മിസ്ഡ്

 മിസ്ഡ് ...

----------------------------
ഞാൻ വിളിക്കുമ്പോൾ
നീ അറിയാതെയും
നീ വിളിക്കുമ്പോൾ
ഞാനറിയാതെയും
ദിവസങ്ങൾ കടന്നു പോയി
രണ്ടു പേർ
തിരക്കുകൾ മുറിച്ചുകടക്കുന്ന
യാനങ്ങളിൽ
യാഥാർത്ഥ്യത്തെ
വഹിച്ച് പോകുമ്പോൾ
ഉപകരണത്തിന്റെ സഹായമില്ലാതെ
വാക്കുകൾ തൊട്ടു വിളിക്കുന്ന
ഒരു ദേശം
സ്വപ്നത്തിന്റെ റിപ്പബ്ലിക്കിൽ
രൂപം കൊള്ളുന്നുണ്ട്
മിസ്ഡ് കോളുകളുടെ
ശ്മശാനത്തിൽ
നാം രണ്ടെല്ലിൻ കഷണങ്ങൾ
അകലത്തിന്റെ കയത്തിൽ
നഷ്ടപ്പെട്ട ജീവനു വേണ്ടി
തപ്പുന്ന ചിതാഭസ്മ ബിന്ദുക്കൾ
വിരൽത്തുമ്പു കൊണ്ടല്ല
വിളിക്കേണ്ടതെന്ന്
പഠിപ്പിച്ചതൊക്കെയും മറന്ന് മറന്ന്
കടന്നു പോകുന്ന
ഏതോ ഒരു തളളിൽ
ഇപ്പോൾ റിംഗ് ചെയ്തതും നാമറിഞ്ഞില്ല
അവസാനത്തെ കോൾ
വന്ന ദിവസത്തിന്റെ
ഒരു ബിന്ദുവിൽ
പുതിയ കാലം തുടങ്ങുന്നു
ബിസിയും
എഡിയും പോലെ.
നീ ഈജിപ്തിലെ മമ്മിയായും
ഞാൻ ഇന്ത്യയിലെ
പട്ടേൽ പ്രതിമയായും
പരിണമിക്കുന്നു
ഞാൻ വിളിക്കുമ്പോൾ
നീ അറിയാതെയും
നീ വിളിക്കുമ്പോൾ
ഞാനറിയാതെയും
താരകളുദിക്കുന്നു
തിരകളിളകുന്നു
- മുനീർ അഗ്രഗാമി

No comments:

Post a Comment