അഞ്ചു കവിതകൾ

അഞ്ചു കവിതകൾ
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
ചരിത്രം
.............
ഞങ്ങളുടെ നേതാവ്
വെടിയേറ്റു മരിച്ചു.
അദൃശ്യയുദ്ധം ജയിച്ച്
എന്നത്തേയും പോലെ
തോക്ക് നേതാവായി.
വെടിയൊച്ചകൾ
ഭരണം തുടങ്ങി
വെടിപ്പുക മാത്രം
ചരിത്രമായി.
* * *
പൊള്ളൽ
.................
മഴ മറന്നു വെച്ച
ആഗ്രഹത്തോടെ
അത്രമേൽ പ്രതീക്ഷയോടെ
കാത്തി രുന്നിട്ടും
ആകാശത്തിൻ്റെ വെള്ളിവേരുകൾ മണ്ണിലിറങ്ങിയില്ല
ഇടിമുഴക്കങ്ങൾ
ഒരു മുന്നറിയിപ്പും തന്നില്ല
പൊറുതിമുട്ടി,
എഴുന്നേറ്റു നടക്കുമ്പോൾ
വെയിലേറ്റു പൊള്ളിയ
തുലാമാസത്തിൻ്റെ നെഞ്ചിൽ
മരുന്നു പുരട്ടുന്നു,
കോടമഞ്ഞ്.
* * *
വഴി
........
ഇടവഴി തീരുന്നിടത്ത്
ഭാസ്കരേട്ടൻ്റെ ചായ ക്കട
ചായക്കടതീരുന്നിടത്ത്
പെരുവഴി;
വയലിലേക്കുള്ള വഴി,
വാഹനത്തിലേക്കുള്ള വഴി,
ഗൾഫിലേക്കുള്ള വഴി.
ഇപ്പോഴുമത്
മഴവെള്ളം കുടിച്ച്
ജീവിക്കുന്നു;
ഉപേക്ഷിക്കപ്പെട്ട വീടിൻ്റെ
തറ പോലെ
അതിജീവിക്കുന്നു .
* * *
അകം
..........
കണ്ണേ
കൺമണിയേ ,
ഇത്ര വേഗം
നിറഞ്ഞു തൂവാൻ
അകത്താരാണ്
പെയ്യുന്നത് ?
* * *
കത്ത്
..........
അമ്മ മകന്
കത്തെഴുതുന്നു:
മോനേ കുറ്റവാളിയല്ലെങ്കിലും
നീ ജയിൽ ചാടരുത്.
അഴികളുടെ സുരക്ഷപോലും
ഇവിടെയില്ല .
പെയ്ത കുറ്റത്തിനു് മഴയും
വീശിയ കുറ്റത്തിന് കാറ്റും
വിചാരണ നേരിടുകയാണ് .
- മുനീർ അഗ്രഗാമി

No comments:

Post a Comment