കുഞ്ഞ്

 കുഞ്ഞ്

.........
അവൾ കുഞ്ഞിന്
ചോറു കൊടുക്കുന്നു
കുഞ്ഞു ചിരിക്കുന്നു
കുഞ്ഞിന്റെ ചിരിയോ
സമയത്തിന്റെ പൂവ്.
ചോറിൽ അവൾ
സ്നേഹം ചേർക്കുമ്പോൾ
മാമ് എന്ന വാക്കുണ്ടാവുന്നു
കുഞ്ഞതു
വാക്കുകൾക്കും മുമ്പുള്ള
മറ്റൊരു ശബ്ദം ചേർത്ത്
സ്വീകരിക്കുന്നു
കുഞ്ഞിന്റെ ശബ്ദങ്ങൾ
മ്മ എന്ന് മുട്ടിട്ടിഴയുകയും
മെല്ലെ എഴുന്നേറ്റ്
അമ്മ എന്ന ശബ്ദമായ്
പിടിക്കാതെ നിൽക്കുന്നു
അവൾ കുഞ്ഞിന്
ചോറിനൊപ്പം
കഥകൾ കൂട്ടി കൊടുക്കുന്നു
അവൾ ഇരിക്കുന്ന
കസേരയ്ക്ക് മുന്നിൽ മേശ,
മേശപ്പുറത്ത്
പാത്രത്തിൽ ചോറ് ,ഗ്ലാസ്
പത്രം
ഇടയ്ക്ക് അവൾ പത്രത്തിലേക്ക് നോക്കുന്നു
ഒന്നാം പേജിലെ വാർത്തകൾ
അവളിലേക്ക്
നടന്നു തുടങ്ങുന്നു
കുഞ്ഞ് വാ തുറക്കുന്നു
അടുത്ത ഉരുളയിൽ
അശുഭകരമായ
വാർത്തകൾ കലർന്നു പോകുമോ
എന്ന പേടിയിൽ
അവൾ പത്രം മാറ്റിവെക്കുന്നു.
- മുനീർ അഗ്രഗാമി

No comments:

Post a Comment