മീനുകൾ പീലികൾ മീനുകൾ

 മീനുകൾ പീലികൾ മീനുകൾ

............................................
പുഴയുടെ കണ്ണുകളിലേക്ക് നോക്കിയിരുന്നു
മീനുകൾ പീലികളായ്
ഇളകിക്കൊണ്ടിരുന്നു
പുഴയുടെ കൺതടത്തിൽ ഒരു ചുഴി
അനുഭവത്തിന്റെ ആഴത്തിലേക്ക്
തിരിഞ്ഞു പോകുന്നു
ഇനി നീ പ്രണയത്തെ കുറിച്ച് പറയുക
അവൾ പറഞ്ഞു
ഒഴുക്കിന്റെ ചെരിവിൽ നിന്നും
പറന്നെത്തിയ കുളിരു പോലെ
അവൾ പറഞ്ഞു
ഞാനെങ്ങനെ പറയും?
പുരാതനമായ ഭാഷയിൽ
അവളുടെ കണ്ണുകളിൽ
അതെഴുതപ്പെട്ടിരുന്നു
എനിക്കതിന്റെ ഭാഷയറിയില്ല
വാമൊഴിയും ലിപിയുമറിയില്ല
മൗനത്തിന്റെ അനക്കങ്ങൾ കൊണ്ട്
ഞാൻ പുഴയെ തൊട്ടു
വിഷാദത്തിന്റെ തൂവൽ കൊണ്ട്
അവളുടെ കണ്ണിൽ തൊടുമ്പോലെ
നീ പറയുക
ഞാൻ നിന്നിലേക്ക് ഒഴുകുന്നതിന്റെ
കാരണങ്ങൾ
നിശ്ശബ്ദതയുടെ മഴത്തുള്ളികൾക്കിടയിൽ
നിന്നും
അവൾ പറഞ്ഞു.
നിന്റെ കണ്ണുകളിൽ ഒഴുക്കിന്റെ
വഴിയും വരകളുമുണ്ട്
നീയതെന്നെ പഠിപ്പിക്കുക
ഞാൻ പറഞ്ഞു
പ്രണയമെന്നാൽ നിന്നെ വായിക്കലാണ്
കണ്ണിലെഴുതിയത്രയും തീരുമ്പോൾ
കവിളിലെഴുതിയതും വായിക്കലാണ്
എന്റെ നാവിലും
വിരലിലും നീ അക്ഷരമാകുക
താലോലിക്കപ്പെടുന്ന ഓരോ നിമിഷത്തിൽ നിന്നും
ഓരോ വാക്കുകൾ പിറക്കുമ്പോൾ
ഭാഷയാവുക
പുഴയുടെ കവിളിൽ
അവൾ നോക്കിയിരുന്നു
മഴ കൊണ്ട് കലങ്ങിയ കവിൾത്തടത്തിൽ
ചുംബനത്തിന്റെ പാടുകൾ...
നീയതു കാണുന്നില്ലേ ?
അവൾ ചോദിച്ചു
ഇല്ല, നിന്റെ കണ്ണിൽ നിന്നും
പ്രണയത്തിന്റെ അക്ഷരം പഠിക്കുകയാണ്
ഞാൻ പറഞ്ഞു
അവൾക്ക് കരച്ചിൽ വന്നു
മറ്റൊരു പുഴയാകുവാൻ
അല്ലെങ്കിലും അവൾക്കധികം സമയം വേണ്ട
ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കിയിരുന്നു
പീലികൾ മീനുകളായ് ഇളകുന്നു
ഇമകൾ മീൻ കുഞ്ഞുങ്ങൾ
ഞാൻ പറഞ്ഞു,
വെഷമിക്കേണ്ട
പ്രണയം നമ്മുടെ മാതൃഭാഷയാണ് .
- മുനീർ അഗ്രഗാമി

No comments:

Post a Comment