വെറുതെ നിൽക്കുമ്പോൾ

വെറുതെ നിൽക്കുമ്പോൾ
............................................
വെറുതെ നിൽക്കുകയായിരുന്നു
ഫാഷിസം കുറെ വസ്തുക്കൾ കൊണ്ടുവന്ന്
എനിക്കു ചുറ്റും ഒരു വീടുണ്ടാക്കി
ആഗ്രഹങ്ങൾ കൊണ്ടാണ്
ഇൻ്റീരിയർ
അത് ഭുതം കൊണ്ട്
പൂജാമുറി
അച്ചടക്കം കൊണ്ട്
നിലം
ആനന്ദം കൊണ്ട്
ചുമരുകൾ
ചങ്ങലകൾ കൊണ്ട് വാതിൽ
തോക്കുകൾ കൊണ്ട് ജനൽ
ആർഭാടം കൊണ്ട്
മേൽക്കൂര.
ടി വി യിൽ അവർ പ്രദർശിപ്പിച്ച
സിനിമ കണ്ട് ഞാനിരുന്നു.
അതിൽ നിന്ന്
മാതൃഭാഷയിൽ ഒരു വാക്കു കേട്ടു .
പുറത്തൊരു ലോകമുണ്ടെന്ന്
ഓർമ്മ വന്നു.
പക്ഷേ ,
പുറത്തു പോകാൻ മാത്രം
ലളിതമല്ല വീട് .
സ്വപ്നത്തിൽ തുലാമഴ കണ്ടു
മിന്നലിൽ
വാതിലിൽ ഒരു പഴുതു കണ്ടു
ഇടി വെട്ടി
കുളിരോടെ എഴുന്നേറ്റു
കാലുകളനങ്ങിയില്ല
അ അമ്മ
ആ ആന
ഇ ഇല
ഈ ഈച്ച
എന്നിങ്ങനെ ചില വാക്കുകൾ കൊണ്ട്
ചങ്ങല പൊട്ടിച്ച്
വാതിലുകൾ തുറക്കാം
എന്നൊരു മഴത്തുള്ളി സ്വകാര്യം പറഞ്ഞു
പക്ഷേ അതിന്
പച്ചമലയാളവും കയ്യിലേന്തി
ഒരു കൂട്ടം കുഞ്ഞുങ്ങൾ വരണം
അവർ ചിരിത്രത്തിൻ്റെ ഹാർഡ് ഡിസ്കിൽ ഇപ്പോഴില്ല
ജീവിച്ചിരിക്കുന്ന രക്ഷകർക്ക്
ഇങ്ങോട്ടുള്ള വഴിയറിയില്ല
നിങ്ങളവർക്ക്
വഴി കാണിക്കുമോ ?
പറയൂ.
- മുനീർ അഗ്രഗാമി

No comments:

Post a Comment