ആനന്ദത്തിന്റെ നിറം

ആനന്ദത്തിന്റെ നിറം
...................................
എന്റെ ആഹ്ലാദത്തിന്റെ നിറം പച്ച.
സമാധാനത്തിന്റെ നിറം തേൻകുരുവി,
പൂക്കളുടെ നിറം നോക്കാതെ
വരുന്നതിനാൽ .
ചുവപ്പെന്നോടു ചോദിച്ചു
ഞാൻ നിന്റെ രാഗമല്ലേ
സമാധാനമല്ലേ ?
അഹിംസയുടെ നെഞ്ചിലെ
ഉണങ്ങാത്ത മുറിവിൽ നിന്നും
ചുവപ്പിന്റെ ചുണ്ടുകൾ വിറച്ചു.
വെള്ളയുമെന്നോടു ചോദിച്ചു
നിന്റെയുള്ളിൽ ഞാനില്ലേ
ഞാൻ നിന്റെ ആനന്ദമല്ലേ ?
പുറത്തു നിറയെ വെളുപ്പായിരുന്നു
മഞ്ഞുകാലമായിരുന്നു
നായകൾ വലിക്കുന്ന വണ്ടിയിൽ
രാജാവ് വേട്ടയ്ക്ക്
വരുന്ന സമയമായിരുന്നു
എന്റെ ആഹ്ലാദത്തിന്റെ നിറം പച്ച
ഈ മഞ്ഞിലതില്ല
ഈ മുറിവിലതില്ല
മൂവന്തിയിലില്ല
പാതിരയുടെ കൺപീലിയിലില്ല
ഒരു ചെടി നടണം
ലിഫ്റ്റിൽ താഴേക്ക് പറന്ന്.
തേൻ കുരുവിയെ കാത്തിരിക്കണം
മണ്ണിൽ കാൽ വെച്ച് .
കാലുകളിൽ ആനന്ദത്തിന്റെ നിറം
പുരണ്ട് .
- മുനീർ അഗ്രഗാമി

No comments:

Post a Comment