സ്വപ്നം കുടിക്കുന്നു

ജീവിതത്തിൻ്റെ ഉറുമ്പുകൾ
സമയത്തിൻ്റെ വക്കിലൂടെ നടക്കുന്നു
സ്വപ്നം കുടിക്കുന്നു
അതിൽ വീണുപോകാതെ

ചുവപ്പുനാട

നാവുകളെല്ലാം
ചുവപ്പുനാടയിട്ടു കെട്ടി.
ഉത്തരവുള്ളതിനാൽ
ഒന്നു പോലും അനങ്ങിയില്ല
പ്രജാപതി മാത്രം
ജനാധിപത്യത്തെ കുറിച്ച്
വാതോരാതെ
സംസാരിച്ചുകൊണ്ടിരുന്നു.
മഴ പെയ്തില്ല
മഞ്ഞു പൊഴിഞ്ഞില്ല
വേനൽ മാത്രം
വേനൽ മാത്രം
- മുനീർ അഗ്രഗാമി

അരുത് നാട്ടാളാ !

കുറ്റിക്കാടുകൾക്കിടയിലൂടെ
ഒരു നിലവിളിയിഴഞ്ഞ്
കാട്ടിലേക്ക് രക്ഷപ്പെട്ടിട്ടുണ്ട്
അവളെ പിന്തുടരുന്ന കാലടികളിൽ
രക്തക്കറയുണ്ട്
കുഞ്ഞുങ്ങൾക്ക്
അന്നത്തിനായൊരു കാട്ടുകോഴിയെ
അമ്പെയ്തിട്ട വേടൻ
കണ്ടതാണത്

അരുത് നാട്ടാളാ !
എന്നവൻ
ആരാണ് ജയിലിൻ്റെ വാതിൽ
തുറന്നിടുന്നത് ?
മനസ്സിൽ കത്തിയുള്ളവരാണവർ
കണ്ണു കുത്തിപ്പൊട്ടിക്കുമെന്ന്
വെളിച്ചം പോലും പേടിക്കുന്നു
കൊല്ലപ്പെട്ടവരുടെ കുഞ്ഞുങ്ങൾ
ഇരുട്ടിലാകുമോ ?
വെളിച്ചത്തിന്
കാഴ്ച നഷ്ടപ്പെടുമോ ?
- മുനീർ അഗ്രഗ്രാമി

ഒന്നിൽ മറ്റൊന്ന്

ഒന്നിൽ മറ്റൊന്ന്
............................
ഒരു രാത്രിയുടെ അകലത്തിൽ
രണ്ടു വൻകരകളിൽ
രണ്ടുസങ്കടങ്ങൾ
കുടുങ്ങിക്കിടക്കുന്നു

നിലാവ് അവയിൽ
മുങ്ങി നിവരാം,
ഒന്നിൽ
മറ്റൊന്നിനെ തിരഞ്ഞ്.
ദേശാടനക്കിളി
അവയിലൂടെ പറന്നു പോകാം
ഒന്നിൽ
മറ്റൊന്ന്
പൂത്തിരിക്കുന്ന വഴിയേ .
വീടിൻ്റെ നിറം
കുഞ്ഞിൻ്റെ ചിരി
ഇണയുടെ മണം
ഇളവെയിലിൻ്റെ ചൂട്
എന്നിവ
ഇരുട്ടിൽ കലർന്ന്
പെയ്യുവാൻ തിടുക്കം കൂട്ടുന്നു
അറിയാതെ
തീരെയറിയാതെ
നിമിഷങ്ങൾ നനഞ്ഞൊലിക്കുന്നു
ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക്
മണ്ണൊലിച്ചു പോകുന്നു
ഇരുട്ടിൽ വേരുകൾ
അനാഥമാകുന്നു
രാത്രി കനക്കുന്നു
അകലം കണ്ണു പൊത്തുന്നു
കുടുക്ക് മുറുകുന്നു
രണ്ടുദേശങ്ങളിൽ
രണ്ടു സങ്കടങ്ങൾ
മോചനം കാത്ത്
ഇരുട്ടു കുടിച്ച് രാത്രി മഴയായ്
പെയ്യുന്നു.
- മുനീർ അഗ്രഗാമി

ആസ്വാദനം: രാഗം; അനുരാഗം.

കുടക്കീഴിൽ
ഞാനുമേകാന്തതയും
മാത്രം
മഴപ്പാട്ട്,
മരത്താളം
ചീവീടിൻ ശ്രുതി,
ഇരുളിൽ രുദ്രവീണ,

വയൽ വരമ്പിലൂടെ ന്നപോൽ ഉറക്കത്തിലൂടെ നടത്തം
ഉണർ വിലേക്കൊരു
കാൽ തെറ്റി വീഴൽ
ആസ്വാദനം:
രാഗം;
അനുരാഗം.
നിന്ന സാന്നിദ്ധ്യമറിയുവാൻ
വന്നൊരു കുളിർക്കാറ്റ്
ഇറയത്ത്
നിൻ കണ്ണീർ തുള്ളികൾ
ഇറ്റി വീണുവോ
ജ ന ൽ പാളികളിൽ
നിൻ തൊണ്ടയിsറിയോ?
ആഗ്രഹമൊരു മിന്നലിൽ
തെളിഞ്ഞു:
പെരുമഴയിൽ
നിനക്കൊപ്പം
കുടക്കീഴിൽ
എരിവെയിലിലും
നിനക്കൊപ്പം
കുടക്കീഴിൽ.
കുടയായ് ഞാനീ വീട്
എപ്പോഴും
തുറന്നു വെച്ചിരിക്കുന്നു
-മുനീർ അഗ്രഗാമി

അശാന്തമായ കടലുകൾ

അശാന്തമായ കടലുകൾ
......................................
കുട്ടികൾ
പുതിയ സ്വപ്നം കാണുന്നു
അവർ പുതിയ ലോകത്താണ്
സഞ്ചരിക്കുന്നത്
നിങ്ങളവരെ പഴയ ലോകങ്ങളിലേക്ക്
നാടുകടത്തരുത്

സർവ്വകലാശാലകളും
പാഠശാലകളും അവർക്കു കടന്നു പോകാനുള്ള ആദ്യത്തെ വാതിൽ മാത്രമാണ്
നിങ്ങളുടെ ചിന്തകൾ കൊണ്ട്
അതു നിങ്ങൾ അടയ്ക്കരുത്
വെടിപ്പു കയുടേയും
ആർത്തനാദങ്ങളുടേയും അതിരുകളിൽ
അവരുടെ ലോകം അവസാനിക്കുന്നില്ല
നിങ്ങളുടെ സ്വസ്ഥത കൊണ്ട്
അവിടെ വൻമതിൽ കെട്ടരുത്
സംസാരിക്കുമ്പോൾ കുട്ടികൾ കടലുകളാണ്
നിങ്ങളുടെ ശാന്തി കൊണ്ട്
അവരെ കുളമാക്കി ചുരുക്കരുത്
നോട്ടം കൊണ്ട്
ചെറുതാക്കി , വറ്റിച്ചു കളയരുത്
കുട്ടികളെന്നാൽ
വെറും കുട്ടികളല്ല
മുതിർന്നവരുടെ ലോകം പൊളിച്ചുപണിയേണ്ട
കൈകളാണ്
നിങ്ങളുടെ ഭീരുത്വം കൊണ്ട്
നിങ്ങളത് വെട്ടിക്കളയരുത്.
കുട്ടികൾ സ്വതന്ത്രമായ അവരുടെ രാജ്യം
കൊണ്ടു നടക്കുന്നവരാണ്
സ്മൃതി കൊണ്ടും മൃതികൊണ്ടും
നിങ്ങളവരെ തടവിലിടരുത്
- മുനീർ അഗ്രഗാമി

വിമത മരങ്ങൾ

വിമത മരങ്ങൾ
..........................
ഇലഞ്ഞികൾ പൂത്തു
കുയിലുകൾ വന്നു
ഇണയ് ക്കൊപ്പമിരുന്നു പാടി
തമ്മിൽ വിരലു കോർക്കുമ്പോലെ
ശാഖകൾ ചേർത്തു
പൂച്ചുണ്ടുകൾ തമ്മിൽ ചേർത്തുനിന്നു
രണ്ടിലഞ്ഞി മരങ്ങൾ
ഹോസ്റ്റൽ വളപ്പിൽ
ആരുനട്ടതാണി വയെന്നറിയില്ല
തമ്മിൽ നോക്കിയടുത്തു നിൽക്കുകയാണവ
നവവസന്തം വന്നു വിളിച്ചു,
ഉളളുണർന്നു നോക്കുമ്പോൾ
ചിന്തകൾ പോലെ
പൂവുകൾക്കൊരേ മണം
വിചാരം പോലെ
മലരുകൾക്കൊരേ നിറം
വേരുകളില്ലായിരുന്നെങ്കിൽ
മണ്ണവയെ മുറുക്കി പിടിച്ചി രുന്നില്ലെ ങ്കിൽ
മതിലുകൾ പൊളിച്ച്
അവ നടന്നു പോകുമായിരുന്നു
ഒരുമിച്ച് ലോകം കാണുമായിരുന്നു
കടലിൽ ഇലകൾ നനയ്ക്കുമായിരുന്നു
ഒരു കുരുവി വന്നു
അവയിൽ പാറിപ്പാറിയിരുന്നു
തോഴിമാരേ എന്നവയെ വിളിച്ചു
തേൻ കുടിച്ചു പറന്നു പോയി
ഇലക്കണ്ണിൽ
ഇളം വെയിലേറ്റു ,തിളങ്ങി
കൺപീലികൾ.
വേനലൊലിച്ചു പോകുവാൻ മാത്രമന്നേരമൊരു
പെരുമഴ വന്നു .
മുടിയഴിഞ്ഞു വീണു
മഴയിൽ കുളിച്ച്
ചിരിപോലെ പൂക്കൾ പൊഴിച്ച്
ഏതോ കാറ്റിൽ
കെട്ടിപ്പിടിച്ചു നിന്നു പോയ്
രണ്ടു മരങ്ങൾ.
ഇലഞ്ഞി മരങ്ങൾ .
- മുനീർ അഗ്രഗാമി

അത്രമേൽ പ്രണയത്താൽ

മഴ
......
എവിടെയോ ഒരു വിത്ത് കാത്തിരിക്കുന്നുണ്ടാവും
അത്രമേൽ പ്രണയത്താൽ .
അതിനെ തിരഞ്ഞല്ലാതെ
മറ്റൊന്നിനുമല്ല
മഴ വരുന്നത്.
തീർച്ചയായും
മഴ മനുഷ്യനെ പോലെയല്ല.
- മുനീർ അഗ്രഗാമി

തിരഞ്ഞെടുത്ത തുള്ളികൾ

തിരഞ്ഞെടുത്ത തുള്ളികൾ
..................... ...................:....................
അച്ചനള അയ്യങ്കോട്
പേപ്പാറ നിവാസികളേ
നിങ്ങൾക്ക് കുടിവെള്ളമില്ല
കിണറുകൾ അതിൻ്റെ ആഴത്തിൽ
വിണ്ടുകീറിയിരിക്കുന്നു,
പെൺമക്കളുള്ള അമ്മയെ പോലെ.
നെഞ്ചു വിരിച്ച് ഉയർന്നു നിന്ന പൈപ്പുകൾ
ഉരുകിപ്പോയിരിക്കുന്നു,
ആൺമക്കളുള്ള
അച്ഛനെ പോലെ .
വിരൽത്തുമ്പിലൂടെ നദി ഒഴുകിയിറങ്ങുന്നത്
നിങ്ങൾക്ക്‌ സ്വപ്നം കാണാം
മുറ്റത്ത് മഴത്തുള്ളികൾ
ചിക്കിപ്പെറുക്കുമെന്ന്
വെറുതെ വിചാരിക്കാം
വിചാരങ്ങളുടെ തണലിലിരുന്ന്
നിങ്ങൾ ദാഹിച്ചു വലയുന്നു
ഓരോരുത്തരും ചെയ്ത
ഓരോ വോട്ടും ജലത്തുള്ളികളാവേണ്ട
അസുലഭ സന്ദർഭമാണിത്
ഉച്ചത്തിൽ മുഴങ്ങി
ആകാശത്തിൽ ലയിച്ച
മുദ്രാവാക്യങ്ങൾ
കുളിരോടെ തിരിച്ചെത്തേണ്ട
സമയമാണിത്.
പക്ഷേ
വരൾച്ച നിങ്ങൾക്കു മുകളിലൂടെ
കൊടി വെച്ച കാറിൽ
പൊടിപറത്തി
കടന്നു പോകുന്നു
മോഹം കൊണ്ടും
ഹേമം കൊണ്ടും
ഹോമം കൊണ്ടും
ദാഹം മാറില്ല
അച്ചനള അയ്യങ്കോട്
പേപ്പാറ നിവാസികളേ
നിങ്ങൾക്ക് കുടിവെള്ളമില്ല
നിങ്ങൾ തിരഞ്ഞെടുത്ത
ജലത്തുള്ളികളില്ല
നിങ്ങൾക്കു വേണ്ടി
ഭാരരഹിതരായ്
നീരാവിയായ്
മേഘമായ് പെയ്യുവാൻ
സേവന സന്നദ്ധരായ്
ആരാണുള്ളത്?
ആരാണുള്ളത് ?
- മുനീർ അഗ്രഗാമി

ഇന്നലെ പെയ്ത മഴയുടെ ചെരിവിൽ

ഇന്നലെ പെയ്ത
മഴയുടെ ചെരിവിൽ
കിടന്നുറങ്ങി;
എഴുന്നേറ്റു
നഗ്നയായ കുളിര്
എഴുന്നേൽക്കാനാവാതെ
നാട്ടു വെളിച്ചം പുതച്ച്
തൊട്ടടുത്ത് .
ജനുകളെല്ലാം തുറന്നിട്ട്
മനസ്സുപോലെ
വീടതു നോക്കി നിൽക്കുന്നു.
- മുനീർ അഗ്രഗാമി

ഹോളി ഹോളി എന്ന് പേരിടാത്ത കവിത

ഹോളി ഹോളി എന്ന് പേരിടാത്ത കവിത
............................................................
അന്നേരം ഞങ്ങൾ
നിറങ്ങൾ കൊണ്ട് കളിക്കുകയായിരുന്നു
നീല,
ചുവപ്പ്,
കങ്കുമം ,
മഞ്ഞ ...
എന്നിങ്ങനെ
നിറങ്ങളുടെ ജനാധിപത്യത്തിൽ
കുളിക്കുകയായിരുന്നു

അന്നേരം
തോറ്റവരുടെ മുകളിൽ വിജയിച്ചവരുടെനിറം മൂടുകയായിരുന്നു
മുഖങ്ങളും വസ്ത്രങ്ങളും
ആരേയും തിരിച്ചറിയാനാവാത്ത വിധം
മാറിപ്പോയിരുന്നു
ആരാണ് തളർന്നു വീണത് ?
ആരാണ് കൊല്ലപ്പെട്ടത്?
ആരാണ് പീഡിപ്പിക്കപ്പെട്ടത് ?
ആരാണ് സ്വന്തം ജീവിതത്തിൽ നിന്ന്
നാടുകടത്തപ്പെട്ടത് ?
എന്നൊന്നും ഞങ്ങൾക്ക് മനസ്സിലായില്ല
ഞങ്ങൾ
സ്വന്തം മുഖം തിരിച്ചറിയാനാവാതെ
നിറങ്ങൾ ക്കൊപ്പം നടക്കുകയായിരുന്നു .
നിറങ്ങൾ ഏതു വഴിയാണ്
വന്നതെന്നോ
ആരാണ് കൊണ്ടുവന്നതെന്നോ
ഞങ്ങൾ തിരക്കിയില്ല
സിലബസ്സ് ആരാണുണ്ടാക്കുന്നതെന്ന്
തിരക്കാത്തതുപോലെ
ആരാണ് പാചകം ചെയ്യുന്നതെന്ന്
അന്വേഷിക്കാത്തതു പോലെ.
കളി കാര്യമായപ്പോൾ
പാതി വഴിയിൽ വീണ്
നക്ഷത്രങ്ങളായവരുടെ വെളിച്ചത്തിൽ
ഇപ്പോൾ ഞങ്ങളാ വഴിയറിയുന്നു
ഞങ്ങൾക്ക് ഞങ്ങളെ നഷ്ടപ്പെട്ട വഴിയറിയുന്നു
നിറങ്ങളുടെ തനിനിറമറിയുന്നു
നിറങ്ങൾ വെറും നിറങ്ങളല്ല
കൊടികളിലവ കടലിൻ്റേതോ
കാടിൻ്റേതോ മണ്ണിൻ്റേതോ
മനുഷ്യൻ്റേതോ അല്ല
കൊടി പിടിച്ച വരിലും
പൊടി വിതറിയ വരിലുമത്
പൂവിൻ്റേതോ പൂമ്പാറ്റയുടേതോ അല്ല
അതുകൊണ്ട്
ഇന്നേരം
ഞങ്ങൾക്ക് എല്ലാം മാറ്റിക്കളിക്കണം
ഇലപ്പച്ചയിലിരുന്ന്.
ആകാശനീലിമ കണ്ട്
തെച്ചിച്ചോപ്പിറുത്ത്
മയിലാട്ടത്തിൻ നിറത്താളത്തിൽ
മണ്ണിനെയറിഞ്ഞ്,
തോൽക്കാതിരിക്കുവാൻ
കാര്യമായ
ഒരു കളി.
- മുനീർ അഗ്രഗാമി

വരൾച്ചയാണ്

വരൾച്ചയാണ്.
അതിനാൽ
തൊണ്ണൂറ് പൂവുകളുമായാണ്
വസന്തം വന്നത്.
വറ്റിപ്പോയ പൂന്തോട്ടത്തിൽ
ഇതിൽ കൂടുതൽ
ആരു പ്രതീക്ഷിക്കാനാണ് !

പക്ഷേ
പാഴ്ച്ചെടികൾ നിറയെ പൂത്തിരിക്കുന്നു
തോട്ടക്കാരെല്ലാം ഉറക്കത്തിലായിരുന്നു
വെയിലായാലും മഴയായാലും
വംശവർദ്ധനയ്ക്കുള്ള ഊർജ്ജം
പട്ടിണിയറിയാത്ത കളകൾ
വിശന്നവയുടെ അപ്പത്തിൽ
വേരുകളാഴ്ത്തി നേടിയതാണ്
ഇടിമുഴക്കങ്ങളും
കുയിൽ നാദങ്ങളുമില്ലാതെ
മുല്ലപ്പൂക്കളെ പോലെ
വിരിയേണ്ട സ്വപ്നത്തെ
വെയിലിൻ്റെ ചൂണ്ടുവിരലുകൾ
കൊന്നുകളഞ്ഞു
വരൾച്ചയാണ്
കൊടും വരൾച്ച!
ഇത്രകാലവും അന്നമില്ലാതെ
ചെടി പിടിച്ചു നിന്നു
തോക്കുകൾ കൊണ്ടും
നഖങ്ങൾ കൊണ്ടും
അതിൻ്റെ ഇലകൾ കൊഴിച്ചവരുടെ കോമ്പല്ലുകൾ
പൂക്കളിലേക്ക് നീളുന്നു
അതിജീവിക്കുമോ
വേനലേ അത് ?
- മുനീർ അഗ്രഗാമി

സരസ്വതി 38

സരസ്വതി 38
...................
ഒഴുകാനാവാതെ
വറ്റിയിരിക്കുന്നു
അകത്തവൾ
സരസ്വതി.

വീടിനോളം വലിയ
രാജ്യമുണ്ടോ ?
മുറ്റത്തോളം വലിയ
മൈതാനമുണ്ടോ ?
അവൾ ചോദിച്ചു
ഇല്ല, ഇല്ല
എന്നു മാത്രം
ചുറ്റുമുള്ളവർ പറഞ്ഞു
ഉണ്ട്, ഉണ്ട്
എന്നു പറയുന്നവനെ കാത്ത്
അവളിരുന്നു
ചില ഉത്തരങ്ങളിൽ കയറി
അതിർത്തികൾ കടക്കാം
ചില ഉത്തരങ്ങളിലിരുന്ന്
സമാധാനത്തിലൂടെ സഞ്ചരിക്കാം
ഗംഗയെ പോലെ
യമുനയെ പോലെ
കടലിലേക്ക് ധൈര്യമായ് ഒഴുകാം
കടലിലലിയാം
മഹാസമുദ്രത്തിലലിഞ്ഞ്
ലോകം ചുറ്റാം
തിരിച്ചുവരാനാവാത്ത വിധം
തിരകളിൽ ചിറകടിക്കാം
വിദ്യയുണ്ടെങ്കിലും
അവൾ വിദ്യാദേവിയായില്ല
ഒഴുകാനറിയുമെങ്കിലും
അവൾ നദിയുമായില്ല
എന്നിട്ടും മരിച്ച നദിയെ പോലെ
അവൾ
ആഗ്രഹങ്ങൾക്കടിയിലൂടെ ഒഴുകുന്നു
ജീവിച്ചിരിക്കുന്ന മരണം പോലെ
വരണ്ടുണങ്ങി
സ്വപ്നങ്ങൾക്ക് മുകളിൽ വിയർത്ത്
കിടക്കുന്നു.
- മുനീർ അഗ്രഗാമി

ദി ഗ്രെയിറ്റ് ഇന്ത്യൻബിനാലെ

ദി ഗ്രെയിറ്റ് ഇന്ത്യൻബിനാലെ
....................... ..........................
ഏറ്റവും വലിയ ഇൻസ്റ്റലേഷനാണ്
രാത്രിത്തീവണ്ടി
രാജ്യത്തെ സംസ്കാരത്തിൻ്റെ
ഉടുപ്പു ക ള ത്രയും
അതിനകത്ത് പല പോസുകളിൽ
വിതാനിച്ചിരിക്കുന്നു
ചലിക്കുന്ന ശില്പങ്ങൾ പോലെ
സ്ഥലത്തെ മാത്രമല്ല
കാലത്തേയും ദൂരത്തേയും
അതുൾക്കൊള്ളുന്നു

പല കാലാവസ്ഥകളിൽ
പല ബോഗികളിൽ
ഉറക്കും ഉണർവ്വും
ചിത്രീകരിച്ചിരിക്കുന്നു
പുറത്ത് അഴുക്കും മാലിന്യവുമുപയോഗിച്ച്
രാജ്യത്തിൻ്റെ വർത്തമാനം
കാറ്റും നിശാചാരികളും
വരച്ചു വെച്ചിരിക്കുന്നു
നഗരത്തിൻ്റെ ഉടയാടയുടെ കരയിൽ
പൊടിപടലങ്ങൾ പോലെ
കുടിലുകൾ പറ്റിക്കിടക്കുന്നു
നഗരമൊന്നു കുടഞ്ഞാൽ
അവ തെറിച്ചു പോകുമെന്ന തോന്നലിൽ ആസ്വാദകൻ പ റക്കവേ
രാജ്യമൊരു ബിനാലെ
കടങ്ങൾ കൊണ്ട്
ജീവിതത്തിൻ്റെ ഇൻസ്റ്റലേഷൻ;
വിടവാളുകൾ കൊണ്ട്
മരണത്തിൻ്റേയും
ജീവനുള്ളവ കൊണ്ട്
ക്യൂവിൻ്റേത്
ജനാധിപത്യം കൊണ്ട്
അതല്ലാത്തതെന്തൊക്കെയോ
നിർമ്മിച്ചു വച്ചിട്ടുണ്ട്;
പാഠശാലകൾ കൊണ്ട്
അതല്ലാത്തതും
പ്രദർശനം സൗജന്യം
തലസ്ഥാനത്തേക്ക് കുതിക്കുന്ന
വഴികളിലൂടെ ചെന്ന് കാണുക
ദി ഗ്രെയ്റ്റ് ഇന്ത്യൻ ബിനാലെ.
- മുനീർ അഗ്രഗാമി

മറൈൻ ഡ്രൈവിലിരുന്ന്

റൈൻ ഡ്രൈവിലിരുന്ന്
............................................
അറുത്തു മാറ്റിയ മുലകളെ കുറിച്ച്
ഇനിയും നീയെന്നോട് സംസാരിക്കുക
ഈ മറൈൻ ഡ്രൈവിലിരുന്ന്

മുറിച്ചു മാറ്റിയ മോഹങ്ങളെ കുറിച്ച്
ഇനിയും നീയെന്നോട് സംസാരിക്കുക
കടൽത്തിരകൾ കൊഴിഞ്ഞു കൊണ്ടിരിക്കുന്ന
തണുത്ത കാറ്റിലിരുന്ന് .
ശൂർപ്പണഖ എന്നു മാത്രമല്ല
നിനക്കു പേര്
ഡിഗ്രിയ്ക്ക് മാത്രമല്ല നിൻ്റെ പoനം
എനിക്ക് യുവാക്കളുടെ യെല്ലാം പേരുകൾ
നോക്കൂ ആരോ രണ്ടുപേരിങ്ങോട്ട്
നടന്നു വരുന്നുണ്ട്
രാജകുമാരൻമാർ
കൂടെ മുനിശ്രേഷ്ഠനില്ല
കയ്യിൽ പുതിയ ആയുധങ്ങൾ
അവരോട് ഇപ്പോളാരും
മോഹങ്ങൾ പറയാറില്ല
ധൈര്യമായി നീ ചേർന്നിരിക്കുക
നിൻ്റെ വിലാപങ്ങളിൽ
ചിറകറ്റ കുറെ പ്രാവുകളുണ്ട്
അവയെ ശുശ്രൂഷിക്കുവാൻ
എന്നിലെ സിദ്ധാർത്ഥനെന്ന കുട്ടി
നിന്നെ കേട്ട് വളരണം
എൻ്റെ ചുണ്ടുകൾക്ക്
നിൻ്റെ ചുണ്ടുകളോട്
ഒന്നും സംസാരിക്കാനില്ല
എൻ്റെ ഹൃദയത്തിന്
നിൻ്റെ മുറിവിനോടല്ലാതെ.
ചുണ്ടുകൾ വിതുമ്പലുകളോട്
ചർച്ചയിലാണ്
അവ സംഭാഷണം തുടരുന്നു
നാം രണ്ടു വിഷാദഗാനമായ്
കടലു നോക്കിയിരിക്കുന്നു
കടൽക്കാറ്റിന് പാടുവാനുള്ള
ഗാനങ്ങളാണ് നാം
സന്ധ്യയ്ക്ക് കേട്ടു മയങ്ങാനുള്ളത്
തിരകൾക്ക് താളം പിടിച്ച്
കരയാനുള്ളത്
കേൾക്കുവാൻ കൂരിരുട്ടിന്
ഓടിവരാനുള്ളത് .
പറഞ്ഞു പറഞ്ഞ്
വാക്കുകൾക്കൊപ്പം നാം
സംഗീതമായതാണ്
അറുത്ത് മാറ്റിയ മുലകൾ മറന്ന്
മുറിച്ചു മാറ്റിയ മോഹങ്ങൾ മറന്ന്
ഈ മറൈൻ ഡ്രൈവിലിരുന്ന് .
- മുനീർ അഗ്രഗാമി

അവളുടെ ദിനം

അവളുടെ
ദിനം കഴിഞ്ഞു,
രാത്രിയായി.
ഇരുട്ടിൻ്റെ പുതപ്പിനുള്ളിൽ
അവളും അവനും
വിശ്രമിച്ചു.

ഇരുട്ടവളോടു ചോദിച്ചു:
നിൻ്റെ വെളിച്ചമെവിടെ ?
ഉത്തരമില്ല
ഉറക്കവുമില്ല
അവൾ
പുലരിയാവോളം കാത്തിരുന്നു,
ഒരു തീപ്പെട്ടിക്കൊള്ളിയുരയ്ക്കുവാൻ
അവനുണരുമെന്ന് പേടിച്ച് .
- മുനീർ അഗ്രഗാമി

നടൻ

നടൻ
...........
അയാൾ മറ്റൊരാളാകുന്നു
കഥയിലൂടെ കടന്ന്
കഥയറിയുമ്പോൾ.
അയാൾ അയാളല്ല;
കഥാപാത്രത്തിൻ്റെ
ജീവനുമായാണ്
അയാൾ നടക്കുന്നത്
അയാളിൽ
അയാളുണ്ടെങ്കിലും
അയാളെ കാണാതാകുന്നു ,
അയാൾ
കഥയുടെ ഞരമ്പിലൂടെ
ഒഴുകുമ്പോൾ
കഥ കഴിയാതിരിക്കുവാൻ
കഥയിൽ നിന്ന്
ജീവിതത്തിലേക്ക് നടക്കുന്നു
അവൻ്റെ ചുവടുകളിൽ
എന്നാൽ
അവനല്ലാതെ;
അപരൻ്റെ ചുവടുകളിൽ
എന്നാൽ
അപരനല്ലാതെ.
അപ്പോൾ അയാൾ
നടനാകുന്നു
നാട്യങ്ങളില്ലാത.
- മുനീർ അഗ്രഗാമി

ഇതളുകളുള്ള രാജ്യമാണ്

ഇതളുകളുള്ള
രാജ്യമാണ്
വസന്തം.
വസന്തത്തിൻ്റെ ഒരിതളിൽ
നാമിരിക്കുമ്പോൾ
അതിൻ്റെ അതിരുകൾ
അപ്രത്യക്ഷമാകുന്നു.

കിളികൾ പറന്നു വരുന്നു
തൂവലുപോലെ പാട്ടുകൾ
കാറ്റിലിളകുന്നു
ചെടികളിൽ നിറങ്ങൾ
നമ്മുടെ സന്തോഷങ്ങൾ
കൊണ്ടു വെയ്ക്കുന്നു
വെടിയൊച്ചകളുടെ ഓർമ്മകളും
വേദനകളും
ഇല പോലെ പൊഴിച്ച്
മറക്കുവാൻ ശ്രമിക്കുന്നു
ഒരു ബെഞ്ചിൽ നാം
ചാറ്റൽ മഴ പോലെ
പെയ്തു തോരുന്നു
പക്ഷേ
പ്രായപൂർത്തിയാവാത്ത
നിലവിളികൾ
തോരാതെ കൊടുങ്കാറ്റാവുന്നു
അതിൽ രാജ്യത്തിൻ്റെ
ഇതളുകൾ കൊഴിഞ്ഞേക്കും
അതു പ്രതിരോധിക്കുവാൻ
നമുക്കാവുമോ
നേർത്ത സ്പർശങ്ങളുടെ
ഈ ചാരു ബെഞ്ചിലിരുന്ന്?
- മുനീർ അഗ്രഗാമി

ഒരൊറ്റ മഴയിൽ

ഒരൊറ്റ മഴയിൽ
ഒലിച്ചുപോയി
ഉണങ്ങിക്കരിഞ്ഞ വേനൽ.
മഴയിൽ
നിൻ്റെ തുള്ളികൾ
വേനലിൽ
എൻ്റെ പൊടികൾ

-മുനീർ അഗ്രഗാമി

മിന്നൽ ചിരിച്ചുപാടിയ പാട്ടു പോലെ

മിന്നൽ ചിരിച്ചുപാടിയ
പാട്ടു പോലെ
മഴ തോർന്നു
എന്നിട്ടും
തോരാമഴ പോലെ രാത്രി

വർഷകാലത്തിൻ്റെ
തുള്ളി പോലെ
രാക്കുളിർ
വേനലിൻ നെഞ്ചിലിരുന്ന്
മഴയെഴുതിയ
പ്രണയ ലേഖനം
ഇലത്തുമ്പിൽ നിന്നിറ്റി വീഴുന്നു
അതു വായിക്കുവാൻ വാ
വാ
ഏതു നരകത്തിലാണെങ്കിലും
നരകത്തീയെ
നിലാവെളിച്ചമാക്കി വാ!
കരിഞ്ഞു പോകാതിരിക്കുവാൻ
- മുനീർ അഗ്രഗാമി

മലയാളിയാവണമെങ്കിൽ

ഹൈടെക്കാവണമെങ്കിൽ
അകത്തിരിക്കുക
മലയാളിയാവണമെങ്കിൽ
മാവിൻ്റേയും പ്ലാവിൻ്റേയും
സിലബസ് പഠിക്കുക
മനസ്സിലിരുന്നൊരു കുട്ടി
നിർത്താതെ ഓർമ്മകൾ വായിക്കണമെങ്കിൽ
കൊന്നപ്പൂവിൻ്റെ
കൂടെയിരിക്കണം
വരിനെല്ലിൻ്റെ കൂടെ നിൽക്കണം
സങ്കടച്ചൂടിൽ
സ്വയമുരുകാതിരിക്കണമെങ്കിൽ
ഒരു കുഞ്ഞു മഴയുടെ
കൈ പിടിച്ചിത്തിരി നടക്കുക
കളിർ കാറ്റിനൊപ്പം കളിക്കുക
പഠിക്കുമ്പോൾ
ഒന്നാ മദ്ധ്യായത്തിൽ നിന്നൊരു
മാമ്പഴമെടുത്തു രുചിക്കുക
രണ്ടാമദ്ധ്യായത്തിലേക്ക്
അണ്ണാനൊപ്പം ചാടണം
തേൻവരിക്കയുടെ മധുരത്തിലെത്തണം
ഇടവേളകളിൽ
പ്ലാവിലക്കുമ്പിളിൽ
ജീവിതം പകരുക
ആ ഹ്ലാദം കൊണ്ട്
സ്നേഹത്തിൻ്റെ ചിത്രം വരയ്ക്കുക
മലയാളിയാവണമെങ്കിൽ
മാവിൻ്റേയും പ്ലാവിൻ്റേയും
നിഴലിൽ
സ്വന്തം നിഴലുതിരയാതെ ലയിക്കുക
മാമ്പൂവും നിലാവും
കൈകോർത്തിരിക്കുന്ന പാതിരയിൽ
കൈകോർത്തിരുന്ന് പൂവായ് വിടരുക.
അതിൻ്റെ മധു നുകരുക
ജീവിതകാലം മുഴുവനുമിരുന്ന്
അതിൻ്റെ മധു നുകരുക !
- മുനീർ അഗ്രഗാമി

ചാണ്ഡാലികയും ഭിക്ഷുവും

ചാണ്ഡാലികയും ഭിക്ഷുവും
............................................
ബുദ്ധഭിക്ഷു
ചണ്ഡാലികയോട്
വീണ്ടും ദാഹജലം ചോദിച്ചു
എത്ര കോരിയിട്ടും
പാളയിലൊരു തുള്ളി പോലും
കിട്ടിയില്ല
അല്ലല്ലെന്തു കഷ്ടമിതെന്നൊ രാശ്ചര്യം
കിണറ്റിലേക്കു നോക്കി
പോയെന്നാരോ പറഞ്ഞ
ജാതി തിരിച്ചു വന്ന്
ജലമെല്ലാം കുടിച്ചു വറ്റിച്ച്
അവിടെ ഇരിക്കുന്നുണ്ടായിരുന്നു
അല്ല ല്ലെ ന്തു കഥയിതു
കഷ്ടമെന്നവനും...
കൃപാരസമില്ല
അല്ലൽ മാത്രമെന്നോതിയവൾ
ഒരു കണ്ണീർത്തുള്ളി മാത്രം
പൊഴിച്ചു
ജാതിക്കൊടും വേനലിൽ
സ്നേഹതീർത്ഥം പകരാനാവാതെ
ചണ്ഡാലിക,
ചണ്ഡാലഭിക്ഷുകിയായതേയില്ല!
- മുനീർ അഗ്രഗാമി

യേശു ചോദിക്കുന്നു

യേശു ചോദിക്കുന്നു
.....................................
ആരാണെന്നെ വീണ്ടും വീണ്ടും
കുരിശിലേറ്റുന്നത്?
മൂല്യമുള്ളവ അസാധുവാക്കപ്പെട്ട
രാജ്യത്തു വന്ന്
യേശു ചോദിക്കുന്നു ,

ഒരു കുഞ്ഞാടിനോടും
ഞാൻ നീതികേടു കാണിച്ചിരുന്നില്ലല്ലോ
കൂട്ടം തെറ്റിയ ഒന്നിനെ തിരഞ്ഞുപിടിച്ച്
സ്നേഹിക്കാനല്ലാതെ ഞാൻ
പറഞ്ഞി രുന്നില്ലല്ലോ ?
എൻ്റെ ഉപമകളെടുത്തണിഞ്ഞ്
കരിശേറ്റവും മുൾക്കിരീടവുമില്ലാതെ
ആട്ടിൻതോലുപോലെ
എൻ്റെ ജീവിതമെടുത്തണിഞ്ഞ്
വിശുദ്ധ ചെന്നായകൾ
വേട്ടയ്ക്കിറങ്ങുന്നു
അവയ് ക്കെതിതിരെ
പാപം ചെയ്യാത്തവരുടെ കല്ലുകൾ
പട നയിക്കാത്തതെന്ത് ?
അന്ധൻ അന്ധനെ നയിക്കുന്ന പോലെ
കാഴ്ചയുണ്ടായിട്ടും എൻ്റെ കുഞ്ഞാടുകളെ നയിക്കുന്നതാരാണ് ?
ആരാണവയുടെ കണ്ണ് കുത്തിപ്പൊട്ടിച്ച്
വെളിച്ചം കെടുത്തിക്കളയുന്നത് ?
എൻ്റെ യേശുവേ എന്നു വിളിച്ച്
വിശ്വാസിയായ
വൃദ്ധ കന്യക തിരിഞ്ഞു കിടന്നു
ഉറക്കം പ്രളയജലമൊഴിയുമ്പോലെ
അവരിൽ നിന്നൊഴുകിപ്പോയി.
പുരുഷേച്ഛയില്ലാതെ
ഭൂജാതനായവനേ
സത്യത്തിനു സാക്ഷ്യം നൽകാൻ
വന്നവനേ
ഉടനെ നീ വീണ്ടും വരിക
അവർ പറഞ്ഞു
വീണ്ടും വരിക
ഉന്നതങ്ങളിൽ നിന്ന് ഇറങ്ങി വരിക
വീണ്ടും പ്രളയമുണ്ടായി
സ്വപ്നത്തിൽ കിടന്ന്
അവർ കരഞ്ഞു പോയി
സ്വന്തം കുരിശുമായി യേശു
അൾത്താരയിലേക്ക് കയറി
ചോദിച്ചു
ഇതാ എൻ്റെ രക്തം. പാനം ചെയ്യുവാൻ
ധൈര്യമുള്ളവരാര് ?
ഇതാ എൻ്റെ മാംസം
ഭുജിക്കാൻ ധൈര്യമുള്ളവരാര് ?
കുറെ കൈകൾ നീണ്ടു വന്നു
അവ യേശുവിനെ കുരിശിൽ തറച്ചു
ഉയിർത്തെഴുന്നേൽക്കാനാവാത്ത വിധം
നിർത്താതെ ആണിയടിച്ചു കൊണ്ടിരുന്നു.
സ്വപ്നം നിലവിളിച്ച്
നില വിട്ട്
പതിനാറു വയസ്സുള്ള പെൺ കുട്ടിയായി പുറത്തേക്കോടി
യേശുവിനു മുന്നിൽ മുട്ടുകുത്തി:
അങ്ങയെ എനിക്കറിയാം
അവൾ പറഞ്ഞു,
ദൈവം സ്നേഹമാകുന്നു
ഞാൻ ദു:ഖവും .
- മുനീർ അഗ്രഗാമി

അതീതം

അതീതം
..............
കനാൽ തുറന്നു
അണകെട്ടിയവൻ്റെ നിയമങ്ങൾ
ഊരിക്കളഞ്ഞ്
സ്നേഹമൊഴുകിപ്പടർന്നു

തത്ത്വചിന്തകളും
ആദർശങ്ങളുമഴിച്ചു വെച്ച്
ഞങ്ങൾ
തീർത്തും ഭാരരഹിതരായി
തീർത്തും ലളിതമായി
സ്നേഹത്തിൽ
പുളിയിലകളായിഒഴുകി
തർക്കങ്ങളും സംഭാഷണങ്ങളും
മറന്ന്
മീനിനൊപ്പം ജലമെന്ന പോലെ
പലതുള്ളികളായ് മത്സരിച്ചു
പലരും കുടിച്ചു
ചിലർ വാനിലുയർന്നുയർന്നു പോയി
ചിലർ മണ്ണിലാഴ്ന്നാഴ്ന്നു പോയി
ചിലർ വേരുകളിലൂടെ
യാത്ര പോയി
നിയമങ്ങളറിയാതെ
നിരന്നും നിറഞ്ഞു മൊഴുകി
യാത്ര തുടർന്നു
വറ്റിപ്പോയ ഒരു ദേശംപിടിച്ചു വെച്ചു
അതിൻ്റെ നിയമങ്ങൾ
വലിയ തടാകത്തിൻ്റേണ്
നിറയെ പ്ലാസ്റ്റിക് നിറഞ്ഞത്.
ഒഴുക്കിൻ്റേതല്ല
ഞങ്ങളിൽ ഒന്നിനെ മറ്റൊന്ന്
പ്രവാസിയെന്നു വിളിച്ചു
മറ്റാരുമതു സമ്മതിച്ചില്ല
സംഭാഷണമുണ്ടായി
സംവാദമുണ്ടായി
ഊരിക്കളഞ്ഞതും
അഴിച്ചു വെച്ചതും തിരിച്ചു വന്നു
സൂര്യനെത്ര ശ്രമിച്ചിട്ടും
അഴുക്കു നിറഞ്ഞ തടാകം
വറ്റിയതേയില്ല
- മുനീർ അഗ്രഗാമി

വേനൽക്കുറിപ്പുകൾ

വേനൽക്കുറിപ്പുകൾ
.....................................
കല്പ്പടവിൽ പൊള്ളിനിൽക്കുമ്പോൾ
പുഴ കടന്നതിൻ്റെ ഓർമ്മ
പൊടിമണ്ണുമൂടി മറഞ്ഞു പോയ് .

xxxxx
പരൽമീനുകളുടെ സിംഫണി
കേട്ടൊഴുകിയ തുള്ളികൾ
വിരഹഗാനമായ് അകന്നുപോയ്
xxxxx
എൻ്റെ ഗ്രീഷ്മ സ്പർശനത്തിൽ
അലിഞ്ഞു പോയ നീ മനംനൊന്ത്
വറ്റിയകന്നെങ്ങു പോയ്!
xxxxx
ഓർമ്മയുടെ നിറം പച്ച
വേനലേ മറവിയുടെ മഞ്ഞയിൽ
നീയതു ചേർത്തെന്നെ
തളിർപ്പിക്കുമോ ?
xxxxx
ജല വിരലുകൾ നിൻ്റേതു തന്നെ
ചൂടാവാതെ എൻ്റെ വിരൽ പിടിക്കൂ
ആത്മാവ് വീണയായ് പാടട്ടെ!
xxxxxx
കരിങ്കണ്ണനെപ്പോലെ
മല കയറിപ്പോകുന്നു വേനൽ,
മഴ മലയിറങ്ങി വന്ന വഴി
മൗനിയായ് .
- മുനീർ അഗ്രഗാമി

ഏതാണാ കുട്ടി?

ഏതാണാ കുട്ടി?
.........................
ഓർമ്മകളുടെ ശ്മശാനത്തിൽ ചരിത്രത്തിൻ്റെ
ചിത കത്തുന്നു
വെടിയുണ്ടകൾ
നാടൻ ബോംബുകൾ
കുറുവടികൾ
വടിവാളുകൾ എന്നിവ
എല്ലു പെറുക്കാൻ കാത്തു നിൽക്കുന്നു
പറ
പന
തറ
എന്നെല്ലാം മാഷ്
എത്ര തവണ നോക്കി വായിച്ചിട്ടും
കുട്ടി ഒന്നും മനസ്സിലാവാതെ
ടാബ് ലറ്റുമായി
ക്ലാസിൽ നിന്നിറങ്ങിയോടുന്നു
ശ്മശാനത്തിലവൻ
ചെന്നു നിൽക്കുന്നു
അച്ഛൻ ദഹിച്ച സ്ഥലത്തിനരികിൽ
അച്ഛൻ പഠിച്ചതെല്ലാം ജീവനില്ലാതെ കിടക്കുന്നു
ചൂടുള്ളത് കണ്ട്
അഗ്നികുണ്ഡമായ കണ്ണിൽ നിന്ന്
ഒരു പന്തമെടുത്ത് കുട്ടി അവയ്ക്ക്
തീ കൊളുത്തി
പൾസറിൽ കയറി
ഒരു വീഡിയോ ഗെയിമിലൂടെ
യുവത്വത്തിലേക്ക് ഓടിച്ചു പോയി .
- മുനീർ അഗ്രഗാമി

ഇരയും വേട്ടക്കാരനും

ഇരയും വേട്ടക്കാരനും
ഒരേ സ്വപ്നം കണ്ടു:
ഒരു തൂവൽ വീഴുന്നു
ഉണർവ്വിൽ ,
ഓരേ കുട്ടി
രണ്ടു പേരുടേയും സ്വപ്നം വ്യാഖ്യാനിച്ചു:

ഇരയുടെ ആത്മാവിൻ്റെ
ഒരു കഷണം
മുറിഞ്ഞു വീഴുന്നു .
വേട്ടക്കാരന്
കിരീടത്തിൽ തുന്നിച്ചേർക്കാൻ
ഒരു തൂവൽ .
കുട്ടി അന്നുരാത്രി
വീണുകിട്ടിയ തൂവലുകൾ ചേർത്തു വെച്ച്
കിരീടമുണ്ടാക്കണോ
ആത്മാവുള്ള
കിളിയെ ഉണ്ടാക്കണോ എന്നു ചിന്തിച്ചു കിടന്ന് ഉറങ്ങിപ്പോയി
സ്വപ്നത്തിലവൻ
സ്കൂളിലൂടെ പറന്നു
സ്നേഹം
ദയ
കരുണ
പ്രണയം
വാത്സല്യം ...
എന്നിങ്ങനെ
തൂവലുകൾ ഓരോന്നായി
കൊഴിഞ്ഞു വീണു കൊണ്ടിരുന്നു
സ്വന്തം സ്വപ്നം
വ്യാഖ്യാനിക്കാനാവാതെ,
ഉണർന്ന കുട്ടി പേടിച്ചു;
തൻ്റെ ഇതേ സ്വപ്നം കണ്ട
വേട്ടക്കാരൻ ആരായിരിക്കും ?
ഈ സ്പ്നം വ്യാഖ്യാനിക്കാൻ
ഏതു മാഷ്ക്കാണ്
ധൈര്യമുണ്ടാകുക ?
- മുനീർ അഗ്രഗാമി

പനിയെ കുറിച്ച് അഞ്ച് കുറിപ്പുകൾ

പനിയെ കുറിച്ച് അഞ്ച് കുറിപ്പുകൾ
.......................................'..................
I
പേടിച്ച് പനിപിടിച്ച
ഇരയുടെ നെറ്റിയിൽ
കണ്ണീരിൽ കുതിർന്ന കാലം
തൂവാലയായി കിടക്കുന്നു

II
വരാനുള്ള മഹാവരൾച്ചയുടെ
പനിച്ചൂടിൽ കിടന്ന്
തൊണ്ട വറ്റിയ കിണറുകൾ
കണ്ണീരില്ലാതെ കരയുന്നു
III
നിൻ്റെ ഓർമ്മയിലെന്നും
എഴുന്നേൽക്കാനാവാതെ
പനിച്ചു കിടക്കുന്ന
രോഗിയാ കുന്നുഞാൻ
IV
പനി ഒരു കവിതയാണ്
കിടക്കയിൽ കിടന്ന്
ചൂടോടെ മാത്രമേ
അതു വായിക്കാൻ പറ്റൂ.
V
പനിയുടെ വാക്കുകളിൽ
ഒളിച്ചിരിക്കുന്ന അർത്ഥങ്ങൾ
പനിക്കിടക്കയിൽ എനിക്ക്
സ്വപ്നത്തിൻ്റെ ചിറകുകൾ തരുന്നു
-മുനീർ അഗ്രഗാമി

പൂമാറ്റം

പൂമാറ്റം
.................
ഉപദ്രവിക്കാനെത്തുന്ന പ്രാണികളെ
കൊന്നു തിന്നുന്ന പൂവുണ്ട്
എൻ്റെയും നിൻ്റെയും പാഠപുസ്തകത്തിൽ.
അവ തിന്നുന്നു ,
തേനെടുക്കാൻ വരുന്നവയെ ഇതളിലരിച്ചെത്തുന്നവയെ
ഉളളിൽ കാലെടുത്തു വെയ്ക്കുന്നവയെ.
.
എന്നാ പിന്നെ
നിനക്കും അതായിക്കൂടെ ?
പഴയ ഉപമകളിൽ നിന്ന് പുറത്തെത്തി
ഒറ്റയ്ക്ക്
ധൈര്യത്തോടെ വിടർന്നു കൂടെ?
വെറും ഭാവനയിലല്ല
യാഥാർത്ഥ്യത്തിൽ .
മുള്ളുണ്ടായിട്ടും ഒന്നും ചെയ്യാനാവാത്ത റോസാ പൂവിൽ
വള്ളികളുണ്ടായിട്ടും ഇറുക്കാൻ വരുന്നവനെ
കെട്ടിയിടാനാവാത്ത
മുല്ലപ്പൂവിൽ
നാലാളെ വിളിച്ചു കൂട്ടാൻ മണമുണ്ടായിട്ടും
നാണം കെട്ടു മരിക്കുന്ന
മറ്റനേകം പൂക്കളിൽ
നിൻ്റെ സ്വത്വത്തെ ആരാണിപ്പോഴും
സുരക്ഷിതമെന്നോർത്ത്
കൊണ്ടു വെയ്ക്കുന്നത് ?
അതു നീ തന്നെയാവരുതേ എന്നാണ്
എൻ്റെ പ്രാർത്ഥന.
- മുനീർ അഗ്രഗാമി

കടലു കാണാൻ

കടലു കാണാൻ
...........................
കടലു കാണാൻ
ബാക്കിയായ ഒരൊറ്റക്കുന്ന്
കണ്ണയക്കുമ്പോൾ
കടലു കാണാൻ
കുന്നു കയറുന്നു വേനൽ
കടലു കാണാൻ പച്ചകൊറിച്ച്
തീതുപ്പി കൈവീശി നടക്കുന്നു വെയിൽ
കടലു കാണാൻ
തലയുയർത്തിയൊരു പാറ
കടലു കാണാൻ കിളികളുടെ കൊക്കിലേറിപ്പറക്കുന്ന കാരപ്പഴങ്ങൾ
കടലു കാണാൻ നിവർന്നു നിൽക്കാനാവാതെ
കുന്നിറങ്ങുമൊരരുവി
കടലു കാണാൻ
ഞങ്ങളും പോയി
ഞാവൽപ്പഴം തിന്നു
കാട്ടുപൂക്കൾക്കൊപ്പം കടലു കണ്ട്
കത്തുന്ന നട്ടുച്ചക്കടൽ ത്തിളക്കം കുടിച്ച്
തിരകളായ് തിരിച്ചിറങ്ങി
കടലു കാണാൻ പല വഴി പലരും പോയി
പച്ചിലപ്പടർപ്പായ് കരിമ്പാറകളിൽ
തളിർത്തു
ദൂരെ നിന്ന് കടൽ,
കണ്ണിൽ നോക്കി നിൽക്കെ
കാണാതായ കുന്നുകളെ ഓർത്തു
കരഞ്ഞു
നിശ്ശബ്ദമായ്
കടലു കാണാനിനി വരുന്നവരെ
പേടിക്കണം
പേടമാനായ് പേടിക്കണം
കുന്നിൻ്റെ പള്ളയിലെ
ലക്ഷം വീട് കോളനിയോട്
കാറ്റതു പറഞ്ഞു
കടലു കാണാൻ
കുന്നുകയറി.
- മുനീർ അഗ്രഗാമി

പിന്നോട്ട്

രണ്ടടി പിന്നോട്ട് വെച്ച്
അയാൾ പുരാണത്തിലെ വിമാനത്തിൽ കയറി
പിന്നോട്ടു പറന്നു
ബഹുദൂരം പിന്നാലായി.
മുന്നോട്ടു കുതിക്കുവാനതിനറിയില്ല
പുരോഗമനം എന്നു പേരുള്ള
ഒരു കപ്പൽ
അയാൾ കയറിയ അതേയിടത്തു നിന്ന്
മുന്നോട്ട് നീങ്ങുന്നുണ്ട്
അയാളിനി എങ്ങനെയാണ്
ആ കപ്പലിലെത്തിച്ചേരുക !
സഹതാപം തോന്നിയവർ എത്ര കരഞ്ഞു വിളിച്ചാലും!
പാമ്പും കോണിയും കളിച്ച്
99 ൽ നിന്ന് ഒന്നിലേക്കു വീണ
കുട്ടിയല്ലാത്തതിനാൽ !
- മുനീർ അഗ്രഗാമി

മണ്ണിലേക്ക്

I
കുരുവിക്കുഞ്ഞുങ്ങളെ പോലെ
പാതിരാവിൽ മഞ്ഞയിലകൾ
മണ്ണിലേക്ക് പറന്നിറങ്ങുന്നു
പാട്ടു പോലെ അതു നോക്കി
ഒരു രാപ്പാടി എന്നുള്ളിലിരിക്കുന്നു.
നിലാവിലേക്ക്
കൊക്കു നീട്ടിയിരിക്കുന്നു.
ചിറകടിച്ചുപറക്കുന്ന രാത്രി യൊച്ചകൾ
കൊത്തിത്തിന്ന്
വിശപ്പടക്കുന്നു.
തൂവൽ പോലെ ഒരു നിലവിളി പൊഴിച്ച്
ഉറക്കിലേക്ക് പറക്കുന്നു.
II
മഴയ്ക്കും വേനലിനുമിടയ്ക്ക്
പറന്നു തളർന്ന ഒരു കിളി
അല്പം വിശ്രമിക്കുന്നു
അതൊരു ദു:സ്വപ്നം കാണുന്നു,
വേടൻ എവിടെയിരുന്നാണ്
വില്ല് കുലയ്ക്കുന്നത്!
കാറിൽ ?
സിംഹാസനത്തിൽ?
പാർലമെൻറിൽ?
നിയമസഭയിൽ?
അയ്യോ!
ഇനിയിഴഞ്ഞു വരും
ഉറുമ്പുകളേ
യുവാക്കളേ
വോട്ടുകളേ
വേടൻ്റെ കാലിൽ കടിക്കുക.
ഉന്നം തെറ്റട്ടെ!
കിളി സമാധാനത്തോടെ
ചിറകടിക്കട്ടെ!
രാപ്പാട്ടിനൊപ്പം കളിക്കട്ടെ !
- മുനീർ അഗ്രഗാമി

എഴുത്തമ്മ

എഴുത്തമ്മ
....................
എഴത്തച്ഛനെഴുതിയതിൽ
ഏനില്ല ,എൻമൊഴിയില്ല ,
ഓളില്ല ,ഓനില്ല ,ഓലമടലില്ല
കൈത്തഴമ്പുമായിട്ടിടവേളയിൽ
കൈതോല പ്പായയിലിരുന്ന്
ഓർമ്മകൾ തുന്നുമമ്മമ്മയില്ല
ഇടവഴി കടന്നാൽ ഇരുപുറം നോക്കാതെ,
ഇടമുറിയാതെ യൊഴുകും പുഴയിലെ
പരലില്ല പളളത്തിയില്ല
എടുത്തച്ഛനെഴുതിയതിൽ
ഉഴുതിട്ട വയൽ മുഴുവൻ
എഴുത്തോലയാക്കി,
ജീവിതകഥയെഴുതി
'നെൽച്ചെടികളേ വായിച്ചു വളരെ, ന്നോതിയ വല്യമ്മയില്ല
കന്നുപൂട്ടി കാലു കടഞ്ഞന്തിയിൽ
കള്ളുമോന്തി കപ്പയും മീനുമായ്
വീടണയുമപ്പൂപ്പനില്ല
കാട്ടുപൂഞ്ചോല പോലെ ചിരിച്ച്
കാട്ടു പാതകളിലൊന്നിൽ
നാട്ടുമൃഗത്തിൻ്റെ കുത്തേറ്റു വീണു,
മറവിച്ചതുപ്പിലാഴ്ന്ന പെങ്ങളെ കണ്ടില്ല
കൂരിരുട്ടിൽ വിള കാക്കുവാൻ പോയി
ജീവൻ്റെ വിളക്കണഞ്ഞു
തിരിച്ചെത്താതെ പോയ,
കുഞ്ഞു മിന്നാമിനുങ്ങൻ്റെ കൂട്ടുകാരൻ
കുഞ്ഞേട്ടനെ കണ്ടില്ല
കൊട്ടടയ്ക്കപ്പൊട്ടുകൾക്കൊപ്പം
കട്ടിലില്ലാ കുടിയിൽ
കുടിനീർ മാത്രമിറക്കി
എഴുത്താണിയില്ലാതെ
എഴുത്തച്ഛനെഴുതാത്തതെല്ലാം
എഴുത്തമ്മയെഴുതിയതറിയുന്നു
മനസ്സിന്നെഴുത്തോലയിൽ
നാട്ടു വെളിച്ചത്തിൽ വെൺമ പോലെ
നാട്ടു മൊഴിത്താളമോടെ
എഴുത്തമ്മ എഴുതിയതറിയുന്നു.
എഴുത്തച്ഛനെഴുതിയതിൽ
എഴുത്തത്തമ്മയില്ല
എഴുത്തമ്മയെഴുതിയതിൽ
എഴുത്തച്ഛനുമമ്മയുമല്ല
എഴുത്തൊരു സ്വപ്നവുമല്ല
എഴുത്ത്, എഴുത്തമ്മയുടെ ദേശമല്ല
എഴുത്താണി വരച്ച
അതിർവരമ്പുകളല്ല
ഇരുളടഞ്ഞ മറ്റൊരു ഭൂഖണ്ഡം /
എഴുത്തമ്മ എഴുതിയതുമായ്
ഞങ്ങൾ കുടിയേറിയ ഭൂഖണ്ഡം
എഴുത്തമ്മയിന്നില്ല;
എഴുത്തച്ഛനവിടെയിരുന്നിപ്പോഴുമെഴുതുന്നു
എഴുത്താണി മാറ്റി പേനയാലെഴുതുന്നു
അതിലേനില്ല ഓളില്ല ഓനില്ല .
- മുനീർ അഗ്രഗാമി

നീ മനുഷ്യമരത്തെ കണ്ടിട്ടുണ്ടോ?

നീ മനുഷ്യമരത്തെ കണ്ടിട്ടുണ്ടോ?
ഇല പോലും പൊഴിക്കാനാവാതെ
ഒരുകാറ്റിലും സ്വതന്ത്രമായ്
ഇളകാനാകാതെ
ആകാശത്തേക്ക് ശരിക്ക്
തലയുയർത്താനാവാതെ
നിന്നു പോയ ചില ചലനങ്ങളെ?

നിലാവ് വീഴാതെ
മഞ്ഞു സ്പർശിക്കാതെ
വേരു പോലും
ശരിക്ക് കാണാനാകാതെ
നിന്നു നിശ്ശബ്ദമായ്
ശ്വാസമെടുക്കുന്നവയെ?
ചോദിച്ചതാരാണ് ?
അവനോ അവളോ ?
മുറ്റത്ത് നിന്ന മുരിങ്ങാമരമതു കേട്ടു
തരിച്ചു പോയ്
ചോദിച്ചതാരെന്നു കേട്ടില്ല
അവരുടെ സങ്കടങ്ങൾ
ഒഴുകിപ്പരന്ന മുറ്റത്ത്
അത് പൂവു പൊഴിച്ചു
അല്ലാതെ അതെങ്ങനെയാണ്
അവരുടെ സങ്കടങ്ങളെ
തൊടുക ?
എന്നാലും
ആരായിരിക്കും
ആ ചോദ്യം ചോദിച്ചത് ?
പൂവുകൾ അന്വേഷിച്ചു കൊണ്ടിരുന്നു .
- മുനീർ അഗ്രഗാമി

നിൻ്റെ വെളിച്ചം വിളിക്കുന്നു

ഉയർന്നുയർന്ന്
ശൂന്യാകാശത്ത്
ഒരു താരകമായി നിന്നു
പ്രകാശവർഷങ്ങൾക്കകലെ നിന്ന്
നിൻ്റെ വെളിച്ചം വിളിക്കുന്നു;
എത്ര വിളിച്ചാലും
എത്തിച്ചേരില്ലൊരിക്കലും
സ്വയമെരിഞ്ഞുംജ്വലിച്ചും
തീർന്നു പോകേണ്ടോൻ

ചുറ്റും ശൂന്യത വലയം ചെയ്യുന്നു
വെളിച്ചത്തിൽ കുളിച്ച്
നിൽക്കുന്നു ,
അഭാവവും അസാന്നിദ്ധ്യവും
തിളങ്ങുന്നു
എത്ര വെളിച്ചമുണ്ടായിട്ടെന്ത്
ഒരു രശ്മി പോലും നിന്നിലെത്തുന്നില്ലല്ലോ
-മുനീർ അഗ്രഗാമി

പൊരിവെയിൽത്തീയിൽ

ഒറ്റയാവുന്നു ഞാനും നീയും
ചുറ്റിലെല്ലാരുമുണ്ടെങ്കിലും.
പൊരിവെയിൽത്തീയിൽ
ഓർമ്മകൾ
തപിച്ചു പൊള്ളിനിൽക്കുന്നു
കൊടുംവേനലേ നീ കുടിച്ചു
വറ്റിച്ച ജലസമൃദ്ധിയിൽ
നീന്തിയതിന്നോർമ്മ മാത്രമായ്
പ്രണയം
ദാഹിച്ചു മരിച്ചു പോയ്
ജീവിതത്തിൽ ഗ്രീഷ്മ ജ്വാലകൾ
മുറിച്ചുകടക്കുവാൻ വയ്യിനി,
പ്രണയമേ
ഒരു കുളിർത്തുള്ളിയായെന്നിൽ
നീ പുനർജ്ജനിച്ചില്ലെങ്കിൽ.
- മുനീർ അഗ്രഗാമി

അപരിചിതൻ

അപരിചിതൻ
........................
നഗരത്തീയിലൂടെ
വാടാതെ നടന്നു പോകുന്ന
ഒരുവളെ എനിക്കറിയാം
അവളുടെ സ്വപ്നത്തിൻ്റെ
ഇലകളിലെ ഞരമ്പുകൾ
കുട്ടിക്കാലം നടന്ന വഴികളാണ്
നിത്യവും പല നിറജ്ജ്വാലകളിൽ
നഗരം
നിറഞ്ഞു കത്തുന്നു
നിറമില്ലാത്ത വേരുകൾ
ഏതോ ഓർമ്മകളിൽ തൊട്ട്
അവളെ
തണുപ്പിക്കുന്നു
ഒരു വേര്
ഞാറ്റുവേലകളിലൂടെ
ഞാട്ടിപ്പാട്ടിലൂടെ ,
നിറഞ്ഞ വയൽ വരമ്പിലൂടെ
ഒരു പുഴയിലെത്തുന്നു
അതൊരു കലാലയമായിരുന്നു
അതിന്നിറമ്പിൽ
ഞാനിരിക്കുന്നുണ്ട്
എനിക്ക് കാവലായി ഒരാൽമരവും
അവൾ നഗരത്തീയിലൂടെ
നടന്നുപോകുന്നു
കുഞ്ഞിനുള്ളതും
അമ്മയ്ക്കുള്ളതുമായി
തീപ്പിടിച്ച നടത്തത്തിലും
വാടാതെ.
പക്ഷേ
അവൾക്ക്
എന്നെ അറിയില്ല.
- മുനീർ അഗ്രഗാമി

അനാഥ

അനാഥ
...............
ഒറ്റയാവാതിരിക്കാനാണ്
ഞാൻ വായിക്കുന്നത്
മുലപ്പാലു കൊണ്ട്
വാത്സല്യം
ഓരോ കോശത്തിലുമെഴുതിയ
കവിതയാണ് അമ്മ
നെറ്റിത്തടത്തിൽ
സ്നേഹം
ചുംബനങ്ങൾ കൊണ്ടെഴുതിയ
കഥയാണ് അച്ഛൻ
ഒറ്റയ്ക്കല്ലാതാവുന്ന
യാത്രകളാണ്
ഓരോ വായനയും
മങ്ങിയ വെളിച്ചത്തിൽ
വേദനകളൊഴുകിപ്പരന്ന മുറിയിൽ
ഈറൻ കാറ്റുപോലെ
ഇരിക്കുവാനോ
കിടക്കുവാനോ
ആവാതെ
ചിലനേരം ചില വാക്കുകൾ
എൻ്റെ പിന്നാലെ നടക്കുന്നു
നെഞ്ചിടിപ്പു പോലെ
വാക്കിലോരോന്നിലും
തുടിക്കുമക്ഷരപ്പച്ച
കവിഞ്ഞർത്ഥമൊഴുകുന്നു
ഒറ്റയാവാതിരിക്കുവാൻ
നിശ്ശബ്ദതത തന്നോർമ്മപ്പടർ പ്പിന്നിടയിലൂടെ
ഒഴുകന്നു
രണ്ടു പേരുടെ
കൈ പിടിച്ചൊഴുകുന്നു .
- മുനീർ അഗ്രഗാമി

ചെറിയ കവിതകൾ

മുറിവ്
............
ഓർമ്മയുടെ മുറിവുകൾ തുന്നുവാൻ
പുഴവക്കിലിരുന്നു
ഒരു കാറ്റു വന്നതു
ഭംഗിയായ് ചെയ്തു .

ചിറക്
...........
കൊടുംവേനൽ തന്നതാണീ
ചിറകെന്നു പറയുവാൻ മാത്രം
ഒരപ്പൂപ്പൻ താടി
അരികിലൂടെ പറന്നു പോയി .
ഏകാന്തത
..................
പ്രപഞ്ചത്തോളം ഭാരമുള്ള
ഏകാന്തത വന്നെന്നെ
എടുത്തു നടന്നു
കടലിനു നടുക്ക് കൊണ്ടു വെച്ചു .
ഉദ്യാനം
....... ........
നിനക്കു പൂക്കുവാൻ
ഒരുദ്യാനമായി
മറ്റൊരു ചെടിയും അവിടെ
വളർന്നതേയില്ല
വീഴ്ച
...........
മഞ്ഞയുടുത്ത ഇലകൾ
വീഴുമ്പോഴതിനെ
താങ്ങുമോ
ഓർമ്മയിലെ ചുംബന പ്പച്ചകൾ!
ഇപ്പോഴും
................
അലസിപ്പോയ യാത്രയിൽ
ഇറ്റി വീണ രക്തത്തുള്ളി
യാണ് അവൾ
കട്ടപിടിക്കാൻ മറന്ന്
ഇപ്പോഴും മുറിവിലേക്ക്
നോക്കി നിൽക്കുന്നു
.
പ്രണയിനി
....................
അവൻ്റെ ചുണ്ടുകളിൽ നിന്ന്
നെരൂദ എന്നെ തൊടുന്നു
ഹൃദയത്തിൽ നിന്ന്
റൂമി എന്നെ വിളിക്കുന്നു
അവൻ്റെ വിരലുകൾ
ഖയ്യാമിൻ്റെ ശബ്ദത്തിൽ പാടുന്നു
നോക്കൂ
എന്നിൽ ദൈവം തുളുമ്പി നിൽക്കുന്നു
ദൈവമേ
അങ്ങയുടെ തുള്ളികളാണ്
പ്രണയമെന്ന് ഞാനറിയുന്നു.
-മുനീർ അഗ്രഗാമി

നീയോമനിക്കും പൂവുകൾ

പൂക്കാതെ, മനസ്സാ നീ-
യോമനിക്കും പൂവുകൾ
വിടരും കണിക്കൊന്ന
പോലേതു ഗ്രീഷ്മത്തിലും.
തോൽക്കാതെ, ധീരമായ് നീ
കണ്ടെത്തും സ്വപ്നമെല്ലാം
താരകളാകുമേതു
തമസ്സിൽ കഴിഞ്ഞാലും.
ഓർക്കാതെ , പോകുക നീ
യതിനാലെൻനിശ്വാസ
നിമ്നോന്നതങ്ങളന്നു
തന്ന കൊടുങ്കാറ്റുകൾ.
- മുനീർ അഗ്രഗാമി

ഒരു രഹസ്യത്തിൻ്റെ പുറത്തു കയറി ഒരാൾ വന്നു

ഒരു രഹസ്യത്തിൻ്റെ പുറത്തു കയറി
ഒരാൾ വന്നു
മറ്റൊരു രഹസ്യത്തിൻ്റെ
പുറത്ത് കയറി
മറ്റൊരാളും
മരുഭൂമി അവരെ
കാത്തിരിക്കുകയായിരുന്നു
രണ്ടു തുള്ളികളായ്
അവർ വന്നു
ഒരാൾ രണ്ടു മഴത്തുള്ളി കണ്ടു
മറ്റെയാൾ
രണ്ടു കണ്ണീർത്തുള്ളി കണ്ടു
രണ്ടു പേരും മരുപ്പച്ചയിൽ
വേരുകളിറക്കി
നനവുണങ്ങുവോളം തമ്മിൽ
ചേർന്നു നിന്നു
തീക്കാറ്റടിച്ചു
മണൽത്തരികളേതോ
പ്രാചീന ഭാഷയിൽ അവർക്കൊരു
പുതിയ രഹസ്യം കൊടുത്തു
ആ രഹസ്യത്തിനകത്തു കയറി
അവർ
ആ മരുഭൂമി കടന്നു
ഒരുമിച്ചായതിനാൽ
വന്നതു പോലെ
രഹസ്യത്തിൻ്റെ പുറത്ത്
യാത്ര ചെയ്യാൻ അവർക്ക് തോന്നിയതേയില്ല
-മുനീർ അഗ്രഗാമി

എല്ലാ വണ്ടിയിലും

ഈ നഗരത്തിലേക്ക് കുതിച്ചു വരുന്ന
എല്ലാ വണ്ടിയിലും നീയുണ്ട്
ഈ നഗരത്തിലേക്ക്
ഓടിയെത്തുന്ന എല്ലാ കാറ്റിലും
പെയ്തിറങ്ങുന്ന എല്ലാ മഴയിലും
നീയുണ്ട്

അതു കൊണ്ടു മാത്രം
എല്ലാ വാതിലുകളും തുറന്നിട്ട്
അലയുന്ന വീടാണ് ഞാൻ
ഓരോ നഗരച്ചൂടിൽ നിന്നും
ഓരോ ചൂരിൽ നിന്നും രക്ഷപ്പെട്ട്
നീയതിൽ കയറിയിരിക്കുന്നു
അപ്പോൾ എൻ്റെ അകം ജീവനുള്ളതാകുന്നു
പുറം,
പൂവുകൾ വിടരുന്നതാകുന്നു
നിൻ്റെ ഉടലിൽ മാത്രമല്ലല്ലോ
നീയുള്ളത്
എൻ്റെ ഉടലിൽ മാത്രമല്ലല്ലോ
ഞാനുള്ളത്.
നഗരം ചേർത്തടച്ച ജനാലകൾ
നീ തുറന്നിടുന്നു
അതിലൂടെ സൂര്യൻ അകത്തേക്കിറങ്ങി വരുന്നു
അകം തെളിയുന്നു
അകക്കണ്ണിൽ പകലു പിറക്കുന്നു
നെല്ലോലത്തലപ്പിലൂടെ ഒരു കാറ്റ്
നടന്നു പോകുന്നു
ഞാനും നീയുമതു നോക്കി നിൽക്കുന്നു.
- മുനീർ അഗ്രഗാമി

കല്പന പോലെ

അധികാരത്തിനു്
ഒരു ഭാഷയേയുള്ളൂ
കല്പനയിൽ ആയുധം കൊണ്ട്
അതെഴുതുന്നു
വരികൾക്കിടയിലെ
ഒഴിഞ്ഞ ഇടങ്ങളിലൂടെ
പ്രജകൾ പരുക്കില്ലാതെ
നടക്കാൻ പഠിക്കണം
മുതലാളിത്തം പണ്ട്
കറുത്ത ലിപികളിലെഴുതിയവ
കമ്യൂണിസമിപ്പോൾ
ചുവന്ന ലിപികളിൽ എഴുതുന്നു
എന്ന വ്യത്യാസം മാത്രം .
അതു കൊണ്ട്
ഭൂമി ആരുടേതാണെന്ന്
ചോദിക്കരുത് ;
കല്പന പോലെ
എന്നേ ഉത്തരം കിട്ടൂ
ജലം പോലെ സുതാര്യമായ മനസ്സുണ്ടെങ്കിൽ മാത്രം
സമരം ചെയ്യുക,
മലവെള്ളം പോലെ
മഷി അപ്പാടെ മയ യ്ക്കുവാൻ
അപ്പോഴേ കഴിയൂ.
- മുനീർ അഗ്രഗാമി

കാറ്റിനോളം

കാറ്റിനോളം നല്ല
ഹംസമില്ല
പച്ചയായ് ജീവിച്ചപ്പോൾ
തമ്മിൽ തൊടാനാവാതെ നിന്ന
ഇലകളെ
കരിയിലകളാവുമ്പോഴെങ്കിലും
അതു ചേർത്തുവെക്കുന്നല്ലോ!
- മുനീർ അഗ്രഗാമി

ദി ലിറ്ററേച്ചർ ഫെസ്റ്റിവൽ

ദി ലിറ്ററേച്ചർ ഫെസ്റ്റിവൽ
............................................
മാവേലി നഗരത്തിൽ വന്നു
നോട്ടീസു കണ്ടു,
സാഹിത്യ മേളയെന്നോർത്തു
കയറിച്ചെന്നു
ആശ്രമമെന്നു കണ്ടു
തിരിച്ചു പോന്നു
'സദ് ഗുരു 'സന്യാസി തൻ
അനുഗ്രഹ പ്രഭാഷണം കേട്ടു
ആശ്രമമൃഗങ്ങളിൽ ഹിംസയില്ല
മാനും പുലിയുമൊരേ വേദിയിൽ
അതിൻ്റെ പല്ലും നഖവുമെവിടെപ്പോയ് ?

മാനുഷരെല്ലാരുമൊന്നുപോലെന്ന തോന്നലിൽ ചെന്നു
കള്ളവും ചതിയുമില്ലെന്നറിഞ്ഞു ചെന്നു
പുസ്തകച്ചന്തയും കണ്ടു
എൻ്റെ സത്യാന്വേഷണ പരീക്ഷണങ്ങൾക്കു മുകളിൽ
കള്ളൻ്റെ ആത്മകഥയിരിക്കുന്നു
മൂലധനത്തിനു മുകളിൽ
മൂലാധാരം
ഗീതയ്ക്ക് മുകളിൽ ആൾദൈവം
നളിനിക്കു മുകളിൽ നളിനി ജമീല
അട്ടിയട്ടിയായിരിക്കുന്നു...
*************
വാമനർ പലരുണ്ട്
പല വഴി വരുന്നു
പുസ്തകത്തിലൂടെ
പ്രഭാഷണത്തിലൂടെ
ഭക്ഷണത്തിലൂടെയും
മൂന്നടി ചോദിക്കാതെ തന്നെ
എടുക്കുന്നു
ഒന്നാ മടിയ്ക്ക് മനസ്സു മുഴുവൻ
രണ്ടാമടിയ്ക്കു ഉടലുമുയിരും
മൂന്നാമടിയ്ക്ക്
പാതാളവും
രക്ഷയില്ല
ആൾക്കൂട്ടത്തിൽ അജ്ഞാതനായി നിന്നു
കടൽക്കാറ്റിൻ്റെ പ്രഭാഷണം കേട്ടു
അപ്പോൾ സമരം നിർത്താതെ
കടൽത്തിര പറഞ്ഞു
മൂന്നടി ,
അടിയായ്
ചോദിച്ചപ്പോഴേ
കൊടുക്കേണ്ടതായിരുന്നു!
- മുനീർ അഗ്രഗാമി

ഈ രാത്രിയോളം വലിയ മഹാനദി മറ്റേതുണ്ട്?

നാം മുങ്ങി നിവർന്ന
ഈ രാത്രിയോളം വലിയ
മഹാനദി മറ്റേതുണ്ട്?
നമ്മെ ചേർത്തുനിർത്തിയ
ഈ നിമിഷത്തിനോളം വലിയ
കുളിരേതുണ്ട്?

ജലരാശിയിൽ മിന്നി മറയുന്ന
മീൻ കണ്ണുകൾ നക്ഷത്രങ്ങൾ!
നമ്മെ ചുറ്റിനിന്ന
മഹാപ്രവാഹം സ്നേഹം
നീ അടുത്തു നിൽക്കൂ
നിമിഷങ്ങൾ സെൽഫിയെടുക്കുന്നു
ചേർന്നു നിൽക്കൂ
ഒരു പുഴയിൽ മാത്രമല്ല
ഒരു രാത്രിയിലും
ഒറ്റത്തവണ മാത്രമേ
ഇറങ്ങാൻ പറ്റൂ
നിലാവിൻ്റെ ഫ്ലാഷ് ലൈറ്റിൽ
നാം പകലറിയാത്ത
രണ്ടു നീർപ്പക്ഷികളായ്
മുങ്ങി നിവരുന്നു.
- മുനീർ അഗ്രഗാമി

പൂവിൻറെ ഡയറിയിൽ

പൂവിൻ്റെ ഡയറിയിൽ
പുഴുവെങ്ങനെയായിരിക്കും?
ഒരു ഭീകരജീവിയല്ലാതെ !
എത്രയോ ലളിതമായ ആ വരവ്
ആയിരം പല്ലും നഖവുമുള്ള
ഇഴഞ്ഞു വരവല്ലാതെ
മറ്റെന്താവാനാണ്!

ആരൊക്കെയോ അടുത്ത് വരുന്നു,
വർണ്ണാഭയുടുത്ത്
അത്രയും സൗമ്യമായ്
അത്രയും മൃദുലമായ്
പൂന്തോട്ടത്തിൻ്റെ അതിർത്തി രേഖകൾക്കകത്ത്
ഇലകൾ വിറയ്ക്കുന്നു
അവയുടെ വിരലുകൾ
കാറ്റിൻ്റെ താളിൽ എഴുതുകയാണ്
ആൻ ഫ്രാങ്കിനെ പോലെ.
ഇലകളുടെ ഡയറിയിൽ
പുഴുവിനോളം നിസ്സാരനല്ലാത്തവർ
എന്തായിരിക്കും ?
ദൈവമേ
എന്തായിരിക്കും !


-മുനീർ അഗ്രഗാമി

haiku

https://www.facebook.com/photo.php?fbid=1283942325020813&set=a.650108041737581.1073741828.100002151726221&type=3

പുതിയ രക്തസാക്ഷികൾ

പുതിയ രക്തസാക്ഷികൾ
..........................................
ഓർമ്മകൾ പുതിയ രക്തസാക്ഷികളാണ്
നോക്കൂ ,സൂക്ഷിച്ച് നോക്കൂ ,
ഓർമ്മകൾ കൊല്ലപ്പെടുന്നു,
രക്ത സാക്ഷിയുടെ
ദീപ്തസ്മണകൾ പോലും
വെട്ടേറ്റും വെടിയേറ്റും
രക്തസാക്ഷികളാകുന്നു

കഥകളിൽ നിന്നും
കലണ്ടറിൽ നിന്നും
അവരുടെ സമയം
ആരോ മുറിച്ചു മാറ്റുന്നു
വീണ്ടും അവരെ കൊല്ലാൻ ശ്രമിക്കുന്നു
അവരുടെ ഭാഷ ,
അവർ നമ്മോട് സംസാരിച്ച മരണമില്ലാത്ത ഭാഷ
തകർക്കാൻ ശ്രമിക്കുന്നു
നമ്മുടെ സമയത്തിൽ
നമുക്ക് സമകാലീനരായി
അവർ കാലത്തിൻ്റെ
ഞരമ്പിലൂടെ നടക്കുകയായിരുന്നു.
അവരുടെ സ്വപ്നങ്ങൾ
കാലത്തിൻ്റെ ചുവന്ന
രക്താണുക്കളാണ്
ഓർമ്മകൾ കൊണ്ട്
നാമവ തൊടുമ്പോൾ
നമ്മുടെ രക്തകോശങ്ങളിൽ
അവർ വന്നിരിക്കുന്നു.
അവിടെ താമസിക്കുന്നു
അവശേഷിച്ച രക്തസാക്ഷികളുടെ
വേട്ടേറ്റു പിടയുന്ന ഓർമ്മകളും
വെടിയേറ്റു വീഴുന്ന ഓർമ്മകളും
രക്തസാക്ഷികളാകും മുമ്പ്
അവർ ബാക്കി വെച്ച സ്വപ്നമെടുത്ത്
അവയെ പരിചരിക്കുക!
എന്തെന്നാൽ
ബാക്കിയായ ഓർമ്മകളെ രക്ഷിക്കണം
നമ്മുടെ സ്വപ്നത്തിൻ്റെ തായ് വേര്
അവയിലാണ് ഉണർന്നിരിക്കുന്നത് .
- മുനീർ അഗ്രഗാമി

ഭൂതം

ഭൂതം
..........
പ്രച്ഛന്നവേഷം കെട്ടിയാടുന്ന
ഭൂതമാണ് ചരിത്രം
ശിലാലിഖിതമങ്ങനെ
പറഞ്ഞു തീരും മുമ്പേ
പെരുമ്പറക്കൊട്ടിനൊപ്പം
അത് കളിക്കുന്നു

അച്ചാച്ചനൊപ്പം നടന്ന കുളക്കോഴി
തവളക്കുഞ്ഞ്
ഉടുമ്പ്
പൂത്താങ്കീരി ഒന്നുമതിലില്ല
തുടികൊട്ടിപ്പാടിയ നേരങ്ങളിൽ
അകത്തു നടന്ന യുദ്ധം അതിലില്ല
അമ്മാമ്മ കോമാങ്ങ പുഴുങ്ങിത്തിന്ന
നേരങ്ങളില്ല
തെയ്യം
തിറ
കനലാട്ടം
കളിയാട്ടമെന്നിങ്ങനെ
ചെണ്ടക്കോലു പെരുക്കിയെഴുതിയ
രേഖകൾ
അച്ചാച്ചനെടുത്തു വെച്ചിട്ടുണ്ട്
വേഷങ്ങളെല്ലാം അഴിച്ചെടുക്കുമ്പോൾ
ഭൂതത്തിൽ അതു തെളിയും
ഒറ്റമുണ്ടുടുത്ത്
വയലിൽ തൂമ്പ കൊണ്ട്
അച്ചാച്ചൻ അതെഴുതും
നേല്ലോലകളതു വായിച്ച് വളരും
കരിങ്കണ്ണാ നിനക്കു വായിക്കാൻ
നോക്കുകുത്തി പോലെ
എല്ലാത്തിനും മുന്നിൽ
അരാണ് ചരിത്രം
കുത്തി നിർത്തിയത് ?
ഇപ്പോഴും അതങ്ങനെ നിൽക്കുന്നു
അച്ചാച്ചൻ ഇന്നില്ല
കുഴിച്ചെടുത്ത് വായിക്കുവാൻ
എല്ലു പോലും ബാക്കിയില്ല
- മുനീർ അഗ്രഗാമി