വാർഡൻ

 വാർഡൻ

................
മരിക്കാൻ പോയവൾ
തിരിച്ചു വന്നു
ഒരു കുഞ്ഞു കരച്ചിൽ
അവളെ പിടിച്ചുവലിച്ച്
തൻറെ കവിളിൽ അമർത്തി
നടന്നുപോകുമ്പോൾ
കൊല്ലപ്പെട്ടക്കുമോ
ഉറക്കമില്ലാതെ പിടയുമ്പോൾ
വീട് പൊട്ടിത്തെറിക്കുമോ
വെള്ളമില്ലാതെ
വെളിച്ചമില്ലാതെ
ആത്മാവ് മൺതരികളായിപ്പോകുമോ
എന്നവൾ
ഒറ്റയാവുന്നു
ഒറ്റയാവല്ലേ എന്നു പറഞ്ഞു
അവളെപ്പുണരുന്ന
അനേകം ചിരികളിൽ
ഞാൻ ഒരു ശലഭമായി
അലഞ്ഞു
മഴക്കാലം കഴിഞ്ഞു
ശരത് കാലം കഴിഞ്ഞു
മുടിയിൽ വെളുത്ത പൂക്കൾ
മറ്റൊരു ഋതുവായ്
വിടർന്നു
മരിക്കാൻ പോയവൾ
ജീവിക്കുന്ന
മുന്തിരിത്തോപ്പിൽ
ഞാൻ ചെന്നു
അനേകം കുഞ്ഞുങ്ങൾക്കൊപ്പം
നൃത്തം ചെയ്യുന്നു
ആ വീടിനെ
അനാഥാലയം എന്ന് വിളിക്കാൻ
ആ കുഞ്ഞുങ്ങൾക്ക് അറിയില്ല
അവൾക്കും അറിയില്ല
മരിക്കാൻ പോയവൾ
ജീവിക്കുന്ന ഒരിടമാണ് അത്
ആ കുഞ്ഞുങ്ങൾ
അവളുടേതല്ലെങ്കിലും
അവളുടെ ജീവനാണ്.
സ്വന്തം ജീവൻ വിട്ട്
പോകാൻ തോന്നാത്ത ഒരാൾ
മറ്റൊരാളെ നോക്കുന്നത്
അൽഭുതം ആണെങ്കിൽ
അത്ഭുതത്തിന്റെ
ഒരറ്റത്ത്
കടൽക്കരയിലെ എന്നപോലെ
ഞാൻ ഇരിക്കുന്നു
-മുനീർ അഗ്രഗാമി

No comments:

Post a Comment