തീക്കളി

തീക്കളി
..............
കണ്ടിട്ടുണ്ടോ
വേനലിൻ തീക്കളി ?
മഞ്ഞയും ചുവപ്പും കലർത്തി
ആളിയും പാളിയും
വിശപ്പു മാറ്റുന്നതിൻ
മരണക്കളി
ഓറഞ്ചു നിറത്തിൽ,
പൂക്കുവാനാകാതെ
കരിഞ്ഞവയിൽ
പൂവായ് നടന്ന്
കനൽ വസന്തമായ് വിടരുന്ന
താപത്തിൻകളി
കാടുകാണാതെ ശമിച്ച്
കരിയിലൊളിച്ച്
മണ്ണടരുകളിൽ മറയുന്ന
ഒളിച്ചുകളി
പിന്നെ
തീയതിൻ
തണുത്ത രൂപത്തിൽ
വേരിലൂടെ ആളിയാളി വന്ന്
കൊന്നയിൽ
മഞ്ഞ മാത്രം വെയ്ക്കുന്ന
കുട്ടിക്കളി
പിന്നെയും
ഗുൽമോഹറിൽ ചുവപ്പ് തൂവി
മണ്ണിൽ പരവതാനി വിരിച്ച്
മഴയ് ക്കൊപ്പമിരുന്ന്
കുഞ്ഞു മാലാഖയായ്
പൂവിതളുകളാൽ
പൂവിടുന്ന കളി
ഇടയ്ക്ക് വന്നു നോക്കുന്ന
മഴയിൽ മറഞ്ഞ്
നിശ്ശബ്ദമായ് നിന്ന്
വിതുമ്പുന്ന പേരറിയാക്കളി
വെയിലിലൂടെ നടന്ന്
ഒലിച്ചുപോയ ശക്തികൾ തിരിച്ചെടുത്ത്
പുൽക്കൊടിത്തുമ്പിൽ
ആളിയാളി വിടരും
പൂക്കളി .
വേനലെന്നാൽ
തീയതിൻ്റെ നിറങ്ങളാൽ വരച്ച
ഉദ്യാനമാണ്.
ചൂട് അതിലെ പൂമ്പാറ്റകൾ
വേനൽമഴ തേൻ കുരുവി
തണുപ്പ്
വഴി തെറ്റി വന്ന കുയിൽ.
- മുനീർ അഗ്രഗാമി

No comments:

Post a Comment