവിഞ്ഞു പോകുമ്പോൾ
അതിനെ കുറിച്ച് പറയ്
എന്റെ ഭാഷയിലല്ല
നിന്റെ ഭാഷയിൽ
പുല്ലുകളോട്
പുല്ലുകൾക്കവ മനസ്സിലാകും
പുല്ലുകളെ കവിഞ്ഞു പോകുന്ന വെളിച്ചത്തിൽ
ഞാൻ കുളിച്ചു
ആരുടെ ഓർമ്മയാണിങ്ങനെ
നിറഞ്ഞൊഴുകുന്നത്?
വിത്തിൽ നിന്നും
മുകളിലേക്കും താഴേക്കും പോയവ
ചിരിച്ചു.
വിത്തിന്റെ പുറന്തോടു മാത്രം കരഞ്ഞു.
എനിക്കറിയാം
ഇപ്പോഴില്ലാത്ത ഒരു പുൽക്കൊടിയുടെ
നനവാണതിന്റെ കണ്ണിൽ
ഞാനതിനെ
അമ്മ എന്നു വിവർത്തനം ചെയ്യും
അമ്മച്ചീ എന്നു നീട്ടി വിളിക്കും.
-മുനീർ അഗ്രഗാമി

No comments:

Post a Comment