കടപ്പുറത്തേക്ക് പോകുന്ന കവികൾ

 കടപ്പുറത്തേക്ക് പോകുന്ന കവികൾ

......................................................................
കടപ്പുറത്തേക്ക് പോകുന്ന കവികൾ
കാറിലല്ലാതെ
കാൽനടയായി
ഉപ്പു കുറുക്കാനല്ലാതെ
വെറുതെ ഇരിക്കാനായി
കടപ്പുറത്തേക്ക് പോകുന്നു കവികൾ
മാനാഞ്ചിറ മുതൽ
കടൽപ്പാലം വരെ
വായനക്കാരെ വെച്ച്
അലങ്കരിച്ചിരിക്കുന്നപോലെ
അവർക്ക് തോന്നുന്നു
പുസ്തകങ്ങളിൽ നിന്ന്
വീശിയടിക്കുന്ന ചുഴലി
കവിതയുടെ വരികളിൽ നിന്നും
വന്ന് പേരിടാൻ ആവാതെ
തൊട്ടു നോക്കുന്ന കാറ്റിൽ
അവര് ഇളകുന്നു
എവിടെയും ഉപേക്ഷിക്കാൻ ആകാത്ത
നാലു വാചകങ്ങൾ
അവർ ചുരുട്ടിപ്പിടിച്ചിരിക്കുന്നു
കുളത്തിൽ നിന്ന്
കടലിലേക്കുള്ള വഴി
അവരുടെ ആത്മകഥയിലെ
ഒരദ്ധ്യായമായി
നീണ്ടു നീണ്ടു പോകുന്നു
അവർ നടക്കുന്നുണ്ടാവും
ഇരിക്കുന്നണ്ടാവാം
കിടക്കുന്നുണ്ടാവാം
പക്ഷേ
ചിറയിലെ ചെറിയ ഓളങ്ങളിൽ നിന്ന് കടൽത്തിരകളിലേക്ക്
അവർ ഉയർത്തപ്പെടും
കടപ്പുറത്ത് ഏകാന്തത
അനുഭവിക്കുന്ന എല്ലാ കാറ്റാടി മരങ്ങളും
ലോക കവികളാണ്
അതിൻറെ തണൽ അവർ വായിക്കുന്നു
ഇപ്പോൾ അവർക്ക്
എടുത്തു വെക്കാൻ
പുതിയ ഒരു വാക്യം കിട്ടുന്നു
അസ്തമയം അതിന്റെ ഒരക്ഷരം.
-മുനീർ അഗ്രഗാമി

No comments:

Post a Comment