നിന്റെ വേരുകളുടെ സ്പർശത്തിനു വേണ്ടി ഞാൻ മണ്ണിലലിയും

 ഉപേക്ഷിക്കപ്പെടുമെന്ന്

അറിഞ്ഞു കൊണ്ടല്ലാതെ
ഒരു പൂവും വിടരുന്നില്ല
വസന്തം പൂവിനോടതു പറഞ്ഞില്ലെങ്കിലും
അതിനാൽ
ഉപേക്ഷിക്കപ്പെട്ടാലും
നിന്റെ ഹൃദയത്തിന്റെ
ഏറ്റവും ചുവന്ന ഇതളായി
ഞാൻ പ്രകാശിക്കും
നീയതു കാണുന്നുണ്ടാവില്ല
ഒരിക്കൽ നീയതറിയും
എല്ലാം വാടിയാലും
ബാക്കിയാവുന്ന പുഞ്ചിരിയിൽ
അല്ലെങ്കിൽ
അവസാനത്തെ
കണ്ണീർത്തുള്ളിയിൽ
എന്നെ നീ കണ്ടുമുട്ടും
അതുകൊണ്ട്
എനിക്ക് വിട്ടു പോകാനാവില്ല
എന്റെ വസന്തമേ,
നീയെന്നെ കൊഴിച്ചു കളഞ്ഞാലും
നിന്റെ വേരുകളുടെ
സ്പർശത്തിനു വേണ്ടി
ഞാൻ മണ്ണിലലിയും
എന്നിലെ ജലാംശങ്ങൾ
നിന്നിൽ പെയ്യുന്ന മഴകൾ തേടി പറക്കും
- മുനീർ അഗ്രഗാമി

No comments:

Post a Comment