സ്നേഹം പ്രണയത്തോട്

സ്നേഹം പ്രണയത്തോട്
.............................................................
അവളുടെ മുടിയിഴയിൽ
അവൻ തൂങ്ങിച്ചത്തു
അനന്തരം
അവൻ്റെ ശരീരത്തോടൊപ്പം
അവൾ നടന്നു പോയി
അവൻ്റെ ആത്മാവ്
അവൾക്കുള്ളിലെ വിടെയോ ഉണ്ട്
അതു പുറത്തുചാടുമോ ?
അവൻ പുനർജ്ജനിക്കുമോ ?
സ്നേഹം പ്രണയത്തോട്
ചോദിച്ചു കൊണ്ടിരുന്നു.
- മുനീർ അഗ്രഗാമി

തുഗ്ലക്ക് വീട്ടിൽ വന്നു കയറി

തുഗ്ലക്ക് വീട്ടിൽ വന്നു കയറി
...............................................
ഇന്നലെ അർദ്ധരാത്രി
തുഗ്ലക്ക് വീട്ടിൽ വന്നു കയറി
മുത്തച്ഛൻ്റെ പെട്ടിയിലെ അഞ്ഞൂറിൻ്റെ
നോട്ടുകളെടുത്ത് ചുട്ടു തിന്നു
എൻ്റെ കീശയിൽ നിന്ന്
ആയിരത്തിൻ്റെ നോട്ടുകളെടുത്ത്
വിമാനമുണ്ടാക്കി
പുലരിയിലേക്കെറിഞ്ഞു.
പതിലാം നൂറ്റാണ്ടിൽ നിന്ന്
തൻ്റെ പഴയ തലസ്ഥാനത്തിലേക്ക്
പുകമഞ്ഞിലൂടെ വരികയായിരുന്നു,
എന്നെ തിരഞ്ഞ്.
ഇന്നും നാളെയും ഞങ്ങൾ
എടിഎമ്മിൻ്റെ ശീതീകരിച്ച മുറിയിലിരുന്ന്
രാജ്യത്തിൻ്റെ ഭാവി കാര്യങ്ങൾ
ചർച്ച ചെയ്യും
മറ്റന്നാൾ റേഷൻകടയിലെന്ന പോലെ
എനിക്കൊപ്പം ബേങ്കിൽ ക്യൂ നിൽക്കും
അമ്മയ്ക്ക് മരുന്നു വാങ്ങുവാൻ
കയ്യിൽ പണമില്ലാത്തതിനാൽ
പിച്ചക്കാരനോട് ഇരക്കാൻ തുടങ്ങും
ചുട്ടുതിന്ന നോട്ടുകൾ
തിരിച്ചു തരാൻ ഞാനദ്ദേഹത്തിൻ്റെ
കഴുത്തിനു പിടിക്കും.
പഴയ രാജാവായതിനാൽ
രാജ്യദ്രോഹിയാകാതിരിക്കാൻ
വീണ്ടും സൗഹൃദത്തിലാകും
അദ്ദേഹം പ്രഭാത ഭക്ഷണത്തിന്
കള്ളപ്പണമില്ലേ എന്ന് ചോദിക്കുന്നു
കള്ളവുമില്ല ചതിയുമില്ലെന്ന് പറഞ്ഞ്
വലിയ നോട്ടുകളെ ബലി കൊടുത്ത്
ഞാൻ മഹാബലിയാകുന്നു
തുഗ്ലക്ക് വാമനനാകുന്നു
എൻ്റെ കയ്യിൽ ഇനി നൽകാനൊന്നുമില്ല
ഞാൻ തല കുനിക്കുന്നു
സാധാരണക്കാരനായ
എന്നെ അദ്ദേഹം ഉടൻ ചവിട്ടിത്താഴ്ത്തി.
- മുനീർ അഗ്രഗാമി

അഞ്ചു കവിതകൾ

അഞ്ചു കവിതകൾ
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
ചരിത്രം
.............
ഞങ്ങളുടെ നേതാവ്
വെടിയേറ്റു മരിച്ചു.
അദൃശ്യയുദ്ധം ജയിച്ച്
എന്നത്തേയും പോലെ
തോക്ക് നേതാവായി.
വെടിയൊച്ചകൾ
ഭരണം തുടങ്ങി
വെടിപ്പുക മാത്രം
ചരിത്രമായി.
* * *
പൊള്ളൽ
.................
മഴ മറന്നു വെച്ച
ആഗ്രഹത്തോടെ
അത്രമേൽ പ്രതീക്ഷയോടെ
കാത്തി രുന്നിട്ടും
ആകാശത്തിൻ്റെ വെള്ളിവേരുകൾ മണ്ണിലിറങ്ങിയില്ല
ഇടിമുഴക്കങ്ങൾ
ഒരു മുന്നറിയിപ്പും തന്നില്ല
പൊറുതിമുട്ടി,
എഴുന്നേറ്റു നടക്കുമ്പോൾ
വെയിലേറ്റു പൊള്ളിയ
തുലാമാസത്തിൻ്റെ നെഞ്ചിൽ
മരുന്നു പുരട്ടുന്നു,
കോടമഞ്ഞ്.
* * *
വഴി
........
ഇടവഴി തീരുന്നിടത്ത്
ഭാസ്കരേട്ടൻ്റെ ചായ ക്കട
ചായക്കടതീരുന്നിടത്ത്
പെരുവഴി;
വയലിലേക്കുള്ള വഴി,
വാഹനത്തിലേക്കുള്ള വഴി,
ഗൾഫിലേക്കുള്ള വഴി.
ഇപ്പോഴുമത്
മഴവെള്ളം കുടിച്ച്
ജീവിക്കുന്നു;
ഉപേക്ഷിക്കപ്പെട്ട വീടിൻ്റെ
തറ പോലെ
അതിജീവിക്കുന്നു .
* * *
അകം
..........
കണ്ണേ
കൺമണിയേ ,
ഇത്ര വേഗം
നിറഞ്ഞു തൂവാൻ
അകത്താരാണ്
പെയ്യുന്നത് ?
* * *
കത്ത്
..........
അമ്മ മകന്
കത്തെഴുതുന്നു:
മോനേ കുറ്റവാളിയല്ലെങ്കിലും
നീ ജയിൽ ചാടരുത്.
അഴികളുടെ സുരക്ഷപോലും
ഇവിടെയില്ല .
പെയ്ത കുറ്റത്തിനു് മഴയും
വീശിയ കുറ്റത്തിന് കാറ്റും
വിചാരണ നേരിടുകയാണ് .
- മുനീർ അഗ്രഗാമി

അക്വേറിയത്തിലെ കല്ലുകൾ

അക്വേറിയത്തിലെ കല്ലുകൾ 
.................................................................
അക്വേറിയത്തിലെ കല്ലുകൾ തമ്മിൽ
പറയുന്നതു കേട്ടു ഞാൻ
പുഴയിലവർ മീനായിരുന്നതിൻ കഥ
ജലമായിരുന്നു അവരുടെ ചിറകുകൾ.

ഓരോ കുത്തൊഴുക്കിലുമൊരു നീന്തൽ!
പുഴയാഴത്തിലൊരു മീട്ടൽ
ഹൃദയം ചേർത്ത്
പ്രണയമൊഴിയായ് പ്രകമ്പനങ്ങൾ.

മലവെള്ളമായിരുന്നു ഉത്സവം
കാടും പടലും തോരണങ്ങൾ!

മീനുകളോടവ പറയുന്നുണ്ടാവുവോ
യാത്രയില്ലാതെ ശവപ്പെട്ടിയിലെന്നപോൽ
കിടന്നു ജീവിക്കുന്നതിൻ സങ്കടം ?

-മുനീർ അഗ്രഗാമി

വേവലാതി

വേവലാതി
....................
ഓഫീസിലേക്കിറങ്ങുവാൻ മാത്രം
അവളുടെ നേരം വെളുക്കുന്നു.
നല്ല വാർത്തകളൊന്നുമില്ല
തലസ്ഥാനത്തു നിന്നോ
ഹൃദയസ്ഥാനത്തു നിന്നോ
ആശ്വാസകരമായതൊന്നുമില്ല
കുഞ്ഞിനു മുലപ്പാലില്ല
ഭർത്താവിനു നല്ല കൂട്ടുകാരില്ല
കുട്ടിക്ക് നല്ല അദ്ധ്യാപകരില്ല
നേരം കറുക്കുന്നു;
രാത്രിയാകുന്നു.
പുഴ ഒഴുക്കു നിർത്തുന്നു;
പാലത്തിലൂടെ
പണമൊഴുകുന്നു
പകലുകൾ
നിന്ദിതരുടേയും പീഡിതരുടേയും
ഞരമ്പിലൂടെ കയറിയിറങ്ങി
വിള്ളലുകൾ ബാക്കിവെച്ച്
മറഞ്ഞു പോകുന്നു
പ്രഭാതം
വാർത്തകളുടെ കൊത്തേറ്റ്
തളരുന്നു ;
എന്നും പത്രം
വരാന്തയിൽ
അണലിയെ പോലെ
ചുരുണ്ട് കിടക്കുന്നു
ഒന്നും ശരിയാവുന്നില്ലല്ലോ
എന്ന വേവലാതി
വെന്ത് ചുവക്കുന്നു
കൊടിപോലെ പാറുന്നു
നിഴലില്ലാതെ
തണലില്ലാതെ.
അതിൻ ചുവട്ടിലൂടെ
ഏതോ അപസർപ്പക കഥയിലെ കഥാപാത്രമായ്
നഗ്നതമറച്ച ഉടുപ്പുകൾ
ഭയം കൊണ്ട് മറച്ച്
അവൾ നടന്നു പോകുന്നു,
ഓഫീസിലേക്ക് .
- മുനീർ അഗ്രഗാമി

ഹൈക്കു കവിത

ഹൈക്കു കവിത
\

വെളളക്കുരുവികൾ പറന്നിറങ്ങുന്നു
ധവള വസന്തം മരങ്ങളിൽ പൂക്കുന്നു
മഞ്ഞുകാലം തേൻ നുകരുന്നു .

- മുനീർ അഗ്രഗാമി 

വാരിക്കൊണ്ടു പോയല്ലോ !

വാരിക്കൊണ്ടു പോയല്ലോ!


സഹ്യൻ്റെ മകനേ
നിൻ്റെ അച്ഛനെ
വാരിക്കൊണ്ടു പോയല്ലോ
ജെ സി ബി യുടെ
തുമ്പിക്കൈ !

.

.

.

.
-മുനീർ അഗ്രഗാമി

വൈബ്രേഷനിൽ

വൈബ്രേഷനിൽ
...........................................

വാക്കുകളിലെ തീ കെടുന്നു
മൊബൈൽ കനലു പോലെ
കണ്ണടയ് ക്കുന്നു
ഒരാൾ
ദൂരത്തിൻ്റെ ചിതയെരിഞ്ഞു തീർന്ന
ഭൂതലത്തിൻ്റെ ഒരറ്റം പിടിക്കുന്നു
മറ്റൊൾ മറ്റൊരറ്റം.
നക്ഷത്രങ്ങൾ പുള്ളി കുത്തിയ
കറുത്ത വിരിപ്പിൽ
ഉറക്കം ചുരുണ്ട് കിടക്കുന്നു
അവർ
ഞാണിനു മുകളിലെ
സർക്കസ്സുകാരനെ പോലെ
വിഭ്രാന്തിയിലൂടെ
നടന്നുപോകുന്നു,
ഒരു വൈബ്രേഷനിൽ
പിടയ്ക്കാനായി
രണ്ടറ്റത്തും രണ്ടു ഹൃദയങ്ങൾ
സൈലൻ്റ് മോഡിലിട്ട്.

- മുനീർ അഗ്രഗാമി

ബാല്യം .

ബാല്യം
..............
മഴയും മഴയും
കളിച്ചു നടന്ന കളിസ്ഥലം,
തുള്ളികൾ തുള്ളികളോട്
മത്സരം വെച്ച്
സ്കൂളിലേക്കോടിയ
മൈതാനം.
തമ്മിൽ വിരലുകോർത്ത്
മഴനൂലുകൾ മാവു ചുറ്റി
കോമാങ്ങകൾ വീണു;
ഞാൻ മുളച്ചു;
ഇ ല ക ളാ യി;
കൊമ്പുകളായി;
ഇടതൂർന്നു വളർന്നു
വിരലുകൾആകാശം തൊട്ടു
വേരുകൾ ആഴരഹസ്യ മറിഞ്ഞു
കാടു നിറഞ്ഞു
മനസ്സിലും കാടു നിറഞ്ഞു
കളിസ്ഥലം പോയി
മഴ വരാതായി;
ഉണങ്ങിപ്പോയി
വിണ്ടുകീറിയ ചുളിവുകളിലിരുന്ന്
പ്രായം മഴയെ കാത്തു കരഞ്ഞു
കണ്ണീരിൽ കളിവീടൊലിച്ചു വന്നു
തമ്മിൽ പരിചയമില്ലാത്ത പോലെ
മുഖത്തു നോക്കാതെ
അതൊലിച്ചുപോയി
അന്നേരം മഴ കരഞ്ഞു
കളിക്കുവാനാവാതെ
തുളളുവാനാകാതെ
തുളുമ്പിപ്പോയ്
പാവം മഴ.
- മുനീർ അഗ്രഗാമി

60

60
.......
ഇന്ന് അറുപതു തികഞ്ഞു.
ഇനി ഇരിപ്പ് അകത്തോ പുറത്തോ?
ആർക്കറിയാം!
മക്കളോ മരുമക്കളോ
ആരാവും ആദ്യ മിറങ്ങാൻ പറയുക ?
ഓർമ്മ മങ്ങി
കാഴ്ച പോയി.
കാത്തിരുന്നിട്ടും ആരും വന്നില്ല
മക്കളൊക്കെ എവിടെയാണ് ?
മരുന്നുകൾ വെച്ച സ്ഥലം പോലും മറന്നു .
ഒരു ബംഗാളി വന്നു
അതെടുത്തു തന്നു
അവന് ശമ്പളമുണ്ട്.
മോനേ,
എൻ്റെ കൈ പിടിക്ക്!
അവനോടു പറഞ്ഞു
വൃദ്ധസദനത്തിലേക്ക് നടക്ക്.
അവൻ നടന്നു ,
റിക്ഷ വലിച്ച് നടക്കുമ്പോലെ .
മക്കളും മരുമക്കളുമില്ലെങ്കിലും
ഒരിറ്റ് വെള്ളം തരാൻ
അവിടെ എത്രയെത്ര ദേശക്കാരാണ് !
അറുപതു കഴിഞ്ഞതാണ്
അത്തും പിത്തും പറയുന്നതാണ്.
ശ്രീനാരായണ ഗുരു,
കെ .കേളപ്പൻ
മന്നം
അബ്ദുറഹ്മാൻ
എന്നിങ്ങനെ പലതും പറയും .
ആർക്കു മനസ്സിലാവാനാണ്!
അവരുടെ ഭാഷ
എൻ്റെ ഭാഷയെ കൊത്തിത്തിരുന്ന പക്ഷിയാണ്.
അറുപത് തികഞ്ഞു,
ചുമരിൽ ചീർപ്പു കൊണ്ട് ഒരു തെങ്ങോലയുടെ ചിത്രം വരച്ച്
അതിൽ നോക്കി
വെറുതെ പറഞ്ഞു പറഞ്ഞ്
ഉറങ്ങിപ്പോയി .
- മുനീർ അഗ്രഗാമി

മൂന്നിടവഴികൾ

മൂന്നിടവഴികൾ
...........................
എൺപതുകളിൽ ജീവിച്ചവരിൽ
മൂന്ന് ഇടവഴികളുണ്ട്
വയലിൽ നീന്തിക്കളിക്കാനോടുന്ന
കുട്ടികളെ പോലെ
ഒറവു വെള്ളം ചിരിച്ചു പായുന്ന
ഒരിടവഴി
വിശന്ന വയറുപോലുള്ള
സഞ്ചിയുമായ്
വടികുത്തി
ഒതുക്കു കല്ലുകളിറങ്ങി
റേഷൻ കടയിലേക്ക്
നടന്നു പോയ ഒരിടവഴി
കുറേ ചിരികളും കൂട്ടിപ്പിടിച്ച്
ടൈപ്പ് റൈറ്ററിൻ്റെ താളത്തിൽ
മലദേവതയെ പോലെ
എന്നും മുകളിലേക്ക്
കയറിപ്പോയിരുന്ന ഒരിട വഴി
ഒന്നാമത്തെ ഇടവഴി
ഇപ്പോൾ ഒരു പരൽ മീനിൻ്റെ ജീനിലാണ്
രണ്ടാമത്തെ ഇടവഴി
നഗരത്തിലേക്കുള്ള പാതയുടെ അബോധത്തിൽ
കിടന്നുറങ്ങുന്നു
മൂന്നാമത്തെ ഇടവഴി,
സങ്കടത്തോടെ
ഫ്ലാറ്റിലേക്ക് കയറിപ്പോയ
പാദസരത്തിൻ്റെ
പൂർവ്വജന്മ സ്മരണയിൽ
ഇല്ലിക്കാടിനു പിന്നിൽ
ഒളിച്ചിരിക്കുന്നു.
- മുനീർ അഗ്രഗാമി

പൂവുകളുടെ ഉപമ

നിലവിളിയുടെ വാതിലുകളടച്ച്
പുറത്തിറങ്ങുന്നു
പുൽക്കൊടി പുലരിയെ എന്ന പോലെ
നിന്നെ വായിക്കുന്നു
പൂവുകളുടെ ഉപമ വിടരുന്നു.
-മുനീർ അഗ്രഗാമി

നിനക്ക് ആകാശമുണ്ടെങ്കിൽ മാത്രം

എൻ്റെ ചിറകുകൾ കൊത്തിയെടുത്ത്
ഒരു കിളി പറന്നു പോയിട്ടുണ്ട്
നീയതിനെ കണ്ടെത്തും
നിനക്ക് ആകാശമുണ്ടെങ്കിൽ മാത്രം അവ സ്വീകരിക്കുക .
-മുനീർ അഗ്രഗാമി

മൗനം

മൗനം
-------------
മൗനത്തിൻ്റെ ആഴത്തിലേക്ക്
താഴ്ന്ന് പോയവനെ തിരഞ്ഞ്
ഊളിയിട്ടു.
തിരകളുടെ മറ്റേ അറ്റത്ത്
ശബ്ദരഹിതമായ
ഇളക്കത്തിൽ
ചുഴികളിലൂടെ
താഴ്ന്ന് ആഴമറിഞ്ഞവനെ
തിരഞ്ഞ്.
അവൻ മൗനം കുടിച്ച്
പവിഴമായോ
മീനുകളായോ
പായലുകളായോ
മാറിയിരിക്കാം
അവൻ്റെ ഭാഷ
ജലത്തിനു മാത്രം കേൾക്കാവുന്ന
സംഗീതമായിരിക്കാം.
ഉയരത്തിൽ നിന്ന്
ഇടിവെട്ടോടെ പെയ്യുന്ന
ഒരു പെരുമഴത്തുള്ളിയായ്
അവനെ തിരഞ്ഞിറങ്ങുന്നു
അവൻ്റെ വാക്കുകൾ
പറന്നു നടന്ന അതേ
ആകാശത്തു നിന്ന് .
കിളിയൊച്ചകൾ അസ്തമിച്ച
അതേ ഉദയ പർവ്വതത്തിൽ നിന്ന്.
എത്ര ആഴത്തിലായാലും
ഏതു ചിപ്പിക്കുള്ളിലായാലും
അവനെ തിരിച്ചു കൊണ്ടു വരണം.
എൻ്റെ ശബ്ദത്തിൽ
അവൻ്റെ ശബ്ദം ചേർത്ത്
ഉയർച്ചതാഴ്ചകളുടെ
രഹസ്യത്തിൽ
വിടരുന്ന
സംഗീത മാസ്വദിക്കണം
പ്രപഞ്ചത്തിൻ്റെ മുക്കാൽ ഭാഗവും
മൗനമാണ്
എങ്കിലും സുഹൃത്തേ
എൻ്റെ ശബ്ദത്തിൻ്റെ അർത്ഥം
നിൻ്റെ ശബ്ദമാണ്
അതു കൊണ്ട്
നീയകന്നപ്പോൾ ഉയർന്ന
കരച്ചിലിൽ നിന്ന്
ഒരൊറ്റച്ചാട്ടം!
നിന്നെത്തിരഞ്ഞ്
നീ മറഞ്ഞ മൗനത്തിൻ്റെ
ആഴത്തിലേക്ക്.
അർത്ഥം വീണുപോയ
ഒരു വാക്കായ്
നിശ്ശബ്ദം
നിന്നെ തിരഞ്ഞ് .
ഞാൻ
വിഷാദ മൂകമായ്
പ്രതിമ പോലെ
ഇരിക്കുകയല്ല
നിന്നെ തിരഞ്ഞ്
യാത്ര പോകുകയാണ്
എൻ്റെ ശരീരമതു നോക്കി
മൗനത്തിൻ്റെ തീരത്ത്
ഇരിക്കുന്നു എന്നു മാത്രം ;
എന്നു മാത്രം .
- മുനീർ അഗ്രഗാമി

കണ്ണടച്ച്

കണ്ണടച്ച്
......................
ഒച്ചയില്ലാതെ
കണ്ണടച്ച്
ഒരു രാത്രിയുണ്ടാക്കുക
എല്ലാം നക്ഷത്രങ്ങളായ്
കണ്ണു തുറന്ന്
സംസാരിക്കാൻ തുടങ്ങും.


- മുനീർ അഗ്രഗാമി 

സൂഫി

സൂഫി
............
ജീവിതം മരുഭൂമിയാകുമ്പോൾ
ഞാൻ ഗാഫുമരം
നീ ഒറ്റത്തുള്ളി മഴ
ചിറകുകളുള്ള
കടലുകളായ്
ഇലകൾ വിടരുന്നു
കടലാവാൻ വർഷങ്ങൾ
കാത്തിരുന്നവനറിയാം
തിരകളുടെ ശക്തി
ഒറ്റത്തുള്ളിയാൽ
നിറഞ്ഞു തൂവുന്നവനറിയാം
ആർദ്രതയുടെ രഹസ്യം
നീ പെയ്തതിൻ പിന്നെ
എെൻ്റ മണൽത്തരികൾ അക്ഷരങ്ങളാണ്
മരുഭൂമി കവിതയും
ഇപ്പോൾ
മരമാണോ
മണലാണോ ഞാനെന്ന്
തിരിച്ചറിയാത്ത
അദ്വൈതത്തിൽ നിന്നെ ധ്യാനിച്ച്
സൂഫിയാകുന്നു
ഇലകൾ
ഇമകളാകുന്നു
വിജനതയിൽ നിന്ന് നിന്നെ നോക്കി
കണ്ണുകൾ സന്തോഷം കൊണ്ട്
നിറയ്ക്കുന്നു
- മുനീർ അഗ്രഗാമി

മാതൃഭാഷാ ജാഥ

മാതൃഭാഷാ ജാഥ
............................
എൻ്റെ മാതൃഭാഷ
വടക്കുനിന്നും
തെക്കോട്ട് യാത്ര പോകുന്നു
അടിച്ചമർത്തിയവരുടെ
ശക്തി പ്രകടനം പോലെ
ശക്തി പ്രകടനം അത്യാവശ്യമായ
പാർട്ടിയെ പോലെ
എല്ലാ വാക്കുകളെയും കൂട്ടി
എല്ലാ ശൈലികളേയും
വരിവരിയായി നടത്തിച്ച്
എൻ്റെ ഭാഷ
കാസർകോട്ടു നിന്ന്
കന്നടയുടെ വിരലുകളിലെ പിടിവിടാതെ
തിരുവനന്തപുരത്തേക്ക്
പോകുന്നു
തമിഴ് ,
വീട്ടിൽ നിന്നിറക്കി വിട്ട
അമ്മയെ പോലെ
നിറഞ്ഞ മിഴിയുമായ്
അവിടെ അതിരിൽ
കുത്തിരുന്നു നോക്കുന്നുണ്ട് ;
എത്തിയോ എത്തിയോ എന്ന് .
ഒറ്റയ്ക്ക് എൻ്റെ ഭാഷ
ഒരു നെൽക്കൃഷിക്കാരനെേപാലെ
കിട്ടിയ ബസ്സിലോ
കാറിലോ ഓട്ടോറിക്ഷയിലോ
ജീപ്പിലോ
തലസ്ഥാനത്തേക്ക്
പുറപ്പെട്ടിരുന്നെങ്കിൽ
അവിടെ എത്തുമായിരുന്നോ ?
സെക്രട്ടറിയേറ്റിൽ
ഒന്നു കയറി
ഒരു പരാതി കൊടുക്കാൻ
പറ്റുമായിരുന്നോ ?
നഗരത്തിലെത്തിപ്പെട്ടാൽ
എങ്ങോട്ടു പോകുമെന്ന റിയാതെ
കുഴങ്ങുമായി രുന്നില്ലേ ?
പോലീസ് പിടിക്കുമായി രുന്നില്ലേ ?
ആശയം വിനിമയം ചെയ്യപ്പെടാതെ
കോടതിയിൽ കുഴഞ്ഞു വീഴുമായിരുന്നില്ലേ ?
വഴിയിൽ നിന്ന് കിട്ടിയ വാക്കുകളെ ചേർത്ത്
ജാഥ വലുതായിക്കൊണ്ടിരുന്നു
എന്നാൽ അത്ര വലുതല്ല
ജാഥയിൽ ചേരാൻ
വാക്കുകളെ വിളിക്കാൻ വീട്ടിൽ ചെന്നു
പട്ടിണി കിടന്ന് ,
ആരും തിരിഞ്ഞു നോക്കാതെ
പലതും മരിച്ചു പോയിരുന്നു.
അവശേഷിച്ചവയുടെ
ദു:ഖം മാറുമാനന്ദത്തിൽ
മരിച്ച വാക്കുകൾ
 പുനർജ്ജനിക്കും.
കുഞ്ഞു നാവുകളിൽ നിന്നവ
ഇറങ്ങി വന്ന്
ജാഥയിൽ അണിനിരക്കും
വഴി തെറ്റാതെ .
_മുനീർ അഗ്രഗാമി

ഹൈക്കു കവിത


................................
ഇലഞ്ഞി പൂത്തൂ,
ജനാലയിൽ വിടർന്നൂ കണ്ണുകൾ
പറന്നൂ പൂമണ ശലഭങ്ങൾ .
- മുനീർ അഗ്രഗാമി

ഏഴ് ഹൈക്കു കവിതകൾ

ഏഴ് ഹൈക്കു കവിതകൾ
...............................
1.
മരുഭൂമിയിൽ ഒരു മഴ;
മനസ്സിൽ തടാകം. 
അതിൽ ഒട്ടകമീനുകൾ.
2.
കുളം കുടിക്കുന്നു വെയിൽ
വേദന തെളിഞ്ഞ്
വിണ്ടു കീറുന്നു.
3.
താമരച്ചുണ്ടിലൊരു വണ്ട്.
ചിറകടിക്കുന്നു തടാകം.
കാറ്റിൻ കയ്യിലൊരു
പ്രണയ ലേഖനം .
4.
അശ്വമേധം നടത്തുന്നു
കാലം,
സമയക്കുതിരകളോടുന്നു.
5 .
നിന്നിലെ വാടാത്ത
തുമ്പപ്പൂവിൽ മാത്രമെൻ
കുട്ടിക്കാലം പുഞ്ചിരിക്കുന്നു
6.
പാതിരാ കാറ്റിൽ
പാലപ്പൂവിൻ വിവാഹം;
ഗന്ധഘോഷയാത്ര.
7.
മകരമാസ രാത്രി
തണുപ്പുടുത്ത്
മല കയറുന്നു .
- മുനീർ അഗ്രഗാമി

ശില്പി

ശില്പി
..............
നീ ശിലയിലൊളിച്ചതിനാൽ
ഞാൻ ശില്പിയായി.
നിനക്കു മുകളിൽ
കനത്തു ഘനീഭവിച്ചത്
ഇരുളിൻ കരിമ്പാറയായിരുന്നോ ?
വിശ്വാസമായിരുന്നോ?
മാമൂലുകളായിരുന്നോ ?
ആചാരങ്ങളായിരുന്നോ ?
ഒന്നും എനിക്കറിഞ്ഞുകൂടാ.
പക്ഷേ
വാക്കുകൾ കൊണ്ട്
ഞാനുണ്ടാക്കിയ ഉളി തട്ടി
ഓരോ കരിങ്കൽ ചീളും
തെറിച്ചു പോയി
ചിലത് തട്ടി
എൻ്റെ കൈ മുറിഞ്ഞു
നെഞ്ചു മുറിഞ്ഞു
കണ്ണു നനഞ്ഞു.
അതു കണ്ട്
നിനക്ക് ജീവൻ വെച്ചു
സങ്കടമില്ല
നീ പുറത്തു വന്നുവല്ലോ
എൻ്റെ മുറിവു കൂടുവാൻ
നിമിത്തമായല്ലോ.
ഞാൻ ശില്പിയാകുമെന്ന റിഞ്ഞതിലാകുമോ
നീ ശിലയായത് ?
എനിക്കൊന്നുമറിഞ്ഞുകൂടാ
ഉളിയുടെ വഴിയല്ലാതെ .
- മുനീർ അഗ്രഗാമി

രാത്രിയിൽ വയൽ വരമ്പിലൂടെ നടക്കുമ്പോൾ

രാത്രിയിൽ വയൽ വരമ്പിലൂടെ നടക്കുമ്പോൾ
ശബ്ദമഴ തകർത്തു പെയ്യുന്നു
തോരാതെ പെയ്യുന്നു
വയലു നിറഞ്ഞു തൂവുന്നു
വരമ്പു കാണാതെ
വരിനെല്ലു കാണാതെ
കവിഞ്ഞൊഴുകുന്നു
ഞാനൊരു കുഞ്ഞു ബ്രാലായി നീന്തുന്നു.
ശബ്ദങ്ങളോരോന്നായ്
ഓളങ്ങളായ് ഉടലിൽ മീട്ടുന്നു
ഞാനൊരുഗാനത്തിൻ്റെ നിശ്വാസമാകുന്നു
രാത്രിയതു കേട്ട് നെല്ലോലകളിൽ
താളം പിടിക്കുന്നു.
- മുനീർ അഗ്രഗാമി

വെറുതെ നിൽക്കുമ്പോൾ

വെറുതെ നിൽക്കുമ്പോൾ
............................................
വെറുതെ നിൽക്കുകയായിരുന്നു
ഫാഷിസം കുറെ വസ്തുക്കൾ കൊണ്ടുവന്ന്
എനിക്കു ചുറ്റും ഒരു വീടുണ്ടാക്കി
ആഗ്രഹങ്ങൾ കൊണ്ടാണ്
ഇൻ്റീരിയർ
അത് ഭുതം കൊണ്ട്
പൂജാമുറി
അച്ചടക്കം കൊണ്ട്
നിലം
ആനന്ദം കൊണ്ട്
ചുമരുകൾ
ചങ്ങലകൾ കൊണ്ട് വാതിൽ
തോക്കുകൾ കൊണ്ട് ജനൽ
ആർഭാടം കൊണ്ട്
മേൽക്കൂര.
ടി വി യിൽ അവർ പ്രദർശിപ്പിച്ച
സിനിമ കണ്ട് ഞാനിരുന്നു.
അതിൽ നിന്ന്
മാതൃഭാഷയിൽ ഒരു വാക്കു കേട്ടു .
പുറത്തൊരു ലോകമുണ്ടെന്ന്
ഓർമ്മ വന്നു.
പക്ഷേ ,
പുറത്തു പോകാൻ മാത്രം
ലളിതമല്ല വീട് .
സ്വപ്നത്തിൽ തുലാമഴ കണ്ടു
മിന്നലിൽ
വാതിലിൽ ഒരു പഴുതു കണ്ടു
ഇടി വെട്ടി
കുളിരോടെ എഴുന്നേറ്റു
കാലുകളനങ്ങിയില്ല
അ അമ്മ
ആ ആന
ഇ ഇല
ഈ ഈച്ച
എന്നിങ്ങനെ ചില വാക്കുകൾ കൊണ്ട്
ചങ്ങല പൊട്ടിച്ച്
വാതിലുകൾ തുറക്കാം
എന്നൊരു മഴത്തുള്ളി സ്വകാര്യം പറഞ്ഞു
പക്ഷേ അതിന്
പച്ചമലയാളവും കയ്യിലേന്തി
ഒരു കൂട്ടം കുഞ്ഞുങ്ങൾ വരണം
അവർ ചിരിത്രത്തിൻ്റെ ഹാർഡ് ഡിസ്കിൽ ഇപ്പോഴില്ല
ജീവിച്ചിരിക്കുന്ന രക്ഷകർക്ക്
ഇങ്ങോട്ടുള്ള വഴിയറിയില്ല
നിങ്ങളവർക്ക്
വഴി കാണിക്കുമോ ?
പറയൂ.
- മുനീർ അഗ്രഗാമി

സ്നേഹം

വിടർന്നു തീരാത്ത ഒരു പൂവ്;
സ്നേഹം .
കാണുന്നവർക്ക്
ഓരോ ഇതളിനും ഓരോ നിറം
തൊടുന്നവർക്ക്
ഓരോ സ്പർശവും
ഓരോ പൂക്കാലം
കണ്ടും തലോടിയും തീരാത്തവർക്ക്
അതിനുള്ളിൽ നിറഞ്ഞ്
മനസ്സലിഞ്ഞിറ്റിയ
തേൻ തുള്ളി കിട്ടുന്നു
എന്നോ വിടർന്നു വന്ന ഒരിതളിൽ അമ്മ
മറ്റൊന്നിൽ അമ്മൂമ
തേനീച്ചയെ പോലെ
അച്ഛൻ
തേൻ കുരുവികളായി
അവനും അവളും
വിടരേണ്ട ഇതളുകളിൽ
കുഞ്ഞു മുഖത്തിൻ്റെചുവപ്പ്
അവസാനിക്കാത്ത വസന്തം പോലെ
കവിത പോലെ
നിഷ്കളങ്കമായി
പിടിച്ചു നടക്കുന്നു.
ഇതളുകൾ
വിടർന്നു കൊണ്ടിരിക്കുന്നു
ഉറുമ്പുകളെപോലെ
ഇഴഞ്ഞ്
അഹങ്കാരം
ചെറുതായിപ്പോകുന്നു
കവിത മാത്രം വലുതാ കുന്നു
സ്വർഗ്ഗം പോലെ
പൂവതിൽ വിടർന്നു വിടർന്ന്
ലോകമായി
ഭൂമിയോളം വൃത്തത്തിൽ
മെല്ലെയിളകുന്നു.
- മുനീർ അഗ്രഗാമി

നഗരകാണ്ഡം

നഗരകാണ്ഡം
......................
ഉപേക്ഷിക്കപ്പെട്ടു.
കാനനത്തിലല്ല;
നഗരത്തിൽ
അനിയനല്ല
ആര്യപുത്രൻ തന്നെയാണ്
കൊണ്ടിട്ടത്.
കാനന മൃഗങ്ങളില്ല
ചുറ്റും കാറുകൾ
മേഞ്ഞു നടക്കുന്നു
മഹർഷിയെ പോലെ
ആരും വന്നു നോക്കിയില്ല
സമയമില്ലാത്തതിനാൽ.
വേദപുസ്തകത്തെ പോലെ
സത്യത്തെ പോലെ
നന്മയെ പോലെ
ഗർഭിണിയാണ് .
ആരും രക്ഷിക്കില്ല
ഉറപ്പ് .
എല്ലാവരും
സ്വയം രക്ഷിക്കുന്ന തിരക്കിലാകും
ഭൂമി ആരുടേയോ
ഉടമസ്ഥതയിലാണ്
അതുകൊണ്ട് പിളർന്ന്
സ്വീകരിക്കാനും പറ്റില്ല.
ഉപേക്ഷിപ്പെടുന്നു
അത്ര തന്നെ ;
ഉപമകളില്ലാതെ .
- മുനീർ അഗ്രഗാമി

ഹൈക്കു കവിത



മിഴിയിലൊളിപ്പിച്ച
കടലിൽ
ഒരേയൊരു മീൻ 
വിരഹത്തിരയിൽ.
- മുനീർ അഗ്രഗാമി

മഞ്ഞ

മഞ്ഞ
...........
മഞ്ഞ ,
നർത്തകിയാണ്
സൂര്യകാന്തിയുടെ ഇതളുകൾ
നൃത്തശാല.
ചോളവയലിലെ കാറ്റും
കാർമേഘവും കാണികൾ.
അവനാണ് നൃത്തം പഠിപ്പിച്ചത്
വയലറ്റിൻ്റെ ഇരുണ്ട വഴികളിലൂടെ
ചുവടുകൾ വെയ്ക്കാൻ.
നക്ഷത്രങ്ങൾക്ക് ചുറ്റും പറന്ന്
നൃത്തം ചെയ്യാൻ
ധൈര്യമായിരുന്നു അവൻ
നിറങ്ങളുടെ ധൈര്യം .
പച്ചയും ചുവപ്പും
തമ്മിൽ ചേർന്ന് മറഞ്ഞ
വഴികളിൽ അവനൊപ്പം നടന്നു
കർഷകർ ക്കൊപ്പം ചുവടുകൾ വെച്ചു
ഉരുളക്കിഴങ്ങ് തിന്നു
കിടപ്പുമുറിയിൽ കിടന്നു
കസേരയിലിരുന്നു
കുട്ടുകാരൻ്റെ മുഖവെളിച്ചത്തിൽ
നൃത്തം ചെയ്തു
മഞ്ഞ നൃത്തമാണ്
അവൻ്റെ നിറമാണ്
മുറിച്ച ചെവിയിലെ ചുവപ്പ്
കരഞ്ഞപ്പോൾ ആശ്വസിപ്പിച്ച വിരലാണ് .
അവൻ പോയിട്ടും
അവൻ പഠിപ്പിച്ച നൃത്തംചെയ്ത്
മഞ്ഞ
നിർത്താതെ അവനെ ആവിഷ്കരിക്കുന്നു
ആസ്വാദകൻ്റെ കണ്ണിൽ വരയ്ക്കുന്നു
കാൻവാസ് പ്രപഞ്ചമാണ്
ഓരോ നിറത്തിൽ
ഓരോ ഗാലക്സികൾ
മഞ്ഞ അതിലോരോന്നിലും ചുവടുവെച്ച്
നൃത്തം ചെയ്യുന്നു
ഊർജ്ജത്തിൻ്റെ യും സ്പ്നത്തിൻ്റെയും
ദൈവത്തെ പോലെ .
- മുനീർ അഗ്രഗാമി

ഹൈക്കു കവി


രാത്രി ബോർഡിലെഴുതുന്നു
നിറഞ്ഞു തൂവുന്നു
പൗർണ്ണമിക്കവിത.
- മുനീർ അഗ്രഗാമി

ഇരുട്ടു കൊത്തിത്തിന്നുന്ന കിളി .................................................

ഇരുട്ടു കൊത്തിത്തിന്നുന്ന കിളി
.................................................
ഇരുട്ടു കൊത്തിത്തിന്നുന്ന കിളി
ചന്ദ്രനിലിരിക്കുന്നു
സൂര്യനിൽ നിന്നാണതു പറന്നു വന്നത്
താഴേക്കു നോക്കി
അതു ചിറകു കുടയുന്നു;
തൂവലുകൾ പൊഴിയുന്നു
ഇലകളിലും ഇടവഴികളിലും
അവ വീണു കിടക്കുന്നു
ഉറക്കം കിട്ടാതെ പിടയുന്ന
നഗരത്തിൻ്റെ ഉടയാടയിൽ
അവ വീണു കിടക്കുന്നു.
കിഴക്കോട്ടുപറന്നു വീണ
തൂവൽ എൻ്റെ നെറ്റിത്തടത്തിൽ
ഒരു കവിതയായി പ്രകാശിക്കുന്നു
പടിഞ്ഞാറേയ്ക്ക് പറന്നു വീണത്
നിൻ്റെ നെഞ്ചിൽ
രാഗം മീട്ടുന്നു
കടൽ താളം പിടിക്കുന്നു.
ഞാൻ ആ പാട്ട് കേട്ട്
ഗന്ധർവ്വനായി കാടുവിട്ട്
കടലു കാണാനെത്തുന്നു.
വഴിയിൽ പശുക്കളും
തെരുവുനായ്ക്കളും ഭരിക്കുന്ന
നാടു കടക്കുന്നു
പേടി ഒരാളെ കടിച്ചു കൊണ്ടു പോകുന്നതു കണ്ട്
ഗന്ധർവ്വനെന്നുറപ്പിച്ച്
വീണ്ടും നടക്കുന്നു
ബുദ്ധ പ്രതിമയും
ഗാന്ധിയുടെ പ്രതിമയുംകടന്ന്
മറ്റനേകം പ്രതിമകളും കടന്ന്
നിന്നെ കണ്ടുമുട്ടുന്നു .
എല്ലാ തൂവലുകളും നമുക്കു ചുറ്റും നൃത്തം ചെയ്യുന്നു
ചന്ദ്രനിലിരുന്ന് കിളി
വീണ്ടും ചിറകു കുടയുന്നു
ഇരുളെല്ലാംകിളി തിന്നിരിക്കണം
നമുക്കിടയ്ക്ക്
കാഴ്ചയുടെ മുല്ലപ്പൂവ് വിടരുന്നു
അനുഭവത്തിൻ്റെ നൂൽ കെട്ടി
പൗർണ്ണമിയെന്ന വാക്കിൽ
നാമൊന്നിച്ചിരുന്ന് ഊഞ്ഞാലാടുന്നു .
- മുനീർ അഗ്രഗാമി

ഹൈക്കു കവിത :മിന്നൽ ................

ഹൈക്കു കവിത :മിന്നൽ
................
ആകാശം കണ്ണുതുറന്ന്
മഴ കാണുന്നു;
ഹായ് !ഒരു മിന്നൽ .
- മുനീർ അഗ്രഗാമി

മഴപ്പക്ഷി

മഴപ്പക്ഷി 
.......................
 മഴച്ചിറകുള്ള തുലാപക്ഷി
ചിറകു കടയുന്നു പുഴക്കരയിൽ
സായന്തനച്ചില്ലയിൽ
ഇടിമുഴക്കങ്ങൾ പൂത്തുനിൽക്കുന്നു
പൂവെല്ലാം തിന്നുവാനിരുൾജീവി
നാക്കു നീട്ടിയടുക്കുന്നു
ചിറകൊതുക്കിയെങ്ങോ
മഴപ്പക്ഷി പേടിച്ചൊളിച്ചിരിക്കുന്നു.


- മുനീർ അഗ്രഗാമി
ഹർത്താൽ
.....................
വെട്ടേറ്റു വീണ
വെള്ളപ്രാവിനെ പോൽ
പറക്കുവാനാകാതെ,
ഒരു ദിനം

നഷ്ടപ്പെട്ട ആകാശം
കൊഴിഞ്ഞുണങ്ങിയ നിമിഷങ്ങൾ
തിരിച്ചെടുക്കാനാകാതെ,
ഒരു ദിനം.
പറക്കലൊരു സ്വപ്നമായ്
പകലിൻ ചിറകിലെ നിസ്സംഗതയിൽ
പാതി ജീവനോടെ,
ഒരു ദിനം.
കാലും ചിറകുമുണ്ടായിട്ടും
വേഗ ങ്ങളൊക്കെയും മറന്ന്
ഇഴഞ്ഞിഴഞ്ഞ്,
ഒരു ദിനം,
ഒറ്റയ്ക്ക്
ഇന്നലെകളെയോർത്ത് തുളമ്പുന്ന കണ്ണുമായ്
ഒരു ദിനം
- മുനീർ അഗ്രഗാമി

ചികിത്സ തേടുന്നു

ചികിത്സ തേടുന്നു
...................................
 കേരളം വെട്ടേറ്റ് പിടയ്ക്കുന്നു
ചോരത്തുള്ളി വീണ്
മഴ കലങ്ങുന്നു
മാനം കലങ്ങുന്നു
മനം കലങ്ങുന്നു .
ഹർത്താലിൽ കിടന്ന്
ചികിത്സ തേടുന്നു .

- മുനീർ അഗ്രഗാമി

വിദ്യാരംഭം

വിദ്യാരംഭം
........ .........
വിദ്യാരംഭം കുറിക്കുന്നു കുഞ്ഞുങ്ങൾ,
യുദ്ധഭൂമിയിലിരുന്ന്.
ഹ എന്നരിയിലെഴുതുമ്പോൾ
അവർ ഹ ഹ എന്നു ചിരിക്കുന്നു
അ എന്നുച്ചരിക്കെ
അണു എന്നു കേൾക്കുന്നു
ആ എന്നു തുടങ്ങവേ
ആറ്റമെന്നും.
നാവിലെഴുതിയ വാക്കുകൾ
മാതൃഭാഷയല്ലെന്നറിഞ്ഞ്
തുപ്പുന്നു.
കുഞ്ഞുങ്ങൾ എത്ര നിഷ്കളങ്കരാണ് !
അകത്ത് പുസ്തകങ്ങൾ
പൂജയ്ക്ക് വെച്ച്
പുറത്തിരുന്ന് ആയുധത്തിന്
മൂർച്ച കൂട്ടുന്നത് കണ്ട്
അവർ മാത്രം കരയുന്നു
അതിർത്തി നോക്കാതെ
അവർ ചിരിച്ച്
മുട്ടിലിഴയുന്നു
ലോകാ സമസ്താ സുഖിനോ
ഭവന്തു
എന്ന് അവർ അവരുടെ ഭാഷയിൽ
പറയുന്നു
വെടിയേറ്റു മരിച്ചത്
അച്ഛനാണെന്നറിയാതെ
മാനം നഷ്ടമായത്
അമ്മയുടേതാണെന്നറിയാതെ .
ആ കുഞ്ഞിൻ്റെ കണ്ണുകളിൽ നോക്കി
ബുദ്ധനെന്നുപേരുള്ള ഞാൻ,
അഭയാർത്ഥിയായ ഞാൻ
സ്നേഹത്തിൻ്റെ അക്ഷരം പഠിക്കുന്നു
പുതു വിദ്യാരംഭം കുറിക്കുന്നു.
അരിയിലും നാവിലും
മനസ്സിലുമെഴുതിയ
അതിർത്തി രേഖകൾ മായ്ച്ച് .
അന്നേരമാരോ ചരിത്രത്തിൽ നിന്നും
പിടഞ്ഞെണീറ്റ്
നമോസ്തു ജിനതേ എന്നെഴുതുന്നു
- മുനീർ അഗ്രഗാമി

ചൂല്

ചൂല്
...................
ചൂല് ആർക്കും
സ്വന്തമാക്കാൻ പറ്റാത്ത
ഒരു പ്രത്യയ ശാസ്ത്രമാണ്
എന്നാൽ
എടുത്തുപയോഗിക്കാവുന്നത്
എവിടെയൊക്കെ സഞ്ചരിച്ചാലും
ആരൊക്കെ കൂടെ നടന്നാലും
അത് തിരിച്ച് വന്ന്
തൻ്റേതല്ലാത്ത ഇടത്തിൽ
തനിച്ചിരിക്കുന്നു
മക്കളും മരുമക്കളും കൈവിട്ട
സ്ത്രീയെ പോലെ
സ്വന്തം കെട്ടുപാടിൽ
കുത്തഴിയാതെ തനിച്ചിരിക്കുന്നു
അടുക്കളയോളം അത്
മറ്റെവിടെയും അടിച്ചുവാരിയിട്ടില്ല
അടുക്കുതെറ്റാതെ
നിലത്തിഴയുന്ന കുഞ്ഞുങ്ങൾക്കിടയിലൂടെ
അത് അമ്മയെ പോലെയല്ലാതെ
പെരുമാറിയിട്ടില്ല
ചൂല്
ജീവനുള്ള ഒന്നിനെ പോലെ
ജീവനുള്ളയാളുടെ വിരലുകളിൽ
കിടന്നു പിടയ്ക്കുന്ന
പ്രത്യയശാസ്ത്രമാണ്
കൊടിയില്ലാതെ
പടരുന്ന
സാർത്ഥക ജീവിതം .


- മുനീർ അഗ്രഗാമി
 ഒരോ വർഷത്തിലും
................................................
തട്ടി മറിഞ്ഞ
ഒരോർമ്മയിൽ ചവിട്ടി വീണ്
അവളുടെ മനസ്സൊടിഞ്ഞു
അടുത്തു കിടന്നവനതറിഞ്ഞില്ല
തമ്മിൽ ഒരിരുട്ടിൻ്റെ
അകലം മാത്രം

പക്ഷേ
വർഷങ്ങളുടെ കനമുണ്ടതിന്
രണ്ടു പേരെയും പുതപ്പിച്ച്
പുതപ്പ് മദ്ധ്യസ്ഥം പറഞ്ഞു കൊണ്ടിരുന്നു
എങ്കിലും പൂ പൊഴിയുമ്പോലെ
ചുബനങ്ങൾ വീണു കൊണ്ടിരുന്നു
വസന്തം വന്നോ എന്ന്
അവരാണ് പറയേണ്ടത്!
എന്തെന്നാൽ
ഒരോ വർഷത്തിലും ഒരു വസന്തം
വിരുന്നു വരുന്നു.

മുനീർ അഗ്രഗാമി

ഞാനെത്തുമ്പോഴേക്കും

പുഴയ്‌ക്ക്
എന്തോ പറയാനുണ്ടെന്ന്
എനിക്കറിയാമായിരുന്നു .
നിന്നെ പോലെ.
പക്ഷേ,
നിന്നെ പോലെ
ഞാനെത്തുമ്പോഴേക്കും
പുഴ വറ്റിപ്പോയിരുന്നു .

- മുനീർ അഗ്രഗാമി

ബാംഗ്ലൂർ (യൂസുഫ് അറയ്ക്കലിന്)

ബാംഗ്ലൂർ
(യൂസുഫ് അറയ്ക്കലിന്)
.............
ബാംഗ്ലൂർ!
സ്വപ്നങ്ങൾ
മുളച്ചുപൊന്തിയ നഗര മേ
സ്വപ്നങ്ങൾ തഴച്ചുവളർന്ന നഗരമേ
അവൻ്റെ ശബ്ദമിതാ കേൾക്കുന്നു :

ഇതെൻ്റെ നഗരമാണോ?
ഞാനീ നഗരത്തിൻ്റേതാണോ ?
അലഞ്ഞ് തിരിഞ്ഞ്
അവ്യക്തമായ നിറങ്ങൾ
ഈ നഗരവെളിച്ചത്തിലാണ്
തിരിച്ചറിഞ്ഞത്
ജീവിതത്തിൻ്റെ ഇതളുകളുടെ നിറം .
സ്വപ്നത്തിൻ്റെ നിറം
ഒറ്റപ്പെടലിൻ്റെ നിറം
നിസ്സഹായതയുടേയും
വിഹ്വലതകളുടേയും നിറം
നിറങ്ങൾ തിരിച്ചറിഞ്ഞ്
അവ നിഴലുകൾക്കിടയിൽ
ആവിഷ്കരിച്ച്
ഞാനൊരു ചിത്രകാരനായി .
കറുപ്പിൽ
ചാരനിറത്തിൽ
തവിട്ടു നിറത്തിൽ
പ്രതീക്ഷയുടെ മഞ്ഞപ്പൂവിൽ നിന്ന്
നിറങ്ങൾ കോരിയൊഴിച്ചു
തെരുവിനെ വരച്ചു
ഇരുട്ടിൻ്റെ പാളികൾ പൊളിച്ച്
കുട്ടികളേയും സ്ത്രീകളേയും
പുരുഷൻമാരേയും
കാൻവാസിൽ എടുത്തു വെച്ചു
അതു കണ്ട്
മനസ്സിൻ്റെ സ്റ്റുഡിയോയിലിരുന്ന്
പിക്കാസോ ചിരിച്ചു
ഹുസൈൻ കുതിരപ്പുറത്ത്
കുതിച്ചു പോയി
ദാലി സമയത്തിൻ്റെ കൊമ്പിലിരുന്ന്
എല്ലാം കണ്ടു
നഗരത്തിൻ്റെ വഴികളിൽ
കനത്ത സങ്കടങ്ങളിൽ
സൂര്യൻ വരച്ചു വെച്ച ദൃശ്യങ്ങൾ
നഷ്ടപ്പെടാതെ എടുത്തു വെച്ചു .
ശില്പങ്ങളിൽ
പുതുകാലത്തിൻ്റെ
ഡി.എൻ.എ കൊത്തിവെച്ചു;
നഗരം എന്നെ ശില്പിയാക്കി
നഗരത്തിൻ്റെ കൈവെള്ളയിൽ നിന്ന് വഴിതെറ്റാതെ ഭാഗ്യരേഖയിലൂടെ നടന്നു
പല രാജ്യങ്ങളിലെത്തി
ചിത്രങ്ങൾ കൊടുത്തു
അവ
തെരുവിൽ അലഞ്ഞ കണ്ണിൻ്റെ
സാക്ഷ്യപത്രങ്ങളായി .
ബിനാലെ മെഡലുകളായി .
വേദനയുടെ നിറത്തിൽ ലയിക്കുന്ന
എല്ലാ നിറങ്ങളും എടുത്ത്
വീണ്ടും വീണ്ടും വരച്ചു.
മനസ്സ് വരച്ചു
മനുഷ്യ സങ്കടം വരച്ചു
മലയാളത്തിൽ വേരുകളുള്ള
കന്നടയിൽ കൊമ്പുകളുള്ള
ലോകത്തെ വിടെയൊക്കെയോ
ഇലകളുള്ള
വൻ മരമായി ,
വീണ്
അബ്സ് ട്രാക്റ്റ് ചിത്രമായി
മണ്ണിൻ്റെ നിറത്തിൽ സ്വയം ലയിച്ചു .
ബാംഗ്ലൂർ
അപരിചിതരുടെ
പരിചിത നഗരമേ,
അവനിതാ
ഒരു നഗരവും ആരുടേതുമല്ലെന്ന
ഉത്തരത്തിൻ്റെ,
ആരും ഒരു നഗരത്തിൻ്റേതുമല്ലെന്ന
ഉത്തരത്തിൻ്റെ ചിത്രം
ഓർമ്മകൾക്ക് വരയ്ക്കാൻ
ബാക്കിവെച്ച്
വെറും മണ്ണിൽ ലയിച്ചു കിടക്കുന്നു .
- മുനീർ അഗ്രഗാമി
മൂന്നു തുള്ളികൾ
...........................
മരുമണൽത്തരിയായ്
പൊള്ളിയുറങ്ങിയ
മനസ്സിലേക്ക്
സ്വപ്നത്തിൻ്റെ ഒരു തുള്ളി ഇറ്റി വീണു

അടിച്ചുവാരിയും
അലക്കിയും
അടുക്കി പെറുക്കിയും
പൊടിപിടിച്ചു കിടന്ന
നിമിഷങ്ങൾ നനഞ്ഞു
കഴുകിത്തുടയ് ക്കുവാനാകാതെ അവ കുതിർന്നു, വറ്റി
ഒരു തുള്ളി കൂടി ഇറ്റി വീണു
ഉറക്കിൻ്റെ സുഖമറിഞ്ഞ്
മറ്റു മൂന്നു പേർ
കുളിരെടുത്തു പുതയ്ക്കുന്നു
പാതിരയുടെ നെഞ്ചത്തിരുന്ന്
ദോശയ്ക്കരയ്ക്കുന്ന ശബ്ദം
അവരെയുണർത്തുമോ
എന്ന പേടിയിൽ
തീക്കാറ്റടിക്കുന്നു
ആ തുള്ളിയും വറ്റി
ഒരു തുള്ളി കൂടി
കഴുകാൻ ബാക്കിയുള്ള പാത്രത്തിൽ വീണു
പറന്നു പറന്ന്
അതിരില്ലാതെ പറന്ന്
ലോകം ചുറ്റുന്ന ഒരു സ്വപ്നത്തിൻ്റെ
തുള്ളി.
തലേന്നാളത്തെ കറിയുടെ എരിവിനൊപ്പം പൈപ്പുവെള്ളത്തിൽ
അതൊലിച്ചുപോയി
അഴുക്കുചാലിൽ
അതിനി കൊതുകുകളായ് ജനിക്കും
വെറുതെ ഉറങ്ങുന്നവരുടെ
ഉറക്കം കെടുത്തും.
- മുനീർ അഗ്രഗാമി

യൂസുഫ് അറയ്ക്കലിന്

ജീവിതത്തിൻ്റെ
 ഇരുണ്ട ചായങ്ങൾക്ക് മുകളിൽ
നിറങ്ങൾ കൊണ്ട്
അവനുണ്ടാക്കിയ പൂക്കാലം
ബാക്കി വെച്ച്
അവൻ പോയി
തേനുള്ളതിനാൽ
േതനീച്ചകൾ വന്നു കൊണ്ടിരുന്നു.

-മുനീർ അഗ്രഗാമി

ഉറക്കം !

രാത്രിയുടെ മടിയിൽ
കിടന്നുറങ്ങിപ്പോയി
ഒരോർമ്മ വിളിച്ചുണർത്തിയൊരു
മുല്ലപ്പൂവു തന്നു
നിൻ്റെ പുഞ്ചിരി പോലെയതിൻ ചിരി
നിൻ്റെ മനംപോലെയതിൻ നിറം.
മഴ പൊടിഞ്ഞുവോ
കണ്ണു നിറഞ്ഞുവോ
നീയൊഴുകിപ്പോയോ ?
വിരലുകളാൽ തഴുകിയൊരമ്മയെ പോൽ
രാത്രി യടുത്തിരിക്കുന്നു
മടിയിൽ കിടത്തുന്നു
കണ്ണിലൊരു ചുംബനം;
ഉറക്കം !

- മുനീർ അഗ്രഗാമി

ഞങ്ങളുടെ എറ്റവും മുതിർന്ന കവി

ഞങ്ങളുടെ എറ്റവും മുതിർന്ന കവി
..............................................................................
ഞങ്ങളുടെ എറ്റവും മുതിർന്ന കവി
ഫൈവ് സ്റ്റാർ ഹോട്ടലിൻ്റെ
ശീതീകരിച്ച മുറിയിലിരുന്ന്
ദാരിദ്ര്യത്തെ കുറിച്ച് എഴുതുന്നു
വിശന്നു മരിക്കുന്ന കുഞ്ഞുങ്ങളുടെ രാജ്യത്തിൽ വന്ന്
ടോയ് ലറ്റ് സോപ്പിന് സ്റ്റാൻ്റേഡ് പോരെന്ന്
പൊട്ടിത്തെറിക്കുന്നു
ഞങ്ങളദ്ദേഹത്തെ ഒരു പരിപാടിക്ക് വിളിച്ചു
പരിപാടിയുടെ മറ്റു ചെലവിനേക്കാൾ കൂടുതൽ
അദ്ദേഹത്തിൻ്റെ താമസത്തിനും ഭക്ഷണത്തിനും ചെലവഴിച്ച്
ഞങ്ങൾ ഞങ്ങളുടെ നെഞ്ചത്തടിച്ചു
അങ്ങെന്താണിങ്ങനെ ?
ഞങ്ങളിൽ അത്താഴപ്പട്ടിണിക്കാർ ചോദിച്ചു
അദ്ദേഹം അന്നേരം
യുദ്ധത്തെ കുറിച്ച് എഴുതുകയായിരുന്നു
ആക്ഷൻ സിനിമ കാണുമ്പോലെ
ടിവിയിൽ യുദ്ധം കണ്ട്
ഗ്ലാസ്സിൽ താളം പിടിച്ച് .
മഹാഭാരതത്തിൻ്റെ കഥകളിൽ ഇരുന്ന് .
അദ്ദേഹം പറഞ്ഞു ,
ഞാനെഴുതിയതു വായിക്കുക
യുദ്ധത്തെ കുറിച്ച്
സമാധാനത്തെറിച്ച്
സ്വാതന്ത്ര്യത്തെ കുറിച്ച് .
ഞാനെഴുതിയത് ...
ഉടനെ
വെളുത്ത പുതപ്പ് പുതച്ച്
എ സി യുടെ തണുപ്പ് അല്പം കുറച്ച്
അദ്ദേഹം ഉറങ്ങി
അനന്തശയനം പോലെ
അത്ര സുഖമായി .
അന്നേരം അതിർത്തിയിൽ പൊട്ടിത്തെറിയുണ്ടായി
ഞങ്ങളിലെ
പട്ടാളക്കാരൻ്റെ മകൻ
ഉറക്കം നഷ്ടപ്പെട്ട്
വെടിയുണ്ടയുടെ ലക്ഷ്യത്തിൽ
അച്ഛനുണ്ടാവരുതേയെന്നു പ്രാർത്ഥിച്ചു .
കവി സുഖനിദ്ര കഴിഞ്ഞ്
ഞങ്ങളിലെ ഏറ്റവും പണക്കാരൻ്റെ കാറിൽ
ആലിലയിൽ പ്രളയത്തിലെന്ന പോലെ
ഒഴുകി .
- മുനീർ അഗ്രഗാമി

കൊടുങ്കാറ്റിനെ കല്ലെറിഞ്ഞോടിക്കാൻ ശ്രമിക്കുന്നു

കൊടുങ്കാറ്റിനെ കല്ലെറിഞ്ഞോടിക്കാൻ
ശ്രമിക്കുന്നു
.............................................................................
ഒരേ വൃക്ഷത്തിലെ
രണ്ടു കൊമ്പുകൾ തമ്മിൽ
കൊമ്പുകോർക്കുന്നു
ഒരേ താഴ് ( യ് ) വേരിനാൽ
ജീവജലമെന്നതു വിസ്മരിക്കുന്നു
ഏതോ ദുഷിച്ച കൊടുങ്കാറ്റിനാൽ
തമ്മിലിടയുന്നു

ഒരേ പൂക്കളുണ്ടായിരുന്നവ
ഒരേ ആകാശമുള്ളവ
ഒരേ ഭൂമിയിലായവ.
ചെറുചില്ലയൊടിഞ്ഞു
രക്തം പൊടിഞ്ഞു ചിതറുന്നു
നോക്കൂ
വേദനിക്കുന്നതൊരേ തായ്ത്തടി!
കൊടുങ്കാറ്റിനെ കല്ലെറിഞ്ഞോടിക്കാൻ
ശ്രമിക്കുന്നു കുട്ടികൾ
കാണൂ ,
നിഷ്കളങ്കരവർ
പൂവു പെറു ക്കുവാൻ കാത്തിരിക്കുന്നവർ
ഗുൽമോഹറെന്നു കരുതി
പെറുക്കുന്നു പൂവിതളുകളവർ
അയ്യോ !
കയ്യിൽ കൂട്ടുകാരുടെ രക്തത്തുള്ളികൾ
അവർക്കറിയില്ല
കൊമ്പുകൾ തമ്മിൽ തൊടാതിരിക്കാൻ
ആകാശവും ഭൂമിയും മുറിച്ചു കടന്നു പോകുമതിരിൻ സ്വാർത്ഥത !
കാറ്റിൻ ഹുങ്കാരത്തിൽ
ഫാസിസത്തിന്നട്ടഹാസം കേട്ട്
ഞെട്ടി മരിച്ചു
മരത്തിൻ കഥയറിയുന്ന മുത്തശ്ശി.
- മുനീർ അഗ്രഗാമി
പടരൽ
.............
നിന്നിൽ പടർന്നു കയറുന്ന
കാട്ടുവള്ളിയാണ്
എൻ്റെ മനസ്സ്.
ആദ്യത്തെ പുരുഷൻ്റെ
ഹൃദയത്തിലാണ്
അതിൻ്റെ വേരുകൾ
ഓരോ ഇലകളിലും
ഓരോ പേരുകളുണ്ട്
കൊഴിഞ്ഞു വീണ ഒരിലയിൽ രമണൻ
മറ്റൊന്നിൽ മജ്നു
മറ്റൊന്നിൽ സലിം
ഒന്നിൽ മദനൻ...
....
നീ ഉറച്ചു നിൽക്കുന്ന മണ്ണിൽ
പുതിയ വേരുകൾ
ചുംബിച്ചുണരുന്നു
ഒറ്റപ്പെടുത്താതെ
വിരലു കോർക്കുന്ന താങ്ങേ
നിന്നെ നീയെന്നു വിളിച്ച്
എൻ്റെ മനസ്സ്
ഞാനാകുന്നു
ഞാനാകുന്നു .
- മുനീർ അഗ്രഗാമി

കുതിരരാജാവ്

കുതിരരാജാവ്
..........................
രാജാവും പ്രജകളും ഇല്ലാതായ രാജ്യത്തിൽ
ആശ്രിതനായ കുതിര
സിംഹാസനത്തിലിരിക്കുന്നു;
കടിഞ്ഞാണഴിച്ച്
മുയലിൻ്റെ കഴുത്തിൽ കെട്ടുന്നു

കുതിര കൊമ്പുള്ള ജീവിയല്ല
പക്ഷേ അധികാരം അതിന്
കൊമ്പുകൾ നൽകുന്നു
പഴയ പോലെ
കുളമ്പുകൾ കൊണ്ടും
വേഗം കൊണ്ടുംമാത്രമല്ല
കൊമ്പുകൾ കൊണ്ടും
അത് കുതിക്കുന്നു.
അധികാരത്തിൻ്റെ ശബ്ദത്തിൽ കയറി
യുദ്ധം പ്രഖ്യാപിക്കുന്നു
മൃഗങ്ങൾ റാൻ മൂളുന്നു
റാൻ റാൻ കേട്ട് കേട്ട്
കതിര
എത്ര പെട്ടെന്നാണ് രാജാവായത് !
മൃഗാധിപത്യം വന്നാൽ കാർട്ടൂൺ പരമ്പര ഉടൻ വേദപുസ്തകമായി പ്രഖ്യാപിക്കുമെന്ന് വാർത്ത പരക്കുന്നു
എല്ലാ കുതിപ്പുകളുടെയും
ഉടമയാണെന്ന തോന്നലിൽ
കുതിര കുതിച്ചു കൊണ്ടിരിക്കും
കുളമ്പടി ശബ്ദങ്ങൾ
ഉയർന്നു കൊണ്ടിരിരിക്കും
ശബ്ദങ്ങൾ അഴിച്ചെടുക്കാൻ ശ്രമിക്കുന്നവർ
രാജദ്രോഹികളെന്നു മുദ്രകുത്തപ്പെടും
നിശ്ശബ്ദമായ താഴ് വര
സ്വപ്നത്തിൽ മാത്രമുള്ള
ആവാസവ്യവസ്ഥയാണെന്ന്
ഒറ്റയാൻ മാർ തിരിച്ചറിയും
കുതിര കുതിപ്പുകളുടെ
ചരിത്രം വിരിച്ച്
അതിൽ കിടന്ന്
ഇതെൻ്റെ രാജ്യം മാത്രമാണെന്ന്
ഒരു വരിയെഴുതി
അടിവരയിടും.
അന്നേരം മുന്നിൽ ഉയരുന്ന
പ്രതിശബ്ദങ്ങളൊക്കെ
കസേരയുടെ ഒരു ഞരക്കം കൊണ്ട്
കുതിര തകർത്ത് തരിപ്പണമാക്കും
- മുനീർ അഗ്രഗാമി

അമ്മയാവുക

അമ്മയാവുക
.......................
അമ്മയാവുക എളുപ്പമല്ല
ഉയർത്തപ്പെടുമ്പോഴും
മുൾപ്പടർപ്പുക്കിടയിലൂടെ
താഴ്ന്ന് പറക്കലാണത്

ഉയരങ്ങളിലായാൽ
കുഞ്ഞേ നിൻ്റെ ജീവൻ
വീണു ചിതറുമോ എന്ന
പേടിയാണത്
പേടമാനിൻ്റെ കണ്ണിൽ നിന്ന്
വന്യതയിലേക്ക് നീളുന്ന
അടുക്കല്ലേ അടുക്കല്ലേ എന്ന
ദയനീയ നോട്ടമാണത്
അമ്മയായാൽ
കുഞ്ഞേ നിനക്കരച്ചു പാകമാക്കാൻ
അമ്മിയായിരിയ്ക്കുന്ന
ചലനമാണത്
അമ്മ അവളുടെ
ചിറകുകളിൽ നിന്ന്
അകത്തെടുത്തുവെച്ച
പറക്കലാണു കുഞ്ഞേ
നിൻ്റെ ആകാശം.
- മുനീർ അഗ്രഗാമി

അതെൻ്റെ ഭാഷയല്ല

അതെൻ്റെ ഭാഷയല്ല
...........................................
അതെൻ്റെ ഭാഷയല്ല
അതെൻ്റെ വാക്കുക ളല്ല
അതെൻ്റെ അക്ഷരമല്ല
ചിറകൊടിഞ്ഞ പക്ഷി കരഞ്ഞു .
എല്ലാം കേട്ട് ചെമ്പരത്തിപ്പൂവിനു ചിരി വന്നു
അതു കൂടുതൽ ചുവന്നു
ഒരു മല യാളി അതിലെ നടന്നു പോയി
ഒരു ബംഗാളി അതിലെ നടന്നു പോയി
ഒരു തൊഴിലാളി അതിലെ നടന്നു പോയി.
അവരിൽ വാക്കുകളേറ്റു മുറിഞ്ഞ പാടുകൾ
കിളിമൊഴി കൊണ്ടുണങ്ങാതെ
കളിമൊഴി കൊണ്ടുണങ്ങാതെ .
അതിരുകളിൽ രക്ത മിറ്റിക്കൊണ്ടിരുന്നു
ചെമ്പരത്തി അതേറ്റുവാങ്ങി
ചിരിച്ചു തുളുമ്പി
കിളികളെ എങ്ങനെ വിശ്വസിക്കും?
അവ ചില്ലകൾ മാറി മാറിയിരിക്കും
എന്നാൽ പൂവുകളങ്ങനെയല്ല
ഓരോ പൂക്കാലത്തിലും
അവ ഒരു ചില്ലയിൽ ഉറച്ചു നിൽക്കും.
.
- മുനീർ അഗ്രഗാമി

ചോദ്യം

ചോദ്യം
.. ...........
എന്നിലൊരു പൂമൊട്ടുണ്ട്
അതിനുള്ളിൽ സമാധാനമുണ്ട്
അതെന്നാണ് വിടരുക ?
കുട്ടി ചോദിച്ചു
സ്വന്തമായി മണ്ണ് ഉണ്ടാകുമ്പോളെന്ന്
കടൽ ഉത്തരം പറഞ്ഞില്ല
കടലിൻ്റെ ചെവിയിൽ അവൻ മുഖം ചേർത്തു
രോദനം പോലെ അവൻ്റെ ജീവൻ
ചെവിയിലൂടെ കടലിനടിയിലേക്ക് പോയി
ഏതോ തിരയിൽ ലയിച്ച്
തലതല്ലിക്കരഞ്ഞു
തീരത്ത് അസ്വസ്ഥതയുടെ ആൺ കുട്ടിയായ്
അവൻ അനക്കമില്ലാതെ കിടന്നു
ഉത്തരം കയ്യിലുള്ളവർ
അവനെ നോക്കി നിന്നു
അവർക്ക് അവൻ്റെ ചോദ്യം
മനസ്സിലായതേയില്ല.

- മുനീർ അഗ്രഗാമി

ഉന്മാദത്തിൻ്റെ ചില്ലകളിൽ

രാത്രിയുടെ ചുമരിൽ
മിന്നാമിനുങ്ങുകൾ ചിത്രം വരയ്ക്കുന്നു:
ഒരു പൂവ്
ഒരു മരം
ഉന്മാദത്തിൻ്റെ ചില്ലകളിൽ
ഒരു കിളി
ഉറക്കം തെറ്റിയ കാമുകൻ
ആ ചിത്രത്തിലുടെ നടക്കുന്നു
അവൻ്റെ കണ്ണിൽ
അവൾ മിന്നുന്നു
അവൾ ചിത്രം വരയ്ക്കുന്നു
രണ്ടു കിളി
ഒരു മരം
ഉന്മാദത്തിൻ്റെ ചില്ലയിൽ
അവൻ്റെ ഇരുട്ടിൽ
അവൾ മാത്രം മിന്നുന്നു.

-മുനീർ അഗ്രഗാമി 

മരിച്ചുപോയ പുഴകൾ മനസ്സിലുള്ള ഒരാൾ


മരിച്ചുപോയ പുഴകൾ
മനസ്സിലുള്ള ഒരാൾ
..........................................
മരിച്ചുപോയ പുഴകൾ
മനസ്സിലുള്ള ഒരാൾ
നടന്നു പോകുമ്പോൾ
ഒരു തുമ്പിയായി ,
പറന്നു.
മഞ്ഞപ്പൂവിൻ്റെ വിരലിൽ ഇരുന്നു
ഒരു മഞ്ഞുതുള്ളിപോലെ ഇരുന്നു.
മഴയില്ലല്ലോ എന്ന സങ്കടം
പൂവിൽ തുളുമ്പുന്നു
അതു കാണുവാൻ വയ്യാതെ
അടുത്ത വെയിലിൽ
അയാൾ വറ്റിപ്പോയി .
പുഴകളെ പോലെ
മഴകളെ പോലെ
മഞ്ഞുതുള്ളിയെ പോലെ
അയാൾ വറ്റിപ്പോയി
മരുഭൂമിയായി.
ആ മണൽപ്പരപ്പിൽ
കടപ്പുറത്തെഴുതുമ്പോലെ
വെറുതെ
അവൾ എഴുതിക്കൊണ്ടിരുന്നു.
ഏതോ ഒരു തിര
കുളിരുമായ് വരുമെന്ന് വിചാരിച്ച്
വീണ്ടും
എഴുതിക്കൊണ്ടിരുന്നു.

-മുനീർ അഗ്രഗാമി 

നിശ്ശബ്ദത തൻ വിരലിനാൽ.

നിശ്ശബ്ദത തൻ
വിരലിനാൽ
..........................
പൂക്കൾ വീണുടഞ്ഞ 
വസന്തത്തെ
കൂട്ടിയോജിപ്പിക്കുന്നു 
നീയും ഞാനുമേതോ 
നിശ്ശബ്ദത തൻ
വിരലിനാൽ.


-മുനീർ അഗ്രഗാമി