പ്രേമമില്ലാത്തവർക്കൊപ്പം ഞാൻ നടക്കില്ല

പ്രേമമില്ലാത്തവർക്കൊപ്പം
ഞാൻ നടക്കില്ല
......................................
ഹിമാലയത്തിൽ,
കാട്ടിൽ,
കടൽത്തീരത്തിൽ ,
പുഴയിറമ്പിലും
പ്രേമമില്ലാത്തവർക്കൊപ്പം
ഞാൻ നടക്കില്ല
നടന്നാൽ
എന്നിലെ മിന്നാമിനുങ്ങിൻ
നുറുങ്ങുവെട്ടവർ
കുരിരുട്ടായ് കെടുത്തിക്കളയും
ഞാനൊഴുകും നദിയുടെ കുളിർ
പൊരിവെയിലായവർ വറ്റിക്കും

ചുവടുകൾ മൂന്നോ നാലോ കഴിയേ
എന്നുടെ പൂവുകളൊക്കെ കൊഴിയും
മനസ്സിൻ മഹാസരസ്സിൽ
നീന്തുമരയന്നങ്ങളെന്നെ മറക്കും
കടലൊരു കരിങ്കല്ലു പോലുറയ്ക്കും
പ്രേമമില്ലാത്തവർക്കൊപ്പം
ഞാൻ നടക്കില്ല
പ്രേതമായവർ ജീവൻ്റെ തുടിപ്പുകളിൽ
തണുത്തിരിക്കും.
- മുനീർ അഗ്രഗാമി

തീക്കളി

തീക്കളി
..............
കണ്ടിട്ടുണ്ടോ
വേനലിൻ തീക്കളി ?
മഞ്ഞയും ചുവപ്പും കലർത്തി
ആളിയും പാളിയും
വിശപ്പു മാറ്റുന്നതിൻ
മരണക്കളി
ഓറഞ്ചു നിറത്തിൽ,
പൂക്കുവാനാകാതെ
കരിഞ്ഞവയിൽ
പൂവായ് നടന്ന്
കനൽ വസന്തമായ് വിടരുന്ന
താപത്തിൻകളി
കാടുകാണാതെ ശമിച്ച്
കരിയിലൊളിച്ച്
മണ്ണടരുകളിൽ മറയുന്ന
ഒളിച്ചുകളി
പിന്നെ
തീയതിൻ
തണുത്ത രൂപത്തിൽ
വേരിലൂടെ ആളിയാളി വന്ന്
കൊന്നയിൽ
മഞ്ഞ മാത്രം വെയ്ക്കുന്ന
കുട്ടിക്കളി
പിന്നെയും
ഗുൽമോഹറിൽ ചുവപ്പ് തൂവി
മണ്ണിൽ പരവതാനി വിരിച്ച്
മഴയ് ക്കൊപ്പമിരുന്ന്
കുഞ്ഞു മാലാഖയായ്
പൂവിതളുകളാൽ
പൂവിടുന്ന കളി
ഇടയ്ക്ക് വന്നു നോക്കുന്ന
മഴയിൽ മറഞ്ഞ്
നിശ്ശബ്ദമായ് നിന്ന്
വിതുമ്പുന്ന പേരറിയാക്കളി
വെയിലിലൂടെ നടന്ന്
ഒലിച്ചുപോയ ശക്തികൾ തിരിച്ചെടുത്ത്
പുൽക്കൊടിത്തുമ്പിൽ
ആളിയാളി വിടരും
പൂക്കളി .
വേനലെന്നാൽ
തീയതിൻ്റെ നിറങ്ങളാൽ വരച്ച
ഉദ്യാനമാണ്.
ചൂട് അതിലെ പൂമ്പാറ്റകൾ
വേനൽമഴ തേൻ കുരുവി
തണുപ്പ്
വഴി തെറ്റി വന്ന കുയിൽ.
- മുനീർ അഗ്രഗാമി

തുഞ്ചത്തിരുന്ന്

തുഞ്ചത്തിരുന്ന്
,,,,,,,,,,,,,,,,,,,,,,,,,,,,,,
തൂങ്ങിയാടി
തുഞ്ചത്തിരുന്ന്
ആചാര്യൻ ലോണുകളെ കുറിച്ച്
നിശ്ശബ്ദമായി
പഠിപ്പിക്കുന്നു
കിളിപ്പാട്ടുകളില്ല
വിലാപം മാത്രം.

-മുനീർ ആഗ്രഗാമി

കവിതയെവിടെ ?

കവിതയെവിടെ ?
/////////////////////////////////
കവിതയെവിടെ ?
വെളിച്ചം,
അതുണ്ടാക്കിയ
മഴവില്ലിനോട് േചാദിക്കുന്നു
ചോദ്യം കേട്ട് ജലകണികകൾ
പറന്നു പോയി
ലോകം ഇരുട്ടിലായില്ല
പക്ഷേ
നിറങ്ങൾ തകർന്നു പോയി
എങ്ങും വെളിച്ചമായി
ഞാൻ വായിച്ച കവിതയുടെ
ഏഴു നിറങ്ങളും പോയി
കവിതയെവിടെ?
വെളിച്ചമേ
നീയെന്തിനാണ്
അതിനെ പേടിപ്പിച്ച്
ഓടിച്ചത് ?
- മുനീർ അഗ്രഗാമി

തീരാതെ തീരാതെ

തീരാതെ
തീരാതെ
................
ഒരു മഴയും
മുഴുവനായി പെയ്യരുത്
ചില തുള്ളികൾ
ബാക്കിയാവണം

പെയ്യാതെ
ബാക്കിയായ തുള്ളികളുടെ കുളിര്
വിളിച്ചു കൊണ്ടിരിക്കും
ആ വിളിയാൽ മാത്രമാണ്
മുന്നോട്ട് നടക്കുന്നത്
നീ പെയ്തതത്രയും കുടിച്ച്
തളിരുകൾ
നിന്നിലേക്ക് വിരലുകൾ നീട്ടുന്നു
ഓരോ തുള്ളികൊണ്ട്
ഓരോ നിമിഷവും
ഓരോ സ്പർശനം!
തീരാതെ ,തീരാതെ
- മുനീർ അഗ്രഗാമി
................
ഒരു മഴയും
മുഴുവനായി പെയ്യരുത്
ചില തുള്ളികൾ
ബാക്കിയാവണം

പെയ്യാതെ
ബാക്കിയായ തുള്ളികളുടെ കുളിര്
വിളിച്ചു കൊണ്ടിരിക്കും
ആ വിളിയാൽ മാത്രമാണ്
മുന്നോട്ട് നടക്കുന്നത്
നീ പെയ്തതത്രയും കുടിച്ച്
തളിരുകൾ
നിന്നിലേക്ക് വിരലുകൾ നീട്ടുന്നു
ഓരോ തുള്ളികൊണ്ട്
ഓരോ നിമിഷവും
ഓരോ സ്പർശനം!
തീരാതെ ,തീരാതെ
- മുനീർ അഗ്രഗാമി

വീടടച്ചിടുമ്പോൾ

വീടടച്ചിടുമ്പോൾ
................................
മെഡഗാസ്കറിൽ വല്ല്യച്ഛൻ
കാലിഫോർണിയയിൽ കുഞ്ഞേച്ചി
ടെഹറാനിൽ അമ്മച്ചി
മോസ്കോയിൽ അച്ഛൻ

കുറ്റിപ്പുറത്ത് വല്ല്യമ്മ
ചെറിയച്ഛൻ്റെ ഫ്ലാറ്റിൽ
കുഞ്ഞിനെ നോക്കുന്നു
എൻ്റെ വീട് അടച്ചിട്ടിരിക്കുന്നു
അടച്ചിട്ട വീടിന്നു കാവലായൊരു മാവ്
മാവിനു കൂട്ടായൊരു കണിക്കൊന്ന
കണിക്കൊന്നയിലിപ്പോൾ
മഞ്ഞ ശലഭങ്ങൾ
വിഷുപ്പാട്ട് കേട്ടിരിക്കയാവും
മുറ്റത്ത് നാലഞ്ചു കുഞ്ഞു മാങ്ങകൾ
കിടന്നു കളിക്കുന്നുണ്ടാവും
ആരെയും കാണാതെ വീട്
കരഞ്ഞ്
ഉറുമ്പുകളോട് പരാതി പറയുന്നുണ്ടാകും
ഞാൻ നടന്നതിൻ പാടുകൾ
രണ്ടു കീരികൾ വന്നു നോക്കുന്നുണ്ടാകും
കുറെ ചിതലകൾ അവയെ കളിയാക്കി
പറന്നു വന്നിട്ടുണ്ടാകും
ഹോസ്റ്റലടച്ചതിനാൽ
വല്ല്യമ്മയുടെ വിരലിൽ തൂങ്ങി
കുഞ്ഞു കഥയായ് നടക്കുന്നു
വീട്ടിൽ നിന്നെന്നോ
ഇറങ്ങിപ്പോയതാണതിലെ കഥാപാത്രങ്ങൾ
ഇടയ്ക്ക് മൊബൈലിലവർ
വന്നു പോകും
ജീവനുണ്ടെങ്കിലും
ജീവിതമില്ലാതെ.
വീടടച്ചിടുമ്പോൾ
മനസ്സടയുന്നു
മനുഷ്യനടയുന്നു
തുറക്കുവാനുള്ള
സന്തോഷത്തിൻ്റെ താക്കോൽ
വീണുപോയിരിക്കുന്നു
ഞാനുതിരഞ്ഞ്
അമ്മമ്മയുടെ വിരൽ പിടിച്ച്
നടക്കുന്നു :
വീണു കിട്ടിയവരാരോ
കൊന്നപ്പൂവിലതെടുത്തു വെച്ചിട്ടുണ്ടാവും
ഉണ്ടാവും
- മുനീർ അഗ്രഗാമി

അതു മതി

വേനലിലൂടെ
ഒരു മഴ നടന്നു പോകുമ്പോലെ
ജീവിതത്തിലൂടെ
ആരെങ്കിലും
കടന്നു പോയിട്ടുണ്ടോ ?
ഓർമ്മയിലതിൻ്റെയൊരു
തുള്ളിയുണ്ടോ ?
എങ്കിൽ
വേനൽ കടക്കുവാനതു മതി ;
അതു മതി,
വെന്തു നീറുമേതൂഷരതയും
ശമിക്കുവാൻ.

- മുനീർ അഗ്രഗാമി

വേരിന് എത്ര അറ്റങ്ങളുണ്ട് ?

വേരിന് എത്ര അറ്റങ്ങളുണ്ട് ?
...........................................
വേരിന്
എത്ര അറ്റങ്ങളുണ്ട് ?
വേരിന്
അഞ്ചറ്റങ്ങളുണ്ട്
ഒന്ന് മണ്ണിൽ
ഒന്ന് മനസ്സിൽ
ഒന്ന് മരത്തിൽ
ഒന്ന് ഓർമ്മയുടെ തെളിനീരിൽ
ഒന്ന് ഭാവിയുടെ വെളിച്ചത്തിൽ.

ശരിയല്ലേ എന്ന്
വേരിനോടു ചോദിച്ചു
അഞ്ചല്ല അസംഖ്യമെന്ന്
മണ്ണടരിൽ അത് ചുംബിച്ചു
വേരിൻ്റെ ശിഷ്യനായി
വേരിനൊപ്പം നടന്നു
മണ്ണിന്നിരുട്ടിൽ
അറ്റങ്ങളുടെ വെളിച്ചം
അഞ്ചെന്ന അജ്ഞതയിൽ
നേരിൻ വേരുകൾ പാഠമെഴുതി
വേരിന്
അഞ്ചല്ല
അയ്യായിരമല്ല അറ്റങ്ങൾ
ഒരറ്റം പിടിച്ച്
മണ്ണിന്നിരുട്ടിലാണ്ട
ഒരു മഴത്തുള്ളി നടക്കുന്നു
പൂവിലെത്തി ചിരിച്ചു നിൽക്കുന്നു
വെളിയിൽ വീണ ഒരു തുള്ളി
ഒരറ്റം പിടിച്ച്
ഇലയിലെത്തി ശയിക്കുന്നു
മറ്റൊരറ്റം പിടിച്ചു വന്ന ഒന്ന്
പഴത്തിൽ നിന്ന്
എന്നിലേക്ക് കാലെടുത്തു വെക്കുന്നു
വേരിന്
ഇനിയുമുണ്ട് അറ്റങ്ങൾ
ഒന്നു പിടിച്ച് വല്യമ്മ വരമ്പുകടക്കുന്നു
മറ്റൊരറ്റത്ത് ഗ്രാമം
പേൻ നോക്കിയിരിക്കുന്നു
ഒരറ്റത്ത്
ഇരുട്ടിലാണ്ട നദിയുടെ
കുട്ടിക്കാലം
മറ്റൊന്നിൽ ഒരു പനന്തത്തയുടെ
ചിതാഭസ്മം ...
വേരിന്
വേദനയിലുമുണ്ട് ഒരറ്റം
വറ്റിപ്പോയ പച്ചപ്പിലൂടെ
നീരുതേടി അതലയുന്നു
വേരിനൊപ്പം നടന്നു
മണ്ണിനെയറിഞ്ഞു തീർന്നില്ല
വേരിനോളം വലിയ
ജ്ഞാനിയില്ലെന്നറിഞ്ഞു
വിനയാന്വിതനായ്
തരിച്ചുനിന്നു
അറിഞ്ഞതത്രയും പൂവിട്ടു
വസന്തം വന്നു
ആനന്ദം വന്നു.
കണ്ണു നിറഞ്ഞു
കണ്ണീർത്തുള്ളിക്കൊപ്പം
വേരിൻ്റെ ഒരറ്റത്തു നിന്ന്
നൃത്തം ചെയ്തു
- മുനീർ അഗ്രഗാമി

കറുത്ത മരമേ

പൂത്തു പൊഴിയാൻ നിൽക്കുന്ന
കറുത്ത മരമേ
നിൻ്റെ തണലിലെന്നുറക്കം
നീ കൊഴിച്ചിടുമിലകൾ
പുതപ്പുകൾ
നിൻ്റെ ഗന്ധരാഗങ്ങളിൽ
സ്വപ്നങ്ങൾ
ഏതോ ഗാനമാകുന്നു

തട്ടി വിളിക്കുവാൻ വരണ മിനി,
ഒരു തണുത്ത കാറ്റ്
ഒരു മഴത്തുള്ളി;
കറുപ്പിൽ മയങ്ങിപ്പോയ
കാല്പനികനെ .
- മുനീർ അഗ്രഗാമി

മാതൃകയായ കുട്ടി

മാതൃകയായ കുട്ടി
...............................
സങ്കടങ്ങൾ പട്ടിണി കിടക്കുന്ന
ആസ്പത്രിയിലൂടെ നടന്ന്
ബഹളങ്ങൾ കുരച്ചുചാടുന്ന
തെരുവിൽ കുടുങ്ങി
വീടെത്തും മുമ്പേ പീഡിതനായ കുട്ടി
വാർഡുമെമ്പറുടെ മുന്നിൽ ചെന്നു

ആരാണ് വലിയവൻ എന്ന ചോദ്യത്തിന്
കുട്ടി ഉത്തരം പറഞ്ഞില്ല
ആരാണ് ചെറിയവൻ എന്ന ചോദ്യത്തിനും
കുട്ടി ഉത്തരം പറഞ്ഞില്ല
അവൻ എല്ലാം കാണുകയായിരുന്നു,
മരണം വലുതാക്കിയവരെയും
ഭരണം ചെറുതാക്കിയവരെയും.
ചെറുതായിരുന്ന്
വലുതാകുവാൻ.
വലുതായി നിന്ന്
ചെറുതാകുവാൻ
കുട്ടികൾ മാത്രമല്ല
ഉത്തരം പറയേണ്ടതെന്ന്
അവൻ ലോകത്തെ പഠിപ്പിക്കുമോ ?
- മുനീർ അഗ്രഗാമി

അയാൾ ചൂടറിയുന്നില്ല

ഇലപൊഴിഞ്ഞ്
ഉണങ്ങിപ്പോയ
പ്രസ്ഥാനത്തിൻ്റെ ചുവട്ടിൽ
തണലുതേടി ഒരാൾ .
മഴ പെയ്യുമെന്നും
ഇല കിളിർക്കുമെന്നും
അയാൾ വിശ്വസിക്കുന്നു
അതു കൊണ്ടു മാത്രം
അയാൾ ചൂടറിയുന്നില്ല
- മുനീർ അഗ്രഗാമി

നിന്നസാന്നിദ്ധ്യം വിരിച്ച് കിടക്കുന്നു

ഓർമ്മയുടെ തണലിൽ
നിന്നസാന്നിദ്ധ്യം വിരിച്ച് കിടക്കുന്നു
രാവ്
ഉടലിലൂടെ ഇരുട്ടുമായ്
നടന്നു പോകുന്നു ,
ഒറ്റയ്ക്ക് .

ഇലവീഴുന്ന ഒച്ചകൾ ചേർത്തു വെച്ച്
നിശ്ശബ്ദത മറികടക്കുന്നു
പരന്നു തുടങ്ങുന്ന നിലാവും
ചന്ദ്രനും
രാവും
ഒറ്റ.
ആരുടെ അസാന്നിദ്ധ്യമാവും
അവയെ ഉറങ്ങാന നു വ ദി ക്കാത്തത് ?
- മുനീർ അഗ്രഗാമി

ചാതുർവർണ്ണ്യം

ചാതുർവർണ്ണ്യം
...............................
ചാതുർവർണ്ണ്യമനുസരിച്ച്
സമൂഹത്തെ
നാലു വിഭാഗമായിതിരിച്ചിരിക്കുന്നു
പോലീസും മന്ത്രിസഭയും
ഒന്നാം വിഭാഗം
അവർ സവർണ്ണരെന്നറിയപ്പെടും

ഉദ്യോഗസ്ഥരും എം എൽ എ മാരും
രണ്ടാം വിഭാഗം
ഇവർ ഭരണം നടത്തും
മുതലാളിമാരും കച്ചവടക്കാരും
മൂന്നാം വിഭാഗം
ഒന്നാം വിഭാഗത്തിനു വേണ്ടി
കൂലിപ്പണി ചെയ്യുന്നവരും
പെൻഷൻകാരും അവസാന വിഭാഗം
മററുള്ളവർ ചാതുർവർണ്ണ്യത്തിന് പുറത്ത് അലഞ്ഞു തിരിയും
അതിൽ വോട്ടവകാശം മാത്രമുള്ളവർ
അവർണ്ണരാണ്.
പോലീസ് വീട്ടമ്മയെ
നിഷ്ക്കരുണം വലിച്ചിഴയ്ക്കുമ്പോൾ
സവർണ്ണർ കുലധർമ്മം അനുഷ്ഠിക്കുകയാണ്
അതുകൊണ്ട് അവരത്
ന്യായീകരിക്കും
പുറത്തിപ്പോൾ
അയ്യങ്കാളി,
സഹോദരൻ,
ഗുരു എന്നിവരില്ലെന്ന്
അവർക്കറിയാം
അതു കൊണ്ട്
പൊതുഇടങ്ങളിൽ നിന്ന്
ചാതുർവർണ്യത്തിൽ പെടാത്തവർ
നിഷ്കാസിതരാകുന്നു.

നിഴലുകൾ

നിഴലുകൾ
...................
ഞാനിനി നിഴലുകളെ കുറിച്ച് സംസാരിക്കട്ടെ
എനിക്കൊപ്പം ആദിമമായ ഇരുട്ടിൽ നിന്ന്
നടക്കാനിറങ്ങിയ
നിശ്ശബ്ദതയെ കുറിച്ച്.
വെളിച്ചത്തിന്
പ്രവേശനാനുമതി നിഷേധിച്ച
എൻ്റെ രൂപത്തിൻ്റെ അതിരു പങ്കിടുന്ന
രാജ്യത്തെ കുറിച്ച്.

നിഴലുകൾ
ഉദാസീനമായ നേരമ്പോക്കുകളുടെ
തണലുകളല്ല
സൂര്യനും മുമ്പ്,
നക്ഷത്രങ്ങൾക്കും മുമ്പത്തെ
പ്രപഞ്ചത്തിൻ്റെ ഇനിയും മരിക്കാത്ത
തൂവലുകളാണ്
എൻ്റെ ഉടലിലവ ഒളിച്ചിരിക്കുന്നു
മരത്തിലവ മറഞ്ഞിരിക്കുന്നു
വെളിച്ചം ഒരു വശത്തിലൂടെ നടക്കുമ്പോൾ
ചെങ്കുത്തായ മലഞ്ചെരിവിലൂടെ
അതിറങ്ങി വരുന്നു
എന്നെ മറഞ്ഞു നിന്ന്,
അധ: കൃതയായ ഒരമ്മ
വെളുത്തു തുടുത്ത്
സവർണ്ണനായിപ്പോയ മകനെ നോക്കുമ്പോലെ
നോക്കുന്നു
മകൻ്റെ വെളുത്ത മുറിയിലേക്ക്
ഭൂതകാലത്തിൽ നിന്ന്
കരിപിടിച്ച അടുക്കള പാളി നോക്കുമ്പോലെ
നിഴലുകൾ നിഴലുകളല്ല
മണ്ണിൽ നിന്ന് ഉയർന്നു പോയ മരങ്ങൾ
മണ്ണിനു കൊടുക്കുന്ന
സമ്മാനമാണത്
സ്വന്തം ആകൃതിയിൽ നിർമ്മിച്ച
കുളിര്.
നിഴലുകൾ
മൗനത്തിൻ്റെ മഹാ മൂർത്തിയാണ്
എല്ലാ ഒച്ചപ്പാടുകളുടേയും
വെളിച്ചത്തിൻ്റെ പിന്നിൽ നിന്ന്
അവ നിശ്ശബ്ദമായ് പ്രാർത്ഥിക്കുന്നു
വെളിച്ചം ഒന്നിനെ പ്രണയിക്കുമ്പോൾ
നിഴലുണ്ടാകുന്നു
കോപം കൊണ്ടു പൊളളുമ്പോൾ
അല്പനേരം വിശ്രമിക്കാൻ
പ്രണയമുണ്ടാക്കുന്ന
രസകരമായ ഇരുട്ട്
ഏതാൾ ക്കൂട്ടത്തിലും ത്രിമാനമായ
സന്തോഷങ്ങളുടെ ദർശന മ യ മാ യ ഇരുട്ട്.
നിഴൽ
രഹസ്യത്തിൻ്റെ നിറമാണ്
വെളിച്ചപ്പെടാൻ കൂട്ടാക്കാത്ത
വിശുദ്ധ രഹസ്യമാണത്
വെളിച്ചം കടന്നു പോകാൻ പേടിക്കുന്ന
ഒരു മറ.
അതാരുടെ മതമാണ് ?
തണലു തരുമെങ്കിൽ
അതു നിൻ്റെ മതമാകട്ടെ!
വെളിച്ചമില്ലെങ്കിലെന്ത്?,
വെളിച്ചത്തിൻ്റെ സ്പർശം അദൃശ്യമായി
അതിനെ തലോടുന്നുണ്ടല്ലോ
എൻ്റെ സംസാരത്തിൻ്റെ ജനലഴി പിടിച്ച്
നീ നിൻ്റെ നിഴലിലേക്ക് പോകുക
വെളിച്ചം നിനക്കു തന്ന
നിൻ്റെ രൂപത്തിലുള്ള
വലുതും ചെറുതുമായ പൂവുകൾ .
അതിനൊറ്റ ഇതൾ മാത്രം
ആരുടെ വെളിച്ചത്തിലാണതു വിടരുക?
പടിഞ്ഞാറു നിന്ന് കിഴക്കോട്ട്
വിടരുമ്പോൾ
എൻ്റെ സൂര്യനേ എന്നൊരു വിളിയാകുന്നു അതിലെ
പൂന്തേൻ
അറബിക്കടലിൻ്റെ ഇലകളുടെ തിരകളിൽ തൊട്ട്
സ്പ്നം വിടരുമ്പോലെ
നിഴലുകൾ വിടർന്നു നിൽക്കുന്നു
ഉന്നതങ്ങളിലിരുന്ന്
മണ്ണു തൊടാനാഗ്രഹിക്കുന്നവരുടെ
ആഗ്രഹങ്ങളാണ് നിഴലുകൾ
പ്രഭാതത്തിൻ്റേയും ഉച്ചയുടേയും
സന്ധ്യയുടേയും
ആഗ്രഹങ്ങൾ.
ആ ആഗ്രഹങ്ങളിലിരുന്ന്
വറ്റി വരണ്ട ദേശത്തെ തണുപ്പിക്കാൻ
നാം പുതിയ ആഗ്രഹങ്ങളുണ്ടാക്കുന്നു
നിഴലുകൾ ആഗ്രഹങ്ങളുടെ
വീടുകളാണ്
അതുകൊണ്ടാണ് അവിടെ
കുളിരു വന്ന് താമസിക്കുന്നത് .
കുളിരിലല്ലാതെ
വസന്തത്തിൻ്റെ വേരുകൾ വിശ്രമിക്കില്ല
നിഴലുകൾ പണിയുന്ന വീടിന്
ആൽ മരം കാവൽ നിൽക്കുമ്പോൾ
എനിക്കൊപ്പം നടക്കാൻ വന്ന
നിശ്ശബ്ദനായ കൂട്ടുകാരനും ഞാനും
അവിടെ ഒരു സത്രത്തിലെന്ന പോലെ
താമസിക്കുന്നു.
കാറ്റിൻ്റേയും കിളികളുടേയും
നിഴലുകളും അവിടെ താമസിക്കുന്നു
ഒരു സംസ്കാരം പിറക്കുന്നു
നിഴലുകളില്ലെങ്കിൽ
മരിച്ചു പോകമായിരുന്ന കുഞ്ഞാണ്
സംസ്കാരം
മുലപ്പാലു പോലെ
വെളിച്ചം കുടിച്ച്
നിഴലുകളുടെ തൊട്ടിലിൽ
അതു കിടന്നു വളരുന്നു
മണ്ണിൽ പതിഞ്ഞു കിടക്കുന്ന
നിഴലുകളാണ് അതിനെ
താലോലിക്കുന്നത്
നിഴലുകൾ ഓർമ്മകളാണ്
ഏതു തീക്ഷ്ണ വെളിച്ചത്തിനും മറക്കാൻ പറ്റാത്ത ഒന്നു് .
- മുനീർ അഗ്രഗാമി

സ്വപ്നം കുടിക്കുന്നു

ജീവിതത്തിൻ്റെ ഉറുമ്പുകൾ
സമയത്തിൻ്റെ വക്കിലൂടെ നടക്കുന്നു
സ്വപ്നം കുടിക്കുന്നു
അതിൽ വീണുപോകാതെ

ചുവപ്പുനാട

നാവുകളെല്ലാം
ചുവപ്പുനാടയിട്ടു കെട്ടി.
ഉത്തരവുള്ളതിനാൽ
ഒന്നു പോലും അനങ്ങിയില്ല
പ്രജാപതി മാത്രം
ജനാധിപത്യത്തെ കുറിച്ച്
വാതോരാതെ
സംസാരിച്ചുകൊണ്ടിരുന്നു.
മഴ പെയ്തില്ല
മഞ്ഞു പൊഴിഞ്ഞില്ല
വേനൽ മാത്രം
വേനൽ മാത്രം
- മുനീർ അഗ്രഗാമി

അരുത് നാട്ടാളാ !

കുറ്റിക്കാടുകൾക്കിടയിലൂടെ
ഒരു നിലവിളിയിഴഞ്ഞ്
കാട്ടിലേക്ക് രക്ഷപ്പെട്ടിട്ടുണ്ട്
അവളെ പിന്തുടരുന്ന കാലടികളിൽ
രക്തക്കറയുണ്ട്
കുഞ്ഞുങ്ങൾക്ക്
അന്നത്തിനായൊരു കാട്ടുകോഴിയെ
അമ്പെയ്തിട്ട വേടൻ
കണ്ടതാണത്

അരുത് നാട്ടാളാ !
എന്നവൻ
ആരാണ് ജയിലിൻ്റെ വാതിൽ
തുറന്നിടുന്നത് ?
മനസ്സിൽ കത്തിയുള്ളവരാണവർ
കണ്ണു കുത്തിപ്പൊട്ടിക്കുമെന്ന്
വെളിച്ചം പോലും പേടിക്കുന്നു
കൊല്ലപ്പെട്ടവരുടെ കുഞ്ഞുങ്ങൾ
ഇരുട്ടിലാകുമോ ?
വെളിച്ചത്തിന്
കാഴ്ച നഷ്ടപ്പെടുമോ ?
- മുനീർ അഗ്രഗ്രാമി

ഒന്നിൽ മറ്റൊന്ന്

ഒന്നിൽ മറ്റൊന്ന്
............................
ഒരു രാത്രിയുടെ അകലത്തിൽ
രണ്ടു വൻകരകളിൽ
രണ്ടുസങ്കടങ്ങൾ
കുടുങ്ങിക്കിടക്കുന്നു

നിലാവ് അവയിൽ
മുങ്ങി നിവരാം,
ഒന്നിൽ
മറ്റൊന്നിനെ തിരഞ്ഞ്.
ദേശാടനക്കിളി
അവയിലൂടെ പറന്നു പോകാം
ഒന്നിൽ
മറ്റൊന്ന്
പൂത്തിരിക്കുന്ന വഴിയേ .
വീടിൻ്റെ നിറം
കുഞ്ഞിൻ്റെ ചിരി
ഇണയുടെ മണം
ഇളവെയിലിൻ്റെ ചൂട്
എന്നിവ
ഇരുട്ടിൽ കലർന്ന്
പെയ്യുവാൻ തിടുക്കം കൂട്ടുന്നു
അറിയാതെ
തീരെയറിയാതെ
നിമിഷങ്ങൾ നനഞ്ഞൊലിക്കുന്നു
ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക്
മണ്ണൊലിച്ചു പോകുന്നു
ഇരുട്ടിൽ വേരുകൾ
അനാഥമാകുന്നു
രാത്രി കനക്കുന്നു
അകലം കണ്ണു പൊത്തുന്നു
കുടുക്ക് മുറുകുന്നു
രണ്ടുദേശങ്ങളിൽ
രണ്ടു സങ്കടങ്ങൾ
മോചനം കാത്ത്
ഇരുട്ടു കുടിച്ച് രാത്രി മഴയായ്
പെയ്യുന്നു.
- മുനീർ അഗ്രഗാമി

ആസ്വാദനം: രാഗം; അനുരാഗം.

കുടക്കീഴിൽ
ഞാനുമേകാന്തതയും
മാത്രം
മഴപ്പാട്ട്,
മരത്താളം
ചീവീടിൻ ശ്രുതി,
ഇരുളിൽ രുദ്രവീണ,

വയൽ വരമ്പിലൂടെ ന്നപോൽ ഉറക്കത്തിലൂടെ നടത്തം
ഉണർ വിലേക്കൊരു
കാൽ തെറ്റി വീഴൽ
ആസ്വാദനം:
രാഗം;
അനുരാഗം.
നിന്ന സാന്നിദ്ധ്യമറിയുവാൻ
വന്നൊരു കുളിർക്കാറ്റ്
ഇറയത്ത്
നിൻ കണ്ണീർ തുള്ളികൾ
ഇറ്റി വീണുവോ
ജ ന ൽ പാളികളിൽ
നിൻ തൊണ്ടയിsറിയോ?
ആഗ്രഹമൊരു മിന്നലിൽ
തെളിഞ്ഞു:
പെരുമഴയിൽ
നിനക്കൊപ്പം
കുടക്കീഴിൽ
എരിവെയിലിലും
നിനക്കൊപ്പം
കുടക്കീഴിൽ.
കുടയായ് ഞാനീ വീട്
എപ്പോഴും
തുറന്നു വെച്ചിരിക്കുന്നു
-മുനീർ അഗ്രഗാമി

അശാന്തമായ കടലുകൾ

അശാന്തമായ കടലുകൾ
......................................
കുട്ടികൾ
പുതിയ സ്വപ്നം കാണുന്നു
അവർ പുതിയ ലോകത്താണ്
സഞ്ചരിക്കുന്നത്
നിങ്ങളവരെ പഴയ ലോകങ്ങളിലേക്ക്
നാടുകടത്തരുത്

സർവ്വകലാശാലകളും
പാഠശാലകളും അവർക്കു കടന്നു പോകാനുള്ള ആദ്യത്തെ വാതിൽ മാത്രമാണ്
നിങ്ങളുടെ ചിന്തകൾ കൊണ്ട്
അതു നിങ്ങൾ അടയ്ക്കരുത്
വെടിപ്പു കയുടേയും
ആർത്തനാദങ്ങളുടേയും അതിരുകളിൽ
അവരുടെ ലോകം അവസാനിക്കുന്നില്ല
നിങ്ങളുടെ സ്വസ്ഥത കൊണ്ട്
അവിടെ വൻമതിൽ കെട്ടരുത്
സംസാരിക്കുമ്പോൾ കുട്ടികൾ കടലുകളാണ്
നിങ്ങളുടെ ശാന്തി കൊണ്ട്
അവരെ കുളമാക്കി ചുരുക്കരുത്
നോട്ടം കൊണ്ട്
ചെറുതാക്കി , വറ്റിച്ചു കളയരുത്
കുട്ടികളെന്നാൽ
വെറും കുട്ടികളല്ല
മുതിർന്നവരുടെ ലോകം പൊളിച്ചുപണിയേണ്ട
കൈകളാണ്
നിങ്ങളുടെ ഭീരുത്വം കൊണ്ട്
നിങ്ങളത് വെട്ടിക്കളയരുത്.
കുട്ടികൾ സ്വതന്ത്രമായ അവരുടെ രാജ്യം
കൊണ്ടു നടക്കുന്നവരാണ്
സ്മൃതി കൊണ്ടും മൃതികൊണ്ടും
നിങ്ങളവരെ തടവിലിടരുത്
- മുനീർ അഗ്രഗാമി

വിമത മരങ്ങൾ

വിമത മരങ്ങൾ
..........................
ഇലഞ്ഞികൾ പൂത്തു
കുയിലുകൾ വന്നു
ഇണയ് ക്കൊപ്പമിരുന്നു പാടി
തമ്മിൽ വിരലു കോർക്കുമ്പോലെ
ശാഖകൾ ചേർത്തു
പൂച്ചുണ്ടുകൾ തമ്മിൽ ചേർത്തുനിന്നു
രണ്ടിലഞ്ഞി മരങ്ങൾ
ഹോസ്റ്റൽ വളപ്പിൽ
ആരുനട്ടതാണി വയെന്നറിയില്ല
തമ്മിൽ നോക്കിയടുത്തു നിൽക്കുകയാണവ
നവവസന്തം വന്നു വിളിച്ചു,
ഉളളുണർന്നു നോക്കുമ്പോൾ
ചിന്തകൾ പോലെ
പൂവുകൾക്കൊരേ മണം
വിചാരം പോലെ
മലരുകൾക്കൊരേ നിറം
വേരുകളില്ലായിരുന്നെങ്കിൽ
മണ്ണവയെ മുറുക്കി പിടിച്ചി രുന്നില്ലെ ങ്കിൽ
മതിലുകൾ പൊളിച്ച്
അവ നടന്നു പോകുമായിരുന്നു
ഒരുമിച്ച് ലോകം കാണുമായിരുന്നു
കടലിൽ ഇലകൾ നനയ്ക്കുമായിരുന്നു
ഒരു കുരുവി വന്നു
അവയിൽ പാറിപ്പാറിയിരുന്നു
തോഴിമാരേ എന്നവയെ വിളിച്ചു
തേൻ കുടിച്ചു പറന്നു പോയി
ഇലക്കണ്ണിൽ
ഇളം വെയിലേറ്റു ,തിളങ്ങി
കൺപീലികൾ.
വേനലൊലിച്ചു പോകുവാൻ മാത്രമന്നേരമൊരു
പെരുമഴ വന്നു .
മുടിയഴിഞ്ഞു വീണു
മഴയിൽ കുളിച്ച്
ചിരിപോലെ പൂക്കൾ പൊഴിച്ച്
ഏതോ കാറ്റിൽ
കെട്ടിപ്പിടിച്ചു നിന്നു പോയ്
രണ്ടു മരങ്ങൾ.
ഇലഞ്ഞി മരങ്ങൾ .
- മുനീർ അഗ്രഗാമി

അത്രമേൽ പ്രണയത്താൽ

മഴ
......
എവിടെയോ ഒരു വിത്ത് കാത്തിരിക്കുന്നുണ്ടാവും
അത്രമേൽ പ്രണയത്താൽ .
അതിനെ തിരഞ്ഞല്ലാതെ
മറ്റൊന്നിനുമല്ല
മഴ വരുന്നത്.
തീർച്ചയായും
മഴ മനുഷ്യനെ പോലെയല്ല.
- മുനീർ അഗ്രഗാമി

തിരഞ്ഞെടുത്ത തുള്ളികൾ

തിരഞ്ഞെടുത്ത തുള്ളികൾ
..................... ...................:....................
അച്ചനള അയ്യങ്കോട്
പേപ്പാറ നിവാസികളേ
നിങ്ങൾക്ക് കുടിവെള്ളമില്ല
കിണറുകൾ അതിൻ്റെ ആഴത്തിൽ
വിണ്ടുകീറിയിരിക്കുന്നു,
പെൺമക്കളുള്ള അമ്മയെ പോലെ.
നെഞ്ചു വിരിച്ച് ഉയർന്നു നിന്ന പൈപ്പുകൾ
ഉരുകിപ്പോയിരിക്കുന്നു,
ആൺമക്കളുള്ള
അച്ഛനെ പോലെ .
വിരൽത്തുമ്പിലൂടെ നദി ഒഴുകിയിറങ്ങുന്നത്
നിങ്ങൾക്ക്‌ സ്വപ്നം കാണാം
മുറ്റത്ത് മഴത്തുള്ളികൾ
ചിക്കിപ്പെറുക്കുമെന്ന്
വെറുതെ വിചാരിക്കാം
വിചാരങ്ങളുടെ തണലിലിരുന്ന്
നിങ്ങൾ ദാഹിച്ചു വലയുന്നു
ഓരോരുത്തരും ചെയ്ത
ഓരോ വോട്ടും ജലത്തുള്ളികളാവേണ്ട
അസുലഭ സന്ദർഭമാണിത്
ഉച്ചത്തിൽ മുഴങ്ങി
ആകാശത്തിൽ ലയിച്ച
മുദ്രാവാക്യങ്ങൾ
കുളിരോടെ തിരിച്ചെത്തേണ്ട
സമയമാണിത്.
പക്ഷേ
വരൾച്ച നിങ്ങൾക്കു മുകളിലൂടെ
കൊടി വെച്ച കാറിൽ
പൊടിപറത്തി
കടന്നു പോകുന്നു
മോഹം കൊണ്ടും
ഹേമം കൊണ്ടും
ഹോമം കൊണ്ടും
ദാഹം മാറില്ല
അച്ചനള അയ്യങ്കോട്
പേപ്പാറ നിവാസികളേ
നിങ്ങൾക്ക് കുടിവെള്ളമില്ല
നിങ്ങൾ തിരഞ്ഞെടുത്ത
ജലത്തുള്ളികളില്ല
നിങ്ങൾക്കു വേണ്ടി
ഭാരരഹിതരായ്
നീരാവിയായ്
മേഘമായ് പെയ്യുവാൻ
സേവന സന്നദ്ധരായ്
ആരാണുള്ളത്?
ആരാണുള്ളത് ?
- മുനീർ അഗ്രഗാമി

ഇന്നലെ പെയ്ത മഴയുടെ ചെരിവിൽ

ഇന്നലെ പെയ്ത
മഴയുടെ ചെരിവിൽ
കിടന്നുറങ്ങി;
എഴുന്നേറ്റു
നഗ്നയായ കുളിര്
എഴുന്നേൽക്കാനാവാതെ
നാട്ടു വെളിച്ചം പുതച്ച്
തൊട്ടടുത്ത് .
ജനുകളെല്ലാം തുറന്നിട്ട്
മനസ്സുപോലെ
വീടതു നോക്കി നിൽക്കുന്നു.
- മുനീർ അഗ്രഗാമി

ഹോളി ഹോളി എന്ന് പേരിടാത്ത കവിത

ഹോളി ഹോളി എന്ന് പേരിടാത്ത കവിത
............................................................
അന്നേരം ഞങ്ങൾ
നിറങ്ങൾ കൊണ്ട് കളിക്കുകയായിരുന്നു
നീല,
ചുവപ്പ്,
കങ്കുമം ,
മഞ്ഞ ...
എന്നിങ്ങനെ
നിറങ്ങളുടെ ജനാധിപത്യത്തിൽ
കുളിക്കുകയായിരുന്നു

അന്നേരം
തോറ്റവരുടെ മുകളിൽ വിജയിച്ചവരുടെനിറം മൂടുകയായിരുന്നു
മുഖങ്ങളും വസ്ത്രങ്ങളും
ആരേയും തിരിച്ചറിയാനാവാത്ത വിധം
മാറിപ്പോയിരുന്നു
ആരാണ് തളർന്നു വീണത് ?
ആരാണ് കൊല്ലപ്പെട്ടത്?
ആരാണ് പീഡിപ്പിക്കപ്പെട്ടത് ?
ആരാണ് സ്വന്തം ജീവിതത്തിൽ നിന്ന്
നാടുകടത്തപ്പെട്ടത് ?
എന്നൊന്നും ഞങ്ങൾക്ക് മനസ്സിലായില്ല
ഞങ്ങൾ
സ്വന്തം മുഖം തിരിച്ചറിയാനാവാതെ
നിറങ്ങൾ ക്കൊപ്പം നടക്കുകയായിരുന്നു .
നിറങ്ങൾ ഏതു വഴിയാണ്
വന്നതെന്നോ
ആരാണ് കൊണ്ടുവന്നതെന്നോ
ഞങ്ങൾ തിരക്കിയില്ല
സിലബസ്സ് ആരാണുണ്ടാക്കുന്നതെന്ന്
തിരക്കാത്തതുപോലെ
ആരാണ് പാചകം ചെയ്യുന്നതെന്ന്
അന്വേഷിക്കാത്തതു പോലെ.
കളി കാര്യമായപ്പോൾ
പാതി വഴിയിൽ വീണ്
നക്ഷത്രങ്ങളായവരുടെ വെളിച്ചത്തിൽ
ഇപ്പോൾ ഞങ്ങളാ വഴിയറിയുന്നു
ഞങ്ങൾക്ക് ഞങ്ങളെ നഷ്ടപ്പെട്ട വഴിയറിയുന്നു
നിറങ്ങളുടെ തനിനിറമറിയുന്നു
നിറങ്ങൾ വെറും നിറങ്ങളല്ല
കൊടികളിലവ കടലിൻ്റേതോ
കാടിൻ്റേതോ മണ്ണിൻ്റേതോ
മനുഷ്യൻ്റേതോ അല്ല
കൊടി പിടിച്ച വരിലും
പൊടി വിതറിയ വരിലുമത്
പൂവിൻ്റേതോ പൂമ്പാറ്റയുടേതോ അല്ല
അതുകൊണ്ട്
ഇന്നേരം
ഞങ്ങൾക്ക് എല്ലാം മാറ്റിക്കളിക്കണം
ഇലപ്പച്ചയിലിരുന്ന്.
ആകാശനീലിമ കണ്ട്
തെച്ചിച്ചോപ്പിറുത്ത്
മയിലാട്ടത്തിൻ നിറത്താളത്തിൽ
മണ്ണിനെയറിഞ്ഞ്,
തോൽക്കാതിരിക്കുവാൻ
കാര്യമായ
ഒരു കളി.
- മുനീർ അഗ്രഗാമി

വരൾച്ചയാണ്

വരൾച്ചയാണ്.
അതിനാൽ
തൊണ്ണൂറ് പൂവുകളുമായാണ്
വസന്തം വന്നത്.
വറ്റിപ്പോയ പൂന്തോട്ടത്തിൽ
ഇതിൽ കൂടുതൽ
ആരു പ്രതീക്ഷിക്കാനാണ് !

പക്ഷേ
പാഴ്ച്ചെടികൾ നിറയെ പൂത്തിരിക്കുന്നു
തോട്ടക്കാരെല്ലാം ഉറക്കത്തിലായിരുന്നു
വെയിലായാലും മഴയായാലും
വംശവർദ്ധനയ്ക്കുള്ള ഊർജ്ജം
പട്ടിണിയറിയാത്ത കളകൾ
വിശന്നവയുടെ അപ്പത്തിൽ
വേരുകളാഴ്ത്തി നേടിയതാണ്
ഇടിമുഴക്കങ്ങളും
കുയിൽ നാദങ്ങളുമില്ലാതെ
മുല്ലപ്പൂക്കളെ പോലെ
വിരിയേണ്ട സ്വപ്നത്തെ
വെയിലിൻ്റെ ചൂണ്ടുവിരലുകൾ
കൊന്നുകളഞ്ഞു
വരൾച്ചയാണ്
കൊടും വരൾച്ച!
ഇത്രകാലവും അന്നമില്ലാതെ
ചെടി പിടിച്ചു നിന്നു
തോക്കുകൾ കൊണ്ടും
നഖങ്ങൾ കൊണ്ടും
അതിൻ്റെ ഇലകൾ കൊഴിച്ചവരുടെ കോമ്പല്ലുകൾ
പൂക്കളിലേക്ക് നീളുന്നു
അതിജീവിക്കുമോ
വേനലേ അത് ?
- മുനീർ അഗ്രഗാമി

സരസ്വതി 38

സരസ്വതി 38
...................
ഒഴുകാനാവാതെ
വറ്റിയിരിക്കുന്നു
അകത്തവൾ
സരസ്വതി.

വീടിനോളം വലിയ
രാജ്യമുണ്ടോ ?
മുറ്റത്തോളം വലിയ
മൈതാനമുണ്ടോ ?
അവൾ ചോദിച്ചു
ഇല്ല, ഇല്ല
എന്നു മാത്രം
ചുറ്റുമുള്ളവർ പറഞ്ഞു
ഉണ്ട്, ഉണ്ട്
എന്നു പറയുന്നവനെ കാത്ത്
അവളിരുന്നു
ചില ഉത്തരങ്ങളിൽ കയറി
അതിർത്തികൾ കടക്കാം
ചില ഉത്തരങ്ങളിലിരുന്ന്
സമാധാനത്തിലൂടെ സഞ്ചരിക്കാം
ഗംഗയെ പോലെ
യമുനയെ പോലെ
കടലിലേക്ക് ധൈര്യമായ് ഒഴുകാം
കടലിലലിയാം
മഹാസമുദ്രത്തിലലിഞ്ഞ്
ലോകം ചുറ്റാം
തിരിച്ചുവരാനാവാത്ത വിധം
തിരകളിൽ ചിറകടിക്കാം
വിദ്യയുണ്ടെങ്കിലും
അവൾ വിദ്യാദേവിയായില്ല
ഒഴുകാനറിയുമെങ്കിലും
അവൾ നദിയുമായില്ല
എന്നിട്ടും മരിച്ച നദിയെ പോലെ
അവൾ
ആഗ്രഹങ്ങൾക്കടിയിലൂടെ ഒഴുകുന്നു
ജീവിച്ചിരിക്കുന്ന മരണം പോലെ
വരണ്ടുണങ്ങി
സ്വപ്നങ്ങൾക്ക് മുകളിൽ വിയർത്ത്
കിടക്കുന്നു.
- മുനീർ അഗ്രഗാമി

ദി ഗ്രെയിറ്റ് ഇന്ത്യൻബിനാലെ

ദി ഗ്രെയിറ്റ് ഇന്ത്യൻബിനാലെ
....................... ..........................
ഏറ്റവും വലിയ ഇൻസ്റ്റലേഷനാണ്
രാത്രിത്തീവണ്ടി
രാജ്യത്തെ സംസ്കാരത്തിൻ്റെ
ഉടുപ്പു ക ള ത്രയും
അതിനകത്ത് പല പോസുകളിൽ
വിതാനിച്ചിരിക്കുന്നു
ചലിക്കുന്ന ശില്പങ്ങൾ പോലെ
സ്ഥലത്തെ മാത്രമല്ല
കാലത്തേയും ദൂരത്തേയും
അതുൾക്കൊള്ളുന്നു

പല കാലാവസ്ഥകളിൽ
പല ബോഗികളിൽ
ഉറക്കും ഉണർവ്വും
ചിത്രീകരിച്ചിരിക്കുന്നു
പുറത്ത് അഴുക്കും മാലിന്യവുമുപയോഗിച്ച്
രാജ്യത്തിൻ്റെ വർത്തമാനം
കാറ്റും നിശാചാരികളും
വരച്ചു വെച്ചിരിക്കുന്നു
നഗരത്തിൻ്റെ ഉടയാടയുടെ കരയിൽ
പൊടിപടലങ്ങൾ പോലെ
കുടിലുകൾ പറ്റിക്കിടക്കുന്നു
നഗരമൊന്നു കുടഞ്ഞാൽ
അവ തെറിച്ചു പോകുമെന്ന തോന്നലിൽ ആസ്വാദകൻ പ റക്കവേ
രാജ്യമൊരു ബിനാലെ
കടങ്ങൾ കൊണ്ട്
ജീവിതത്തിൻ്റെ ഇൻസ്റ്റലേഷൻ;
വിടവാളുകൾ കൊണ്ട്
മരണത്തിൻ്റേയും
ജീവനുള്ളവ കൊണ്ട്
ക്യൂവിൻ്റേത്
ജനാധിപത്യം കൊണ്ട്
അതല്ലാത്തതെന്തൊക്കെയോ
നിർമ്മിച്ചു വച്ചിട്ടുണ്ട്;
പാഠശാലകൾ കൊണ്ട്
അതല്ലാത്തതും
പ്രദർശനം സൗജന്യം
തലസ്ഥാനത്തേക്ക് കുതിക്കുന്ന
വഴികളിലൂടെ ചെന്ന് കാണുക
ദി ഗ്രെയ്റ്റ് ഇന്ത്യൻ ബിനാലെ.
- മുനീർ അഗ്രഗാമി

മറൈൻ ഡ്രൈവിലിരുന്ന്

റൈൻ ഡ്രൈവിലിരുന്ന്
............................................
അറുത്തു മാറ്റിയ മുലകളെ കുറിച്ച്
ഇനിയും നീയെന്നോട് സംസാരിക്കുക
ഈ മറൈൻ ഡ്രൈവിലിരുന്ന്

മുറിച്ചു മാറ്റിയ മോഹങ്ങളെ കുറിച്ച്
ഇനിയും നീയെന്നോട് സംസാരിക്കുക
കടൽത്തിരകൾ കൊഴിഞ്ഞു കൊണ്ടിരിക്കുന്ന
തണുത്ത കാറ്റിലിരുന്ന് .
ശൂർപ്പണഖ എന്നു മാത്രമല്ല
നിനക്കു പേര്
ഡിഗ്രിയ്ക്ക് മാത്രമല്ല നിൻ്റെ പoനം
എനിക്ക് യുവാക്കളുടെ യെല്ലാം പേരുകൾ
നോക്കൂ ആരോ രണ്ടുപേരിങ്ങോട്ട്
നടന്നു വരുന്നുണ്ട്
രാജകുമാരൻമാർ
കൂടെ മുനിശ്രേഷ്ഠനില്ല
കയ്യിൽ പുതിയ ആയുധങ്ങൾ
അവരോട് ഇപ്പോളാരും
മോഹങ്ങൾ പറയാറില്ല
ധൈര്യമായി നീ ചേർന്നിരിക്കുക
നിൻ്റെ വിലാപങ്ങളിൽ
ചിറകറ്റ കുറെ പ്രാവുകളുണ്ട്
അവയെ ശുശ്രൂഷിക്കുവാൻ
എന്നിലെ സിദ്ധാർത്ഥനെന്ന കുട്ടി
നിന്നെ കേട്ട് വളരണം
എൻ്റെ ചുണ്ടുകൾക്ക്
നിൻ്റെ ചുണ്ടുകളോട്
ഒന്നും സംസാരിക്കാനില്ല
എൻ്റെ ഹൃദയത്തിന്
നിൻ്റെ മുറിവിനോടല്ലാതെ.
ചുണ്ടുകൾ വിതുമ്പലുകളോട്
ചർച്ചയിലാണ്
അവ സംഭാഷണം തുടരുന്നു
നാം രണ്ടു വിഷാദഗാനമായ്
കടലു നോക്കിയിരിക്കുന്നു
കടൽക്കാറ്റിന് പാടുവാനുള്ള
ഗാനങ്ങളാണ് നാം
സന്ധ്യയ്ക്ക് കേട്ടു മയങ്ങാനുള്ളത്
തിരകൾക്ക് താളം പിടിച്ച്
കരയാനുള്ളത്
കേൾക്കുവാൻ കൂരിരുട്ടിന്
ഓടിവരാനുള്ളത് .
പറഞ്ഞു പറഞ്ഞ്
വാക്കുകൾക്കൊപ്പം നാം
സംഗീതമായതാണ്
അറുത്ത് മാറ്റിയ മുലകൾ മറന്ന്
മുറിച്ചു മാറ്റിയ മോഹങ്ങൾ മറന്ന്
ഈ മറൈൻ ഡ്രൈവിലിരുന്ന് .
- മുനീർ അഗ്രഗാമി

അവളുടെ ദിനം

അവളുടെ
ദിനം കഴിഞ്ഞു,
രാത്രിയായി.
ഇരുട്ടിൻ്റെ പുതപ്പിനുള്ളിൽ
അവളും അവനും
വിശ്രമിച്ചു.

ഇരുട്ടവളോടു ചോദിച്ചു:
നിൻ്റെ വെളിച്ചമെവിടെ ?
ഉത്തരമില്ല
ഉറക്കവുമില്ല
അവൾ
പുലരിയാവോളം കാത്തിരുന്നു,
ഒരു തീപ്പെട്ടിക്കൊള്ളിയുരയ്ക്കുവാൻ
അവനുണരുമെന്ന് പേടിച്ച് .
- മുനീർ അഗ്രഗാമി

നടൻ

നടൻ
...........
അയാൾ മറ്റൊരാളാകുന്നു
കഥയിലൂടെ കടന്ന്
കഥയറിയുമ്പോൾ.
അയാൾ അയാളല്ല;
കഥാപാത്രത്തിൻ്റെ
ജീവനുമായാണ്
അയാൾ നടക്കുന്നത്
അയാളിൽ
അയാളുണ്ടെങ്കിലും
അയാളെ കാണാതാകുന്നു ,
അയാൾ
കഥയുടെ ഞരമ്പിലൂടെ
ഒഴുകുമ്പോൾ
കഥ കഴിയാതിരിക്കുവാൻ
കഥയിൽ നിന്ന്
ജീവിതത്തിലേക്ക് നടക്കുന്നു
അവൻ്റെ ചുവടുകളിൽ
എന്നാൽ
അവനല്ലാതെ;
അപരൻ്റെ ചുവടുകളിൽ
എന്നാൽ
അപരനല്ലാതെ.
അപ്പോൾ അയാൾ
നടനാകുന്നു
നാട്യങ്ങളില്ലാത.
- മുനീർ അഗ്രഗാമി

ഇതളുകളുള്ള രാജ്യമാണ്

ഇതളുകളുള്ള
രാജ്യമാണ്
വസന്തം.
വസന്തത്തിൻ്റെ ഒരിതളിൽ
നാമിരിക്കുമ്പോൾ
അതിൻ്റെ അതിരുകൾ
അപ്രത്യക്ഷമാകുന്നു.

കിളികൾ പറന്നു വരുന്നു
തൂവലുപോലെ പാട്ടുകൾ
കാറ്റിലിളകുന്നു
ചെടികളിൽ നിറങ്ങൾ
നമ്മുടെ സന്തോഷങ്ങൾ
കൊണ്ടു വെയ്ക്കുന്നു
വെടിയൊച്ചകളുടെ ഓർമ്മകളും
വേദനകളും
ഇല പോലെ പൊഴിച്ച്
മറക്കുവാൻ ശ്രമിക്കുന്നു
ഒരു ബെഞ്ചിൽ നാം
ചാറ്റൽ മഴ പോലെ
പെയ്തു തോരുന്നു
പക്ഷേ
പ്രായപൂർത്തിയാവാത്ത
നിലവിളികൾ
തോരാതെ കൊടുങ്കാറ്റാവുന്നു
അതിൽ രാജ്യത്തിൻ്റെ
ഇതളുകൾ കൊഴിഞ്ഞേക്കും
അതു പ്രതിരോധിക്കുവാൻ
നമുക്കാവുമോ
നേർത്ത സ്പർശങ്ങളുടെ
ഈ ചാരു ബെഞ്ചിലിരുന്ന്?
- മുനീർ അഗ്രഗാമി

ഒരൊറ്റ മഴയിൽ

ഒരൊറ്റ മഴയിൽ
ഒലിച്ചുപോയി
ഉണങ്ങിക്കരിഞ്ഞ വേനൽ.
മഴയിൽ
നിൻ്റെ തുള്ളികൾ
വേനലിൽ
എൻ്റെ പൊടികൾ

-മുനീർ അഗ്രഗാമി

മിന്നൽ ചിരിച്ചുപാടിയ പാട്ടു പോലെ

മിന്നൽ ചിരിച്ചുപാടിയ
പാട്ടു പോലെ
മഴ തോർന്നു
എന്നിട്ടും
തോരാമഴ പോലെ രാത്രി

വർഷകാലത്തിൻ്റെ
തുള്ളി പോലെ
രാക്കുളിർ
വേനലിൻ നെഞ്ചിലിരുന്ന്
മഴയെഴുതിയ
പ്രണയ ലേഖനം
ഇലത്തുമ്പിൽ നിന്നിറ്റി വീഴുന്നു
അതു വായിക്കുവാൻ വാ
വാ
ഏതു നരകത്തിലാണെങ്കിലും
നരകത്തീയെ
നിലാവെളിച്ചമാക്കി വാ!
കരിഞ്ഞു പോകാതിരിക്കുവാൻ
- മുനീർ അഗ്രഗാമി

മലയാളിയാവണമെങ്കിൽ

ഹൈടെക്കാവണമെങ്കിൽ
അകത്തിരിക്കുക
മലയാളിയാവണമെങ്കിൽ
മാവിൻ്റേയും പ്ലാവിൻ്റേയും
സിലബസ് പഠിക്കുക
മനസ്സിലിരുന്നൊരു കുട്ടി
നിർത്താതെ ഓർമ്മകൾ വായിക്കണമെങ്കിൽ
കൊന്നപ്പൂവിൻ്റെ
കൂടെയിരിക്കണം
വരിനെല്ലിൻ്റെ കൂടെ നിൽക്കണം
സങ്കടച്ചൂടിൽ
സ്വയമുരുകാതിരിക്കണമെങ്കിൽ
ഒരു കുഞ്ഞു മഴയുടെ
കൈ പിടിച്ചിത്തിരി നടക്കുക
കളിർ കാറ്റിനൊപ്പം കളിക്കുക
പഠിക്കുമ്പോൾ
ഒന്നാ മദ്ധ്യായത്തിൽ നിന്നൊരു
മാമ്പഴമെടുത്തു രുചിക്കുക
രണ്ടാമദ്ധ്യായത്തിലേക്ക്
അണ്ണാനൊപ്പം ചാടണം
തേൻവരിക്കയുടെ മധുരത്തിലെത്തണം
ഇടവേളകളിൽ
പ്ലാവിലക്കുമ്പിളിൽ
ജീവിതം പകരുക
ആ ഹ്ലാദം കൊണ്ട്
സ്നേഹത്തിൻ്റെ ചിത്രം വരയ്ക്കുക
മലയാളിയാവണമെങ്കിൽ
മാവിൻ്റേയും പ്ലാവിൻ്റേയും
നിഴലിൽ
സ്വന്തം നിഴലുതിരയാതെ ലയിക്കുക
മാമ്പൂവും നിലാവും
കൈകോർത്തിരിക്കുന്ന പാതിരയിൽ
കൈകോർത്തിരുന്ന് പൂവായ് വിടരുക.
അതിൻ്റെ മധു നുകരുക
ജീവിതകാലം മുഴുവനുമിരുന്ന്
അതിൻ്റെ മധു നുകരുക !
- മുനീർ അഗ്രഗാമി

ചാണ്ഡാലികയും ഭിക്ഷുവും

ചാണ്ഡാലികയും ഭിക്ഷുവും
............................................
ബുദ്ധഭിക്ഷു
ചണ്ഡാലികയോട്
വീണ്ടും ദാഹജലം ചോദിച്ചു
എത്ര കോരിയിട്ടും
പാളയിലൊരു തുള്ളി പോലും
കിട്ടിയില്ല
അല്ലല്ലെന്തു കഷ്ടമിതെന്നൊ രാശ്ചര്യം
കിണറ്റിലേക്കു നോക്കി
പോയെന്നാരോ പറഞ്ഞ
ജാതി തിരിച്ചു വന്ന്
ജലമെല്ലാം കുടിച്ചു വറ്റിച്ച്
അവിടെ ഇരിക്കുന്നുണ്ടായിരുന്നു
അല്ല ല്ലെ ന്തു കഥയിതു
കഷ്ടമെന്നവനും...
കൃപാരസമില്ല
അല്ലൽ മാത്രമെന്നോതിയവൾ
ഒരു കണ്ണീർത്തുള്ളി മാത്രം
പൊഴിച്ചു
ജാതിക്കൊടും വേനലിൽ
സ്നേഹതീർത്ഥം പകരാനാവാതെ
ചണ്ഡാലിക,
ചണ്ഡാലഭിക്ഷുകിയായതേയില്ല!
- മുനീർ അഗ്രഗാമി

യേശു ചോദിക്കുന്നു

യേശു ചോദിക്കുന്നു
.....................................
ആരാണെന്നെ വീണ്ടും വീണ്ടും
കുരിശിലേറ്റുന്നത്?
മൂല്യമുള്ളവ അസാധുവാക്കപ്പെട്ട
രാജ്യത്തു വന്ന്
യേശു ചോദിക്കുന്നു ,

ഒരു കുഞ്ഞാടിനോടും
ഞാൻ നീതികേടു കാണിച്ചിരുന്നില്ലല്ലോ
കൂട്ടം തെറ്റിയ ഒന്നിനെ തിരഞ്ഞുപിടിച്ച്
സ്നേഹിക്കാനല്ലാതെ ഞാൻ
പറഞ്ഞി രുന്നില്ലല്ലോ ?
എൻ്റെ ഉപമകളെടുത്തണിഞ്ഞ്
കരിശേറ്റവും മുൾക്കിരീടവുമില്ലാതെ
ആട്ടിൻതോലുപോലെ
എൻ്റെ ജീവിതമെടുത്തണിഞ്ഞ്
വിശുദ്ധ ചെന്നായകൾ
വേട്ടയ്ക്കിറങ്ങുന്നു
അവയ് ക്കെതിതിരെ
പാപം ചെയ്യാത്തവരുടെ കല്ലുകൾ
പട നയിക്കാത്തതെന്ത് ?
അന്ധൻ അന്ധനെ നയിക്കുന്ന പോലെ
കാഴ്ചയുണ്ടായിട്ടും എൻ്റെ കുഞ്ഞാടുകളെ നയിക്കുന്നതാരാണ് ?
ആരാണവയുടെ കണ്ണ് കുത്തിപ്പൊട്ടിച്ച്
വെളിച്ചം കെടുത്തിക്കളയുന്നത് ?
എൻ്റെ യേശുവേ എന്നു വിളിച്ച്
വിശ്വാസിയായ
വൃദ്ധ കന്യക തിരിഞ്ഞു കിടന്നു
ഉറക്കം പ്രളയജലമൊഴിയുമ്പോലെ
അവരിൽ നിന്നൊഴുകിപ്പോയി.
പുരുഷേച്ഛയില്ലാതെ
ഭൂജാതനായവനേ
സത്യത്തിനു സാക്ഷ്യം നൽകാൻ
വന്നവനേ
ഉടനെ നീ വീണ്ടും വരിക
അവർ പറഞ്ഞു
വീണ്ടും വരിക
ഉന്നതങ്ങളിൽ നിന്ന് ഇറങ്ങി വരിക
വീണ്ടും പ്രളയമുണ്ടായി
സ്വപ്നത്തിൽ കിടന്ന്
അവർ കരഞ്ഞു പോയി
സ്വന്തം കുരിശുമായി യേശു
അൾത്താരയിലേക്ക് കയറി
ചോദിച്ചു
ഇതാ എൻ്റെ രക്തം. പാനം ചെയ്യുവാൻ
ധൈര്യമുള്ളവരാര് ?
ഇതാ എൻ്റെ മാംസം
ഭുജിക്കാൻ ധൈര്യമുള്ളവരാര് ?
കുറെ കൈകൾ നീണ്ടു വന്നു
അവ യേശുവിനെ കുരിശിൽ തറച്ചു
ഉയിർത്തെഴുന്നേൽക്കാനാവാത്ത വിധം
നിർത്താതെ ആണിയടിച്ചു കൊണ്ടിരുന്നു.
സ്വപ്നം നിലവിളിച്ച്
നില വിട്ട്
പതിനാറു വയസ്സുള്ള പെൺ കുട്ടിയായി പുറത്തേക്കോടി
യേശുവിനു മുന്നിൽ മുട്ടുകുത്തി:
അങ്ങയെ എനിക്കറിയാം
അവൾ പറഞ്ഞു,
ദൈവം സ്നേഹമാകുന്നു
ഞാൻ ദു:ഖവും .
- മുനീർ അഗ്രഗാമി

അതീതം

അതീതം
..............
കനാൽ തുറന്നു
അണകെട്ടിയവൻ്റെ നിയമങ്ങൾ
ഊരിക്കളഞ്ഞ്
സ്നേഹമൊഴുകിപ്പടർന്നു

തത്ത്വചിന്തകളും
ആദർശങ്ങളുമഴിച്ചു വെച്ച്
ഞങ്ങൾ
തീർത്തും ഭാരരഹിതരായി
തീർത്തും ലളിതമായി
സ്നേഹത്തിൽ
പുളിയിലകളായിഒഴുകി
തർക്കങ്ങളും സംഭാഷണങ്ങളും
മറന്ന്
മീനിനൊപ്പം ജലമെന്ന പോലെ
പലതുള്ളികളായ് മത്സരിച്ചു
പലരും കുടിച്ചു
ചിലർ വാനിലുയർന്നുയർന്നു പോയി
ചിലർ മണ്ണിലാഴ്ന്നാഴ്ന്നു പോയി
ചിലർ വേരുകളിലൂടെ
യാത്ര പോയി
നിയമങ്ങളറിയാതെ
നിരന്നും നിറഞ്ഞു മൊഴുകി
യാത്ര തുടർന്നു
വറ്റിപ്പോയ ഒരു ദേശംപിടിച്ചു വെച്ചു
അതിൻ്റെ നിയമങ്ങൾ
വലിയ തടാകത്തിൻ്റേണ്
നിറയെ പ്ലാസ്റ്റിക് നിറഞ്ഞത്.
ഒഴുക്കിൻ്റേതല്ല
ഞങ്ങളിൽ ഒന്നിനെ മറ്റൊന്ന്
പ്രവാസിയെന്നു വിളിച്ചു
മറ്റാരുമതു സമ്മതിച്ചില്ല
സംഭാഷണമുണ്ടായി
സംവാദമുണ്ടായി
ഊരിക്കളഞ്ഞതും
അഴിച്ചു വെച്ചതും തിരിച്ചു വന്നു
സൂര്യനെത്ര ശ്രമിച്ചിട്ടും
അഴുക്കു നിറഞ്ഞ തടാകം
വറ്റിയതേയില്ല
- മുനീർ അഗ്രഗാമി

വേനൽക്കുറിപ്പുകൾ

വേനൽക്കുറിപ്പുകൾ
.....................................
കല്പ്പടവിൽ പൊള്ളിനിൽക്കുമ്പോൾ
പുഴ കടന്നതിൻ്റെ ഓർമ്മ
പൊടിമണ്ണുമൂടി മറഞ്ഞു പോയ് .

xxxxx
പരൽമീനുകളുടെ സിംഫണി
കേട്ടൊഴുകിയ തുള്ളികൾ
വിരഹഗാനമായ് അകന്നുപോയ്
xxxxx
എൻ്റെ ഗ്രീഷ്മ സ്പർശനത്തിൽ
അലിഞ്ഞു പോയ നീ മനംനൊന്ത്
വറ്റിയകന്നെങ്ങു പോയ്!
xxxxx
ഓർമ്മയുടെ നിറം പച്ച
വേനലേ മറവിയുടെ മഞ്ഞയിൽ
നീയതു ചേർത്തെന്നെ
തളിർപ്പിക്കുമോ ?
xxxxx
ജല വിരലുകൾ നിൻ്റേതു തന്നെ
ചൂടാവാതെ എൻ്റെ വിരൽ പിടിക്കൂ
ആത്മാവ് വീണയായ് പാടട്ടെ!
xxxxxx
കരിങ്കണ്ണനെപ്പോലെ
മല കയറിപ്പോകുന്നു വേനൽ,
മഴ മലയിറങ്ങി വന്ന വഴി
മൗനിയായ് .
- മുനീർ അഗ്രഗാമി

ഏതാണാ കുട്ടി?

ഏതാണാ കുട്ടി?
.........................
ഓർമ്മകളുടെ ശ്മശാനത്തിൽ ചരിത്രത്തിൻ്റെ
ചിത കത്തുന്നു
വെടിയുണ്ടകൾ
നാടൻ ബോംബുകൾ
കുറുവടികൾ
വടിവാളുകൾ എന്നിവ
എല്ലു പെറുക്കാൻ കാത്തു നിൽക്കുന്നു
പറ
പന
തറ
എന്നെല്ലാം മാഷ്
എത്ര തവണ നോക്കി വായിച്ചിട്ടും
കുട്ടി ഒന്നും മനസ്സിലാവാതെ
ടാബ് ലറ്റുമായി
ക്ലാസിൽ നിന്നിറങ്ങിയോടുന്നു
ശ്മശാനത്തിലവൻ
ചെന്നു നിൽക്കുന്നു
അച്ഛൻ ദഹിച്ച സ്ഥലത്തിനരികിൽ
അച്ഛൻ പഠിച്ചതെല്ലാം ജീവനില്ലാതെ കിടക്കുന്നു
ചൂടുള്ളത് കണ്ട്
അഗ്നികുണ്ഡമായ കണ്ണിൽ നിന്ന്
ഒരു പന്തമെടുത്ത് കുട്ടി അവയ്ക്ക്
തീ കൊളുത്തി
പൾസറിൽ കയറി
ഒരു വീഡിയോ ഗെയിമിലൂടെ
യുവത്വത്തിലേക്ക് ഓടിച്ചു പോയി .
- മുനീർ അഗ്രഗാമി

ഇരയും വേട്ടക്കാരനും

ഇരയും വേട്ടക്കാരനും
ഒരേ സ്വപ്നം കണ്ടു:
ഒരു തൂവൽ വീഴുന്നു
ഉണർവ്വിൽ ,
ഓരേ കുട്ടി
രണ്ടു പേരുടേയും സ്വപ്നം വ്യാഖ്യാനിച്ചു:

ഇരയുടെ ആത്മാവിൻ്റെ
ഒരു കഷണം
മുറിഞ്ഞു വീഴുന്നു .
വേട്ടക്കാരന്
കിരീടത്തിൽ തുന്നിച്ചേർക്കാൻ
ഒരു തൂവൽ .
കുട്ടി അന്നുരാത്രി
വീണുകിട്ടിയ തൂവലുകൾ ചേർത്തു വെച്ച്
കിരീടമുണ്ടാക്കണോ
ആത്മാവുള്ള
കിളിയെ ഉണ്ടാക്കണോ എന്നു ചിന്തിച്ചു കിടന്ന് ഉറങ്ങിപ്പോയി
സ്വപ്നത്തിലവൻ
സ്കൂളിലൂടെ പറന്നു
സ്നേഹം
ദയ
കരുണ
പ്രണയം
വാത്സല്യം ...
എന്നിങ്ങനെ
തൂവലുകൾ ഓരോന്നായി
കൊഴിഞ്ഞു വീണു കൊണ്ടിരുന്നു
സ്വന്തം സ്വപ്നം
വ്യാഖ്യാനിക്കാനാവാതെ,
ഉണർന്ന കുട്ടി പേടിച്ചു;
തൻ്റെ ഇതേ സ്വപ്നം കണ്ട
വേട്ടക്കാരൻ ആരായിരിക്കും ?
ഈ സ്പ്നം വ്യാഖ്യാനിക്കാൻ
ഏതു മാഷ്ക്കാണ്
ധൈര്യമുണ്ടാകുക ?
- മുനീർ അഗ്രഗാമി

പനിയെ കുറിച്ച് അഞ്ച് കുറിപ്പുകൾ

പനിയെ കുറിച്ച് അഞ്ച് കുറിപ്പുകൾ
.......................................'..................
I
പേടിച്ച് പനിപിടിച്ച
ഇരയുടെ നെറ്റിയിൽ
കണ്ണീരിൽ കുതിർന്ന കാലം
തൂവാലയായി കിടക്കുന്നു

II
വരാനുള്ള മഹാവരൾച്ചയുടെ
പനിച്ചൂടിൽ കിടന്ന്
തൊണ്ട വറ്റിയ കിണറുകൾ
കണ്ണീരില്ലാതെ കരയുന്നു
III
നിൻ്റെ ഓർമ്മയിലെന്നും
എഴുന്നേൽക്കാനാവാതെ
പനിച്ചു കിടക്കുന്ന
രോഗിയാ കുന്നുഞാൻ
IV
പനി ഒരു കവിതയാണ്
കിടക്കയിൽ കിടന്ന്
ചൂടോടെ മാത്രമേ
അതു വായിക്കാൻ പറ്റൂ.
V
പനിയുടെ വാക്കുകളിൽ
ഒളിച്ചിരിക്കുന്ന അർത്ഥങ്ങൾ
പനിക്കിടക്കയിൽ എനിക്ക്
സ്വപ്നത്തിൻ്റെ ചിറകുകൾ തരുന്നു
-മുനീർ അഗ്രഗാമി

പൂമാറ്റം

പൂമാറ്റം
.................
ഉപദ്രവിക്കാനെത്തുന്ന പ്രാണികളെ
കൊന്നു തിന്നുന്ന പൂവുണ്ട്
എൻ്റെയും നിൻ്റെയും പാഠപുസ്തകത്തിൽ.
അവ തിന്നുന്നു ,
തേനെടുക്കാൻ വരുന്നവയെ ഇതളിലരിച്ചെത്തുന്നവയെ
ഉളളിൽ കാലെടുത്തു വെയ്ക്കുന്നവയെ.
.
എന്നാ പിന്നെ
നിനക്കും അതായിക്കൂടെ ?
പഴയ ഉപമകളിൽ നിന്ന് പുറത്തെത്തി
ഒറ്റയ്ക്ക്
ധൈര്യത്തോടെ വിടർന്നു കൂടെ?
വെറും ഭാവനയിലല്ല
യാഥാർത്ഥ്യത്തിൽ .
മുള്ളുണ്ടായിട്ടും ഒന്നും ചെയ്യാനാവാത്ത റോസാ പൂവിൽ
വള്ളികളുണ്ടായിട്ടും ഇറുക്കാൻ വരുന്നവനെ
കെട്ടിയിടാനാവാത്ത
മുല്ലപ്പൂവിൽ
നാലാളെ വിളിച്ചു കൂട്ടാൻ മണമുണ്ടായിട്ടും
നാണം കെട്ടു മരിക്കുന്ന
മറ്റനേകം പൂക്കളിൽ
നിൻ്റെ സ്വത്വത്തെ ആരാണിപ്പോഴും
സുരക്ഷിതമെന്നോർത്ത്
കൊണ്ടു വെയ്ക്കുന്നത് ?
അതു നീ തന്നെയാവരുതേ എന്നാണ്
എൻ്റെ പ്രാർത്ഥന.
- മുനീർ അഗ്രഗാമി

കടലു കാണാൻ

കടലു കാണാൻ
...........................
കടലു കാണാൻ
ബാക്കിയായ ഒരൊറ്റക്കുന്ന്
കണ്ണയക്കുമ്പോൾ
കടലു കാണാൻ
കുന്നു കയറുന്നു വേനൽ
കടലു കാണാൻ പച്ചകൊറിച്ച്
തീതുപ്പി കൈവീശി നടക്കുന്നു വെയിൽ
കടലു കാണാൻ
തലയുയർത്തിയൊരു പാറ
കടലു കാണാൻ കിളികളുടെ കൊക്കിലേറിപ്പറക്കുന്ന കാരപ്പഴങ്ങൾ
കടലു കാണാൻ നിവർന്നു നിൽക്കാനാവാതെ
കുന്നിറങ്ങുമൊരരുവി
കടലു കാണാൻ
ഞങ്ങളും പോയി
ഞാവൽപ്പഴം തിന്നു
കാട്ടുപൂക്കൾക്കൊപ്പം കടലു കണ്ട്
കത്തുന്ന നട്ടുച്ചക്കടൽ ത്തിളക്കം കുടിച്ച്
തിരകളായ് തിരിച്ചിറങ്ങി
കടലു കാണാൻ പല വഴി പലരും പോയി
പച്ചിലപ്പടർപ്പായ് കരിമ്പാറകളിൽ
തളിർത്തു
ദൂരെ നിന്ന് കടൽ,
കണ്ണിൽ നോക്കി നിൽക്കെ
കാണാതായ കുന്നുകളെ ഓർത്തു
കരഞ്ഞു
നിശ്ശബ്ദമായ്
കടലു കാണാനിനി വരുന്നവരെ
പേടിക്കണം
പേടമാനായ് പേടിക്കണം
കുന്നിൻ്റെ പള്ളയിലെ
ലക്ഷം വീട് കോളനിയോട്
കാറ്റതു പറഞ്ഞു
കടലു കാണാൻ
കുന്നുകയറി.
- മുനീർ അഗ്രഗാമി

പിന്നോട്ട്

രണ്ടടി പിന്നോട്ട് വെച്ച്
അയാൾ പുരാണത്തിലെ വിമാനത്തിൽ കയറി
പിന്നോട്ടു പറന്നു
ബഹുദൂരം പിന്നാലായി.
മുന്നോട്ടു കുതിക്കുവാനതിനറിയില്ല
പുരോഗമനം എന്നു പേരുള്ള
ഒരു കപ്പൽ
അയാൾ കയറിയ അതേയിടത്തു നിന്ന്
മുന്നോട്ട് നീങ്ങുന്നുണ്ട്
അയാളിനി എങ്ങനെയാണ്
ആ കപ്പലിലെത്തിച്ചേരുക !
സഹതാപം തോന്നിയവർ എത്ര കരഞ്ഞു വിളിച്ചാലും!
പാമ്പും കോണിയും കളിച്ച്
99 ൽ നിന്ന് ഒന്നിലേക്കു വീണ
കുട്ടിയല്ലാത്തതിനാൽ !
- മുനീർ അഗ്രഗാമി

മണ്ണിലേക്ക്

I
കുരുവിക്കുഞ്ഞുങ്ങളെ പോലെ
പാതിരാവിൽ മഞ്ഞയിലകൾ
മണ്ണിലേക്ക് പറന്നിറങ്ങുന്നു
പാട്ടു പോലെ അതു നോക്കി
ഒരു രാപ്പാടി എന്നുള്ളിലിരിക്കുന്നു.
നിലാവിലേക്ക്
കൊക്കു നീട്ടിയിരിക്കുന്നു.
ചിറകടിച്ചുപറക്കുന്ന രാത്രി യൊച്ചകൾ
കൊത്തിത്തിന്ന്
വിശപ്പടക്കുന്നു.
തൂവൽ പോലെ ഒരു നിലവിളി പൊഴിച്ച്
ഉറക്കിലേക്ക് പറക്കുന്നു.
II
മഴയ്ക്കും വേനലിനുമിടയ്ക്ക്
പറന്നു തളർന്ന ഒരു കിളി
അല്പം വിശ്രമിക്കുന്നു
അതൊരു ദു:സ്വപ്നം കാണുന്നു,
വേടൻ എവിടെയിരുന്നാണ്
വില്ല് കുലയ്ക്കുന്നത്!
കാറിൽ ?
സിംഹാസനത്തിൽ?
പാർലമെൻറിൽ?
നിയമസഭയിൽ?
അയ്യോ!
ഇനിയിഴഞ്ഞു വരും
ഉറുമ്പുകളേ
യുവാക്കളേ
വോട്ടുകളേ
വേടൻ്റെ കാലിൽ കടിക്കുക.
ഉന്നം തെറ്റട്ടെ!
കിളി സമാധാനത്തോടെ
ചിറകടിക്കട്ടെ!
രാപ്പാട്ടിനൊപ്പം കളിക്കട്ടെ !
- മുനീർ അഗ്രഗാമി

എഴുത്തമ്മ

എഴുത്തമ്മ
....................
എഴത്തച്ഛനെഴുതിയതിൽ
ഏനില്ല ,എൻമൊഴിയില്ല ,
ഓളില്ല ,ഓനില്ല ,ഓലമടലില്ല
കൈത്തഴമ്പുമായിട്ടിടവേളയിൽ
കൈതോല പ്പായയിലിരുന്ന്
ഓർമ്മകൾ തുന്നുമമ്മമ്മയില്ല
ഇടവഴി കടന്നാൽ ഇരുപുറം നോക്കാതെ,
ഇടമുറിയാതെ യൊഴുകും പുഴയിലെ
പരലില്ല പളളത്തിയില്ല
എടുത്തച്ഛനെഴുതിയതിൽ
ഉഴുതിട്ട വയൽ മുഴുവൻ
എഴുത്തോലയാക്കി,
ജീവിതകഥയെഴുതി
'നെൽച്ചെടികളേ വായിച്ചു വളരെ, ന്നോതിയ വല്യമ്മയില്ല
കന്നുപൂട്ടി കാലു കടഞ്ഞന്തിയിൽ
കള്ളുമോന്തി കപ്പയും മീനുമായ്
വീടണയുമപ്പൂപ്പനില്ല
കാട്ടുപൂഞ്ചോല പോലെ ചിരിച്ച്
കാട്ടു പാതകളിലൊന്നിൽ
നാട്ടുമൃഗത്തിൻ്റെ കുത്തേറ്റു വീണു,
മറവിച്ചതുപ്പിലാഴ്ന്ന പെങ്ങളെ കണ്ടില്ല
കൂരിരുട്ടിൽ വിള കാക്കുവാൻ പോയി
ജീവൻ്റെ വിളക്കണഞ്ഞു
തിരിച്ചെത്താതെ പോയ,
കുഞ്ഞു മിന്നാമിനുങ്ങൻ്റെ കൂട്ടുകാരൻ
കുഞ്ഞേട്ടനെ കണ്ടില്ല
കൊട്ടടയ്ക്കപ്പൊട്ടുകൾക്കൊപ്പം
കട്ടിലില്ലാ കുടിയിൽ
കുടിനീർ മാത്രമിറക്കി
എഴുത്താണിയില്ലാതെ
എഴുത്തച്ഛനെഴുതാത്തതെല്ലാം
എഴുത്തമ്മയെഴുതിയതറിയുന്നു
മനസ്സിന്നെഴുത്തോലയിൽ
നാട്ടു വെളിച്ചത്തിൽ വെൺമ പോലെ
നാട്ടു മൊഴിത്താളമോടെ
എഴുത്തമ്മ എഴുതിയതറിയുന്നു.
എഴുത്തച്ഛനെഴുതിയതിൽ
എഴുത്തത്തമ്മയില്ല
എഴുത്തമ്മയെഴുതിയതിൽ
എഴുത്തച്ഛനുമമ്മയുമല്ല
എഴുത്തൊരു സ്വപ്നവുമല്ല
എഴുത്ത്, എഴുത്തമ്മയുടെ ദേശമല്ല
എഴുത്താണി വരച്ച
അതിർവരമ്പുകളല്ല
ഇരുളടഞ്ഞ മറ്റൊരു ഭൂഖണ്ഡം /
എഴുത്തമ്മ എഴുതിയതുമായ്
ഞങ്ങൾ കുടിയേറിയ ഭൂഖണ്ഡം
എഴുത്തമ്മയിന്നില്ല;
എഴുത്തച്ഛനവിടെയിരുന്നിപ്പോഴുമെഴുതുന്നു
എഴുത്താണി മാറ്റി പേനയാലെഴുതുന്നു
അതിലേനില്ല ഓളില്ല ഓനില്ല .
- മുനീർ അഗ്രഗാമി

നീ മനുഷ്യമരത്തെ കണ്ടിട്ടുണ്ടോ?

നീ മനുഷ്യമരത്തെ കണ്ടിട്ടുണ്ടോ?
ഇല പോലും പൊഴിക്കാനാവാതെ
ഒരുകാറ്റിലും സ്വതന്ത്രമായ്
ഇളകാനാകാതെ
ആകാശത്തേക്ക് ശരിക്ക്
തലയുയർത്താനാവാതെ
നിന്നു പോയ ചില ചലനങ്ങളെ?

നിലാവ് വീഴാതെ
മഞ്ഞു സ്പർശിക്കാതെ
വേരു പോലും
ശരിക്ക് കാണാനാകാതെ
നിന്നു നിശ്ശബ്ദമായ്
ശ്വാസമെടുക്കുന്നവയെ?
ചോദിച്ചതാരാണ് ?
അവനോ അവളോ ?
മുറ്റത്ത് നിന്ന മുരിങ്ങാമരമതു കേട്ടു
തരിച്ചു പോയ്
ചോദിച്ചതാരെന്നു കേട്ടില്ല
അവരുടെ സങ്കടങ്ങൾ
ഒഴുകിപ്പരന്ന മുറ്റത്ത്
അത് പൂവു പൊഴിച്ചു
അല്ലാതെ അതെങ്ങനെയാണ്
അവരുടെ സങ്കടങ്ങളെ
തൊടുക ?
എന്നാലും
ആരായിരിക്കും
ആ ചോദ്യം ചോദിച്ചത് ?
പൂവുകൾ അന്വേഷിച്ചു കൊണ്ടിരുന്നു .
- മുനീർ അഗ്രഗാമി

നിൻ്റെ വെളിച്ചം വിളിക്കുന്നു

ഉയർന്നുയർന്ന്
ശൂന്യാകാശത്ത്
ഒരു താരകമായി നിന്നു
പ്രകാശവർഷങ്ങൾക്കകലെ നിന്ന്
നിൻ്റെ വെളിച്ചം വിളിക്കുന്നു;
എത്ര വിളിച്ചാലും
എത്തിച്ചേരില്ലൊരിക്കലും
സ്വയമെരിഞ്ഞുംജ്വലിച്ചും
തീർന്നു പോകേണ്ടോൻ

ചുറ്റും ശൂന്യത വലയം ചെയ്യുന്നു
വെളിച്ചത്തിൽ കുളിച്ച്
നിൽക്കുന്നു ,
അഭാവവും അസാന്നിദ്ധ്യവും
തിളങ്ങുന്നു
എത്ര വെളിച്ചമുണ്ടായിട്ടെന്ത്
ഒരു രശ്മി പോലും നിന്നിലെത്തുന്നില്ലല്ലോ
-മുനീർ അഗ്രഗാമി

പൊരിവെയിൽത്തീയിൽ

ഒറ്റയാവുന്നു ഞാനും നീയും
ചുറ്റിലെല്ലാരുമുണ്ടെങ്കിലും.
പൊരിവെയിൽത്തീയിൽ
ഓർമ്മകൾ
തപിച്ചു പൊള്ളിനിൽക്കുന്നു
കൊടുംവേനലേ നീ കുടിച്ചു
വറ്റിച്ച ജലസമൃദ്ധിയിൽ
നീന്തിയതിന്നോർമ്മ മാത്രമായ്
പ്രണയം
ദാഹിച്ചു മരിച്ചു പോയ്
ജീവിതത്തിൽ ഗ്രീഷ്മ ജ്വാലകൾ
മുറിച്ചുകടക്കുവാൻ വയ്യിനി,
പ്രണയമേ
ഒരു കുളിർത്തുള്ളിയായെന്നിൽ
നീ പുനർജ്ജനിച്ചില്ലെങ്കിൽ.
- മുനീർ അഗ്രഗാമി