എനിക്കിപ്പോൾ പേടിയില്ല

 എനിക്കിപ്പോൾ പേടിയില്ല

ഈ കല്ലിൽ നിന്നും ഒരാൾ
എന്നെ നോക്കുന്നുണ്ട്
അയാളുടെ നോട്ടത്തിന്
എത്ര നൂറ്റാണ്ട് പഴക്കമുണ്ടെന്ന്
എനിക്കറിയിയില്ല.
അയാൾ ഉച്ചരിച്ച വാക്കുകൾ
ഇവിടെയെവിടെയോ ഉണ്ട്
ഞാൻ അവ തിരഞ്ഞ്
മണലിലിരുന്നു
മുമ്പിവിടെ ഉണ്ടായിരുന്ന
കടലിന്റെ ഇരമ്പം കേട്ടു
എനിക്കിപ്പോൾ പേടിയില്ല
തിരകൾ എന്നെ ആട്ടിക്കൊണ്ടിരുന്നു
ഞാനോർത്തു
ആരാവും
ഇതിലെ ആദ്യം നടന്നു പോയത്
അയാളുടെ കാലടികൾ പതിഞ്ഞ മൺ തരി
എന്റെ കാൽപാദത്തിൽ
അയാളുടെ സ്പർശനം
തിരയുന്നുണ്ടാവുമോ ?
ആ കല്ല്
മുന്നിൽ തന്നെയുണ്ട്
അതിൽ നിന്നും എന്നെ നോക്കുന്ന
നോട്ടത്തിന്റെ ഉടമയെ കാത്ത്
എന്റടുത്ത്
ആരോ നിൽക്കുന്നുണ്ട്
അയാളെ ഞാൻ കാണുന്നില്ല
പെട്ടെന്ന്
ഒരില പറന്നു വന്നു
അടുത്തെവിടെയോ മരമുണ്ട്
ഞാൻ ആ ദിക്കിലേക്കു നടന്നു.
- മുനീർ അഗ്രഗാമി

No comments:

Post a Comment