നാക്കില്ലാരാജ്യത്ത്

നാക്കില്ലാരാജ്യത്ത്
................................
നാക്കെവിടെ നാക്കെവിടെ
വാക്കിനൂക്കു പകർന്ന
തീക്കനൽ പോലുള്ള
നാക്കെവിടെ?
നാക്കെവിടെ നാക്കെവിടെ?
തോക്കിൻ കുഴലുകൾ
ചുറ്റിലും നോക്കിനിൽക്കെ
വാക്കടച്ചും വായടച്ചും
പേടിച്ചൊളിച്ചു പോയോ?
തന്നിലടിക്കടി കനക്കു മിരുട്ടിൽ,
തീക്കനൽ കെട്ടു കരിഞ്ഞു പോയോ?
നക്കിനുണഞ്ഞതിൻ
രുചിയിൽ മയങ്ങി
മരവിച്ചു നിശ്ചലം നിന്നുപോയോ ?
തോൽക്കുവാനുറച്ച കത്തിരുന്നു
ദന്തഗോപുരത്തിൽ വാതിൽ
കൊട്ടിയടച്ചുവോ ?
നാക്കെവിടെ
നാക്കെവിടെ?
നാട്ടിലെ കൊള്ളകൾക്കെതിരെ
ചലിച്ചവ
വീട്ടിലെ കോളുകൾ ക്കൊത്തു കളിച്ചവ
അക്രമത്തിന്നു മനീതിക്കുമെതിരെ
യുറുമിയായ്
പട പൊരുതി നിന്നവ
ഹർഷോന്മാദങ്ങളിൽ
താളലയങ്ങളിൽ
മുങ്ങിക്കളിച്ചവ
നാക്കെവിടെ
നാക്കെവിടെ?
മണ്ണേ മനുഷ്യാ
എന്നു റക്കെക്കരഞ്ഞ്
നെറികേടിനെതിരെ
എഴുന്നേറ്റു നിന്നവ
സ്വാതന്ത്ര്യത്തിന്നായ്
ഗീതകം ചൊല്ലി
തലമുറകൾ താണ്ടിയവ
മുദ്രാവാക്യങ്ങളിൽ
മുഴുകിയുണർന്നവ
നാക്കെ വിടെ
നാക്കെവിടെ ?
നാക്കില്ലാരാജ്യക്കാർ
ഞങ്ങൾ
തേടി നടക്കുന്നു
നാലു ദിക്കിലും
നാക്കുകളൊക്കെയും
കാണാതെ പോയ്
പിന്നെയെന്നോ
കുട്ടികളികളിൽ നിന്നും
വഴിതെറ്റിപ്പോയൊരു
പെൺകുട്ടി കണ്ടുപോൽ
നാക്കുകളൊക്കെയും
ഭരണ താരങ്ങളുടെ
പാദുകം നക്കി കഴിയുന്നു പോൽ
മിണ്ടുവാനവൾക്കും
വാക്കില്ല നാക്കില്ല
നനഞ്ഞു കുതിർന്ന
തീക്കനലിന്നോർമ്മ മാത്രം

                                             മുനീർ അഗ്രഗാമി 

No comments:

Post a Comment