ചോദ്യങ്ങൾ

 ചോദ്യങ്ങൾ

............................................................
എന്നെ കയറാൻ പഠിപ്പിച്ച കുന്നെവിടെ ?
എനിക്ക് പൂക്കൾ തന്ന ചെടിയെവിടെ ?
ഞാൻ വിതച്ച പാടമെവിടെ ?
ഞാൻ നടന്ന ഇടവഴി ?
സ്ക്കൂളിലേക്ക് നടക്കും വഴി
മുറിച്ചുകടന്ന ഉറവ?
കളിച്ച മുറ്റം ?
കുളിച്ച കുളം ?
ഊഞ്ഞാൽ കെട്ടിയ മാവ് ?
മുത്തച്ഛൻ വന്നു ചോദിക്കുന്നു
മരിച്ച് മുപ്പതാണ്ട് കഴിഞ്ഞ
പാതിരാവിൽ.
എന്നെ പലതവണ ഉരുട്ടി
കിടക്ക ഇളക്കിമറിച്ച്
ചോദ്യം ചെയ്യുന്നു.
കുന്നെവിടെ ?
ചെടിയെവിടെ ?
പാടമെവിടെ ?
ഒന്നും പറയാനാവാനെ
പഠിച്ച കള്ളനെ പോൽ
ഉണരാതെ ഉള്ള് പിടഞ്ഞപ്പോൾ
ഞാൻ പറഞ്ഞു
വേഗം പോകുക
ഇന്നു രാവിലെ
ഞാനെടുത്തു നോക്കിയ
ചിത്രത്തിലേക്ക്
വീടു പുതുക്കുമ്പോൾ വീണു പൊട്ടിയ
നരവീണ
ഫോട്ടോയിലേക്ക്.
കോണിക്കൂടിനുള്ളിൽ
നിറഞ്ഞ പൊടിയിലേക്ക്
മുത്തച്ഛൻ ഉടനെ പോയി
എല്ലാ ചോദ്യങ്ങളും
എന്നിൽ കുടഞ്ഞിട്ട് പോയി.
എനിക്ക്
ചോദ്യങ്ങൾ തറച്ച്
പനിപിടിച്ചു.
-മുനീർ അഗ്രഗാമി

No comments:

Post a Comment