എല്ലാ കുഞ്ഞുങ്ങൾക്കുമായി ഒരു തുളുമ്പൽ

 എല്ലാ കുഞ്ഞുങ്ങൾക്കുമായി

ഒരു തുളുമ്പൽ
.................................................................
ആസ്പത്രിയിലെ കാത്തിരിപ്പു മുറിയിൽ
സമയം
ഓരോ തുള്ളിയായി ഇറ്റി വീഴുന്നു
തളർന്ന ഞരമ്പുകൾക്ക്
ജീവൻ വെച്ചു തുടങ്ങുന്നു.
ഐസിയുവിൽ
വാർഡിൽ
വരാന്തയുടെ തിരക്കിൽ
മുലപ്പാൽ മണം
മറ്റെല്ലാ മണങ്ങൾക്കും മുകളിലൂടെ
മുട്ടിലിഴയുന്നു
കുഞ്ഞുങ്ങളുടെ വാർഡ്
മൗനത്തെ
ഒരു കളിപ്പാട്ടത്തെയെന്ന പോലെ
ഉടച്ചു കരയുന്നു.
മണിക്കൂറുകൾ
ഒന്ന്
രണ്ട്
മൂന്ന്
എന്നിങ്ങനെ
കുഞ്ഞുങ്ങൾ എണ്ണം പഠിക്കുമ്പോലെ
മെല്ലെ
രക്തത്തിലലിയുന്നു
വാവിട്ടു കരയുന്നു
വാർഡിൽ നിന്നും
ഒരു കുഞ്ഞിന്റെ കരച്ചിൽ കേൾക്കുന്നു
എല്ലാ അമ്മമാരും
ആ കരച്ചിലിനെ താലോലിക്കുന്നു.
മരുന്നിന്റെ മയക്കത്തിൽ
ഉറങ്ങുന്ന എല്ലാ കുഞ്ഞുങ്ങൾക്കും വേണ്ടി
അത് കരയുകയാണ്
എല്ലാ അമ്മമാർക്കും വേണ്ടി അതു കരയുകയാണ്
ഇരുന്നിരുന്ന്
ഉറങ്ങിപ്പോയ ഒരമ്മ
ആ കരച്ചിൽ പിടിച്ച്
എഴുന്നേറ്റു
അവരുടെ കണ്ണിൽ
എല്ലാ കുഞ്ഞുങ്ങൾക്കുമായി
ഒരു തുളുമ്പൽ
അതവർ മറ്റാരും കാണാതെ
ഉള്ളിൽ തന്നെ വെച്ചു.
- മുനീർ അഗ്രഗാമി

No comments:

Post a Comment