ഒരു പൂവൻകോഴിയെ നോക്കി നിൽക്കുന്നു

 ഒന്നും ആവിഷ്കരിക്കുന്നില്ല

വെറുതെ
ഒരു പൂവൻകോഴിയെ നോക്കി നിൽക്കുന്നു.
അതിന്റെ പൂവുള്ള
ഒരു ചെടിയാണത്
അതിന്റെ വേരുള്ള
കാലുള്ള
കാലിൽ വേരുകളുള്ള
ഒരു ചെടി
ചിക്കിച്ചിക്കി
മണ്ണിൽ അതിന്റെ ആധിപത്യം
അതുറപ്പിക്കുന്നതു നോക്കി നിൽക്കുന്നു
വേറെ ഒന്നും ആഷ്കരിക്കുന്നില്ല
വെറുതെ അതിനെ നോക്കി നിൽക്കുന്നു
ആവിഷ്കാരസ്വാതന്ത്ര്യം
അത് കൊത്തിവിഴുങ്ങിയത്
അൽപം മുമ്പാണ്
അന്നേരം
അതിന്റെ അങ്കവാൽ നോക്കി
കൗതുകംപൂണ്ടു
പുരോഗതി എന്ന് പേരിട്ട്
കുട്ടിയുണ്ടാക്കിയ ചീട്ടുകൊട്ടാരം
അത്
തിന്നാൻ തുടങ്ങുന്നു
കൊടിയിലെ നിറം
അതു തിന്നു കഴിഞ്ഞു
ഒന്നും ആവിഷ്കരിക്കുന്നില്ല
പൂവൻകോഴി തിന്നുകഴിഞ്ഞവയുടെ വില
അറിയുന്നവർ ആരെങ്കിലും
ഉണ്ടോ എന്ന്
വെറുതെ നോക്കി അന്വേഷിക്കുന്നു
അതിന്റെ അങ്കവാലിൽ നിന്നും
ഒരു തൂവൽ പൊഴിഞ്ഞു
രാജാവ് അതെടുത്ത്
മഷിയിൽ മുക്കി
ഉത്തരവിൽ ഒപ്പുവെച്ചു
അതു കണ്ടു നിൽക്കുന്നു
നിസ്സഹായത എന്നെ പിടിച്ച്
വീഴാതെ നിൽക്കുന്നു.
അതിന്റെ കീശയിൽ
അലക്കിപ്പോയ നോട്ടു പോലെ
വിപ്ലവം ചുരുണ്ടു കിടക്കുന്നു
- മുനീർ അഗ്രഗാമി

No comments:

Post a Comment