മൗനം

മൗനം
-------------
മൗനത്തിൻ്റെ ആഴത്തിലേക്ക്
താഴ്ന്ന് പോയവനെ തിരഞ്ഞ്
ഊളിയിട്ടു.
തിരകളുടെ മറ്റേ അറ്റത്ത്
ശബ്ദരഹിതമായ
ഇളക്കത്തിൽ
ചുഴികളിലൂടെ
താഴ്ന്ന് ആഴമറിഞ്ഞവനെ
തിരഞ്ഞ്.
അവൻ മൗനം കുടിച്ച്
പവിഴമായോ
മീനുകളായോ
പായലുകളായോ
മാറിയിരിക്കാം
അവൻ്റെ ഭാഷ
ജലത്തിനു മാത്രം കേൾക്കാവുന്ന
സംഗീതമായിരിക്കാം.
ഉയരത്തിൽ നിന്ന്
ഇടിവെട്ടോടെ പെയ്യുന്ന
ഒരു പെരുമഴത്തുള്ളിയായ്
അവനെ തിരഞ്ഞിറങ്ങുന്നു
അവൻ്റെ വാക്കുകൾ
പറന്നു നടന്ന അതേ
ആകാശത്തു നിന്ന് .
കിളിയൊച്ചകൾ അസ്തമിച്ച
അതേ ഉദയ പർവ്വതത്തിൽ നിന്ന്.
എത്ര ആഴത്തിലായാലും
ഏതു ചിപ്പിക്കുള്ളിലായാലും
അവനെ തിരിച്ചു കൊണ്ടു വരണം.
എൻ്റെ ശബ്ദത്തിൽ
അവൻ്റെ ശബ്ദം ചേർത്ത്
ഉയർച്ചതാഴ്ചകളുടെ
രഹസ്യത്തിൽ
വിടരുന്ന
സംഗീത മാസ്വദിക്കണം
പ്രപഞ്ചത്തിൻ്റെ മുക്കാൽ ഭാഗവും
മൗനമാണ്
എങ്കിലും സുഹൃത്തേ
എൻ്റെ ശബ്ദത്തിൻ്റെ അർത്ഥം
നിൻ്റെ ശബ്ദമാണ്
അതു കൊണ്ട്
നീയകന്നപ്പോൾ ഉയർന്ന
കരച്ചിലിൽ നിന്ന്
ഒരൊറ്റച്ചാട്ടം!
നിന്നെത്തിരഞ്ഞ്
നീ മറഞ്ഞ മൗനത്തിൻ്റെ
ആഴത്തിലേക്ക്.
അർത്ഥം വീണുപോയ
ഒരു വാക്കായ്
നിശ്ശബ്ദം
നിന്നെ തിരഞ്ഞ് .
ഞാൻ
വിഷാദ മൂകമായ്
പ്രതിമ പോലെ
ഇരിക്കുകയല്ല
നിന്നെ തിരഞ്ഞ്
യാത്ര പോകുകയാണ്
എൻ്റെ ശരീരമതു നോക്കി
മൗനത്തിൻ്റെ തീരത്ത്
ഇരിക്കുന്നു എന്നു മാത്രം ;
എന്നു മാത്രം .
- മുനീർ അഗ്രഗാമി

No comments:

Post a Comment