മൂന്നിടവഴികൾ

മൂന്നിടവഴികൾ
...........................
എൺപതുകളിൽ ജീവിച്ചവരിൽ
മൂന്ന് ഇടവഴികളുണ്ട്
വയലിൽ നീന്തിക്കളിക്കാനോടുന്ന
കുട്ടികളെ പോലെ
ഒറവു വെള്ളം ചിരിച്ചു പായുന്ന
ഒരിടവഴി
വിശന്ന വയറുപോലുള്ള
സഞ്ചിയുമായ്
വടികുത്തി
ഒതുക്കു കല്ലുകളിറങ്ങി
റേഷൻ കടയിലേക്ക്
നടന്നു പോയ ഒരിടവഴി
കുറേ ചിരികളും കൂട്ടിപ്പിടിച്ച്
ടൈപ്പ് റൈറ്ററിൻ്റെ താളത്തിൽ
മലദേവതയെ പോലെ
എന്നും മുകളിലേക്ക്
കയറിപ്പോയിരുന്ന ഒരിട വഴി
ഒന്നാമത്തെ ഇടവഴി
ഇപ്പോൾ ഒരു പരൽ മീനിൻ്റെ ജീനിലാണ്
രണ്ടാമത്തെ ഇടവഴി
നഗരത്തിലേക്കുള്ള പാതയുടെ അബോധത്തിൽ
കിടന്നുറങ്ങുന്നു
മൂന്നാമത്തെ ഇടവഴി,
സങ്കടത്തോടെ
ഫ്ലാറ്റിലേക്ക് കയറിപ്പോയ
പാദസരത്തിൻ്റെ
പൂർവ്വജന്മ സ്മരണയിൽ
ഇല്ലിക്കാടിനു പിന്നിൽ
ഒളിച്ചിരിക്കുന്നു.
- മുനീർ അഗ്രഗാമി

No comments:

Post a Comment