ഏഴ് ഹൈക്കു കവിതകൾ

ഏഴ് ഹൈക്കു കവിതകൾ
...............................
1.
മരുഭൂമിയിൽ ഒരു മഴ;
മനസ്സിൽ തടാകം. 
അതിൽ ഒട്ടകമീനുകൾ.
2.
കുളം കുടിക്കുന്നു വെയിൽ
വേദന തെളിഞ്ഞ്
വിണ്ടു കീറുന്നു.
3.
താമരച്ചുണ്ടിലൊരു വണ്ട്.
ചിറകടിക്കുന്നു തടാകം.
കാറ്റിൻ കയ്യിലൊരു
പ്രണയ ലേഖനം .
4.
അശ്വമേധം നടത്തുന്നു
കാലം,
സമയക്കുതിരകളോടുന്നു.
5 .
നിന്നിലെ വാടാത്ത
തുമ്പപ്പൂവിൽ മാത്രമെൻ
കുട്ടിക്കാലം പുഞ്ചിരിക്കുന്നു
6.
പാതിരാ കാറ്റിൽ
പാലപ്പൂവിൻ വിവാഹം;
ഗന്ധഘോഷയാത്ര.
7.
മകരമാസ രാത്രി
തണുപ്പുടുത്ത്
മല കയറുന്നു .
- മുനീർ അഗ്രഗാമി

No comments:

Post a Comment