അവളുടെ വെളിച്ചം

അവളുടെ വെളിച്ചം

..............................................................
അവളുടെ വെളിച്ചം
രണ്ടായി മുറിച്ച്
പകുതി എനിക്കു തന്നു,
ഒരു സ്വപ്നത്തിന്റെ മുറിവിൽ
മാലാഖയുടെ
അറ്റുവീണ ചിറകിനടിയിൽ
അനങ്ങാനാവാതെ
കിടക്കുമ്പോൾ .
ആ വെളിച്ചത്തിലൂടെ
ആദ്യമൊരു തുമ്പിവന്നു
പിന്നെ ഒരു പ്രാവ്
പിന്നെ ഒരു മാൻ
പിന്നെ നിറയെ മാങ്ങകളുള്ള
മാവിലെ എല്ലാ അണ്ണാൻ മാരും വന്നു
അവയുടെ ചലനം പിടിച്ച്
ഞാൻ എഴുന്നേറ്റിരുന്നു
ഉടലിൽ പറ്റിയ എല്ലാ ഇരുട്ടും
അവൾ തുടച്ചു കളഞ്ഞു
ഉടലിൽ
ജീവന്റെ ഇലകൾ
വിരിഞ്ഞു കൊണ്ടിരുന്നു
ആകാശനീലയിൽ
തൊടാൻ ഉള്ളിൽ നിന്നും
ഒരു പൂവ് നടന്നു വന്നു
അതിന്റെ ഇതളിൽ
ഒരു മഞ്ഞപ്പൂമ്പാറ്റ
ദൈവം
ആ പൂമ്പാറ്റയുടെ
ചിറകുകളിൽ സഞ്ചരിക്കുന്നതു കണ്ടു
അൽപ്പം ചെരിഞ്ഞു വന്ന
മഴയിൽ നിന്നും
കുറെ തുള്ളികൾ
അണ്ണാൻ മാരായി
എന്റെയും അവളുടെയും
ഉടലുകളിലൂടെ താഴേക്കിറങ്ങി
മഴ ശമിക്കെ
അവൾ
അത്ഭുതപ്പെടുകയും
നൃത്തമാകുകയും
എന്നെ ചുംബിക്കുകയും ചെയ്തു
അപ്പോൾ
വീണ്ടും സൂര്യനുദിച്ചു .
- മുനീർ അഗ്രഗാമി

No comments:

Post a Comment