ബാല്യം .

ബാല്യം
..............
മഴയും മഴയും
കളിച്ചു നടന്ന കളിസ്ഥലം,
തുള്ളികൾ തുള്ളികളോട്
മത്സരം വെച്ച്
സ്കൂളിലേക്കോടിയ
മൈതാനം.
തമ്മിൽ വിരലുകോർത്ത്
മഴനൂലുകൾ മാവു ചുറ്റി
കോമാങ്ങകൾ വീണു;
ഞാൻ മുളച്ചു;
ഇ ല ക ളാ യി;
കൊമ്പുകളായി;
ഇടതൂർന്നു വളർന്നു
വിരലുകൾആകാശം തൊട്ടു
വേരുകൾ ആഴരഹസ്യ മറിഞ്ഞു
കാടു നിറഞ്ഞു
മനസ്സിലും കാടു നിറഞ്ഞു
കളിസ്ഥലം പോയി
മഴ വരാതായി;
ഉണങ്ങിപ്പോയി
വിണ്ടുകീറിയ ചുളിവുകളിലിരുന്ന്
പ്രായം മഴയെ കാത്തു കരഞ്ഞു
കണ്ണീരിൽ കളിവീടൊലിച്ചു വന്നു
തമ്മിൽ പരിചയമില്ലാത്ത പോലെ
മുഖത്തു നോക്കാതെ
അതൊലിച്ചുപോയി
അന്നേരം മഴ കരഞ്ഞു
കളിക്കുവാനാവാതെ
തുളളുവാനാകാതെ
തുളുമ്പിപ്പോയ്
പാവം മഴ.
- മുനീർ അഗ്രഗാമി

No comments:

Post a Comment