ഒറ്റപ്പെട്ട ഒരാൾ
ഓരോ രാത്രിയിലുമുണ്ട്
വവ്വാലുകൾ
അയാൾക്കുള്ളിലൂടെ പറന്നു പോകുന്നു
മൂങ്ങകൾ അയാളിലിരുന്ന്
മൂളുന്നു
മരപ്പട്ടികൾ
അയാളെ വലം വെച്ച്
ഇരതേടാനിറങ്ങുന്നു
കുറുക്കന്റെ ഓരികൾ
അയാളെ ശബ്ദവലയത്തിലാക്കി
നന്നായി കുലുക്കുന്നു
രാത്രിമഴ
അയാളുടെ നനവുകളിലൂടെ
പെയ്യുന്നു
രാപ്പനി
അയാളുടെ നെറ്റിയിൽ കിടന്നുറങ്ങുന്നു
ഒറ്റത്തടിയുള്ള വൃക്ഷം
അതിന്റെ മടലുകൾ കൊഴിച്ച്
നിർവ്വാണം പൂകുമ്പോലെ
അയാൾ യാമങ്ങൾ പൊഴിച്ച്
ഒറ്റത്തടിയായി നിൽക്കുന്നു
അയാൾ ഒറ്റപ്പെട്ട ഇരുട്ട്
അയാളെയിപ്പോൾ
നെഞ്ചോട് ചേർത്തു പിടിച്ചിരിക്കുന്നു
സ്വന്തം അമ്മ പോലും
ഇതുവരെ ചെയ്യാത്ത അത്രയും
വത്സല്യത്തോടെ
അയാളെ ആലിംഗനം ചെയ്തിരിക്കുന്നു
ഒറ്റപ്പെട്ട ഒരാൾ
മെഴുകുതിരി പോലെ
സ്വയമുരുകിത്തീരാതെ
ഒരു രാവും കടന്നു പോകാറില്ല
സ്വന്തം വെളിച്ചം
ഇരുളിന് സമർപ്പിച്ച്
അയാൾ രാത്രിയോളം വലിയ
ഏകാന്തത നെയ്യുന്നു .
- മുനീർ അഗ്രഗാമി
No comments:
Post a Comment