കേരളപ്പിറവി 63

 കേരളപ്പിറവി 63

തൂത്തുകഞ്ഞതൊക്കെ
ആരാണ് മുറ്റത്ത് കൊണ്ടിടുന്നത് ?
മുറ്റത്തു മാത്രമല്ലല്ലോ
അകത്തുമുണ്ടല്ലോ
ധാരാളം !
ചീഞ്ഞതും
ദുഷിച്ചതും
തൂത്തുവാരി ദൂരെയെറിയുവാനറിയുന്നോർ
മരിച്ചു പോയി
ചൂലിരിപ്പുണ്ട് മൂലയിൽ
ഗുരുവിന്റെ ഫെയിം പൊട്ടിയ
ചിത്രത്തിനരികിൽ
അടിച്ചു വാരുന്ന വിദ്യയറിയുന്നോരും
തീർന്നു പോയി
തിരിച്ചെത്തിയ ചവറുകൾ വാരി
കുട്ടികൾ കളിക്കുന്നു
അതിനു മുകളിലൂടെ
നടത്തം പഠിക്കുന്നു
കല്ലുമാലയുമായൊരാൾ വരുന്നു
സമ്മാനമായ്
പെൺകുട്ടിക്ക് കൊടുക്കുന്നു
എന്നെ നോക്കി തോലുരിക്കുന്നു
ഒന്നുമില്ല സാർ
ലീവിനു വന്നതാണ് സാർ
പുതിയ കാര്യങ്ങളൊന്നും പരിചയമില്ല
നാളെ മടങ്ങും
സംതൃപ്തനായയാൾ
തിരിച്ചു പോയിട്ടും
പുതുജന്മിയായ് അയാൾ
പുതിയ വരമ്പത്തു നിന്നും
മുറ്റത്തേക്ക് നോക്കി
നിൽക്കുന്നു
- മുനീർ അഗ്രഗാമി

No comments:

Post a Comment