രൂപകം

 രൂപകം

...............
ആകാശം കൂടു തുറന്നു വിടുന്നു
മഴക്കോഴികൾ
മുറ്റത്ത് ചിക്കിപ്പെറുക്കുന്നു
ഇന്നനേരമെന്നില്ല
ഇടമെന്നില്ല
കാറ്റിലതിൻ തൂവലുകൾ
കാട്ടാറിലതിൻ കുഞ്ഞുങ്ങൾ
ഓടി വന്ന്
കൊത്തിത്തിന്നുന്നു
കുടിലുകൾ,
മരങ്ങൾ,
റോഡുകൾ,
മൃഗങ്ങളെ
മനുഷ്യരെ...
വയൽപ്പുല്ലിൽ അടയിരിക്കുന്നു
പുല്ലാഞ്ഞിക്കാട്ടിൽ
കുഞ്ഞുമായൊളിക്കുന്നു
പാറപ്പുറം കൊത്തി വൃത്തിയാക്കുന്നു
സൂര്യനവയെ പിടിക്കും
കൂട്ടിലടയ്ക്കും
വാനം തുറന്നിടും
രാത്രിക്കറുപ്പിൽ
ചൂടിന്നരിമണി കൊത്തിന്നവ
തൊടിയിൽ നടക്കുന്നു
ജനലഴി പിടിച്ചടുത്തു നിന്നു നോക്കൂ
നിലാവിലെ മഴക്കോഴികൾ
നടന്നും കിടന്നും
ചിനുങ്ങിയും
രാവിനെ ചിക്കി മറിച്ചും
കൊക്കിപ്പാറിയും
ഇടവപ്പാതി കടക്കുന്നു.
- മുനീർ അഗ്രഗാമി

No comments:

Post a Comment