കറുത്ത കുട്ടി

 കറുത്ത കുട്ടി

ഒറ്റയ്ക്കിരുന്ന്
മണലിൽ
ഒരു പകൽ നിർമ്മിക്കാൻ
ശ്രമിക്കുന്നു
അതുവഴി
കടലു കാണാൻ വന്നവർ
അതു തട്ടിക്കളഞ്ഞു
തകർക്കുമെന്ന് ഭയന്ന്
ഇപ്പോൾ
ആരും കാണാതെ
അവൻ അതിനു ശ്രമിക്കുന്നു
അവന്റെ ഹൃദയത്തിൽ
ഒരു സൂര്യനുണ്ട്
അതിനെ ഉദിപ്പിച്ച്
അവൻ പകൽ ഉണ്ടാക്കും
ചിലപ്പോൾ അസ്തമിപ്പിച്ച്
രാത്രിയും...
കിട്ടിയ അവഗണനയും
അവജ്ഞയും
ചേർത്ത് വെച്ച്
അവൻ മുകളിലേക്ക്
കയറുന്നത് ഞാൻ കാണുന്നു
ഉദയപർവ്വതം പോലെ
അവൻ തലയുയർത്തി
നിൽക്കും
പകലുണ്ടാക്കും
മല കാണാൻ വരുന്നവർക്കത്
തട്ടാൻ സാദ്ധ്യമല്ലാത്ത വിധം.
-മുനീർ അഗ്രഗാമി

No comments:

Post a Comment